ഉസ്‌മാനുബ്‌നു അഫ്‌ഫാന്‍ (റ)

  ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശക്കാരനായ ഉസ്‌മാന്‍ (റ) ജനിച്ചത്‌, നബി(സ്വ) ജനിച്ച്‌ അഞ്ചുവര്‍ഷം കഴിഞ്ഞാണ.്‌ അബ്‌ദുല്‍ മുത്തലിബിന്റെ പൗത്രി അര്‍വയാണ്‌ മാതാവ്‌. അബൂബക്‌ര്‍ (റ) വിന്റെ പ്രബോധനത്താലാണ്‌ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്‌. സ്വന്തം കുടുംബക്കാരും നാട്ടുകാരും, ഇസ്‌ലാം സ്വീകരിച്ചതിനാല്‍ അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ചു. നബി(സ്വ)യുടെ പുത്രി റുഖിയ്യ (റ)യെ അദ്ദേഹം വിവാഹം ചെയ്‌തു. അവരൊന്നിച്ച്‌ എത്യോപ്യയിലേക്ക്‌ ഹിജ്‌റ പോയി. ബദര്‍ യുദ്ധകാലത്ത്‌ റുഖിയ്യ (റ) മരിച്ചപ്പോള്‍ നബി(സ്വ)ന്റെ ഇളയപുത്രി ഉമ്മു കുല്‍സുമിനെ വിവാഹം ചെയ്‌തു. നബി(സ്വ)യുടെ രണ്ടു പുത്രിമാരെ വിവാഹം ചെയ്‌തതിനാല്‍ ``ദുന്നൂറൈന്‍'' എന്ന പേര്‍ സിദ്ധിച്ചു.
ബദര്‍ യുദ്ധമൊഴികെ മറ്റെല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഹുദൈബിയ്യാ സന്ധിയില്‍ ഖുറൈശികളുമായി സംഭാഷണം നടത്താന്‍ മധ്യസ്ഥനായി മക്കയിലേക്ക്‌ നിയോഗിച്ചത്‌ ഉസ്‌മാന്‍ (റ) വിനെയാണ്‌. സമ്പന്നനായിരുന്ന അദ്ദേഹം നബി
(സ്വ)യുടെ കാലത്ത്‌ മുസ്‌ലിംകളുടെ വിഷമതകള്‍ കുറക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്‌.
`റൂമാ'യെന്ന്‌ പേരുള്ള ഒരു കിണറുണ്ടായിരുന്നു മീദനയില്‍. ധാരാളം ശുദ്ധജലമുള്ള കിണറായിരുന്നു അത്‌. അതിന്റെ ഉടമയായ ജൂതന്‍ അതില്‍ നിന്ന്‌ മുസ്‌ലിംകള്‍ വെള്ളമെടുക്കുന്നത്‌ വിലക്കി. നബി
(സ്വ) പറഞ്ഞു: ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്ക്‌ കുടിക്കാന്‍ സൗകര്യം ചെയ്യുന്നവന്‌ അല്ലാഹു സ്വര്‍ഗ്ഗം നല്‍കും.'' ഒട്ടും താമസിയാതെ ഉസ്‌മാന്‍ (റ) ആ കിണര്‍ വാങ്ങി മുസ്‌ലിംകളുടെ പൊതു ആവശ്യത്തിന്‌ ദാനം ചെയ്‌തു.
ഹിജ്‌റ: ഒമ്പതാം വര്‍ഷത്തിലുണ്ടായ തബൂക്ക്‌ യുദ്ധം ക്ഷാമവും വരള്‍ച്ചയുമുള്ള അവസരത്തിലായിരുന്നു. സാമ്പത്തിക വിഷമം മൂലം സൈനികനീക്കത്തിനു നബി
(സ്വ) വളരെ വിഷമിച്ചു. ഈ ഘട്ടത്തില്‍ ഉസ്‌മാന്‍ (റ) വമ്പിച്ച ധനം യുദ്ധഫണ്ടിലേക്ക്‌ ദാനം ചെയ്‌തു.
ഉമര്‍ (റ) വിന്റെ ഖിലാഫത്ത്‌ കാലത്ത്‌ മദീനയില്‍ ഭക്ഷണക്ഷാമമുണ്ടായി. ആ അവസരത്തില്‍ ആയിരം ഒട്ടകങ്ങളുമായി ഒരു വലിയ വ്യാപാരസംഘം മദീനയിലെത്തി. അത്‌ ഉസ്‌മാന്‍ (റ)വിന്റെ കച്ചവട വസ്‌തുക്കളായിരുന്നു. ജനങ്ങള്‍ ഗോതമ്പിനു വിലപറഞ്ഞു. ലാഭം ഒരു ദിര്‍ഹം തരാം, രണ്ടു ദിര്‍ഹം, മൂന്ന്‌ ദിര്‍ഹം, നാലുദിര്‍ഹം തരാം. അദ്ദേഹം കൂടുതല്‍ വില ആവശ്യപ്പെട്ടു. ജനം മാറി നിന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹു എനിക്ക്‌ പത്തു ദിര്‍ഹം ലാഭം തരാമെന്ന്‌ പറഞ്ഞിരിക്കുന്നു. കൂടുതല്‍ തരാനാരെങ്കിലുമുണ്ടോ? ജനം നിശബ്‌ദരായി. അദ്ദേഹം ആ വസ്‌തുക്കള്‍ മുഴുവന്‍ മദീനയിലെ സാധുക്കള്‍ക്ക്‌ വിതരണം ചെയ്‌തു.
അബൂബക്‌ര്‍ (റ) വിന്റെയും ഉമര്‍ (റ)വിന്റെയും ഖിലാഫത്ത്‌ കാലത്ത്‌ ഭരണകാര്യങ്ങളില്‍ രണ്ടുപേരും ഉസ്‌മാന്‍ (റ) വിനോട്‌ കൂടിയാലോചന നടത്താറുണ്ടായിരുന്നു.
മൂന്നാം ഖലീഫ:
ഉമര്‍ (റ)മുറിവേറ്റ്‌ രോഗശയ്യയില്‍ കിടക്കുമ്പോള്‍ അടുത്ത ഖലീഫ ആരായിരിക്കണമെന്ന്‌ പ്രമുഖ സ്വഹാബിമാര്‍ അദ്ദേഹവുമായി ആലോചിച്ചു. അദ്ദേഹം യോഗ്യരായ ആറുപേരുടെ ഒരു സമിതി രൂപികരിച്ചുകൊണ്ട്‌ പറഞ്ഞു: ``ഇവരില്‍നിന്ന്‌ ഒരാളെ തിരഞ്ഞെടുക്കുക. ഇവരെ തൃപ്‌തിപ്പെട്ടുകൊണ്ടാണ്‌ അല്ലാഹുവിന്റെ റസൂല്‍ വഫാത്തായത്‌. ഉസ്‌മാന്‍, അലി, അബ്‌ദുര്‍റഹ്മാനുബ്‌നു ഔഫ്‌, ത്വല്‍ഹത്ത്‌, സുബൈര്‍, സഅ്‌ദുബ്‌നു അബീവഖാസ്വ്‌ എന്നിവരായിരുന്നു അവര്‍. ഈ സമിതി ഉമര്‍ (റ) വിന്റെ മരണശേഷം യോഗം ചേര്‍ന്ന്‌, ചര്‍ച്ചകള്‍ക്കുശേഷം ഉസ്‌മാന്‍ (റ) വിനെ ഖലീഫയായി തെരഞ്ഞെടുത്തു.
ഭരണനേട്ടങ്ങള്‍
ഇസ്‌ലാമിക സാമ്രാജ്യത്തിന്‌ വളരെയേറെ വികാസം ഉസ്‌മാന്‍ (റ)വിന്റെ ഭരണകാലത്തുണ്ടായി. പേര്‍സ്യന്‍ ചക്രവര്‍ത്തിയോട്‌ പടവെട്ടി രാജ്യങ്ങള്‍ ഓരോന്നോരോന്നായി പിടിച്ചടക്കി. മര്‍വ്‌ പ്രദേശത്തുവെച്ചുണ്ടായ ശക്തമായ പോരാട്ടത്തില്‍ പേര്‍സ്യന്‍ ചക്രവര്‍ത്തി യസ്‌ദജര്‍ദിന്റെ വധത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യം തകരുകയും ആ നാടുകളില്‍ ഇസ്‌ലാമിന്റെ പതാക പറക്കുകയും ചെയ്‌തു.
ഉമര്‍ (റ) വിന്റെ ഖിലാഫത്ത്‌ കാലത്ത്‌ അംറുബ്‌നുല്‍ ആസ്വ്‌ (റ) ഈജിപ്‌തില്‍ ഇസ്‌ലാം പ്രബോധനം ചെയ്‌തതും ആ പ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ അധീനത്തില്‍ വന്നതും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. ഉസ്‌മാന്‍ (റ) വിന്റെ ഖിലാഫത്ത്‌ കാലത്ത്‌ ദക്ഷിണഈജിപ്‌തിലെ നൗബ: പ്രദേശവും ഇസ്‌ലാമിന്നധീനമായി. സൈന്യം വീണ്ടും പടിഞ്ഞാറുഭാഗത്തേക്കു നീങ്ങുകയും തുനീഷ്യവരെ ഇസ്‌ലാം വ്യാപിക്കുകയും ചെയ്‌തു. അബ്‌ദുല്ലാഹിബ്‌നു അബിസ്സര്‍ഹായിരുന്നു അവിടെ ഗവര്‍ണ്ണറായി നിയുക്തനായത്‌.
സൈപ്രസ്‌, റോഡസ്‌ എന്നിവിടങ്ങളിലേക്ക്‌ നാവികസേനയെ അയച്ചുവെന്നതാണ്‌ ഉസ്‌മാന്‍ (റ) വിന്റെ ഖിലാഫത്തുകാലത്തെ മറ്റൊരു പ്രധാന സംഭവം. ആ ദ്വീപുകളില്‍ യുദ്ധം നടത്തുകയും അവ ഇസ്ലാമിന്നധീനമാവുകയും ചെയ്‌തു. പ്രഗത്ഭ സ്വഹാബിയായ ഉബാദത്തുബ്‌നുസ്വാമിത്‌ (റ) വും അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുഹറാമും ആ നാവികസേനയിലുണ്ടായിരുന്നു. ഇപ്രകാരം അവര്‍ നാവികയാത്ര നടത്തുമെന്ന്‌ നബി
(സ്വ) നേരത്തെ പ്രവചിച്ചിട്ടുണ്ടായിരുന്നു. അബ്‌ദുല്ലാഹിബ്‌നു സഅ്‌ദ്‌ (റ) വിന്റെ നേതൃത്വത്തിലുള്ള നാവികസൈന്യം ത്വറാബല്‍സ്‌ മുതല്‍ ത്വന്‍ജ വരെയുള്ള ഉത്തരാഫ്രിക്കന്‍ തീരപ്രദേശങ്ങള്‍ ജയിച്ചടക്കുകയും അവിടങ്ങളിലെ റോമന്‍ തുറമുഖത്താവളങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു.
മുആവിയ(റ) വിന്റെയും അബ്‌ദുല്ലാഹിബ്‌നു അബിസ്സര്‍ഹിന്റെയും നേതൃത്തിലുള്ള ഒരു ചെറിയ കപ്പല്‍പ്പടയോട്‌ നാലിരട്ടി വരുന്ന റോമന്‍ കപ്പല്‍പട അലക്‌സാണ്ട്രിയാ തുറമുഖത്തിന്നടുത്തുവെച്ച്‌ ഒരു വലിയ യുദ്ധം നടത്തി. `ദാത്തുസ്സവാരി'യെന്ന പേരിലറിയപ്പെടുന്ന ഈ യുദ്ധം ഹി: 34ലാണുണ്ടായത്‌. യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചതോടെ മദ്ധ്യധരണ്യാഴിയിലെ സൈനിക നേതൃത്വം മുസ്‌ലിംകള്‍ക്കായി.
ക്വുര്‍ആന്‍ ക്രോഡീകരണം
ഇസ്‌ലാം പ്രചരിച്ചപ്പോള്‍ ധാരാളം അനറബികള്‍ ഇസ്‌ലാമിലേക്ക്‌ വന്നു. ക്വുര്‍ആന്‍ ഓതുമ്പോള്‍ ധാരാളം അക്ഷരത്തെറ്റിനു പുറമെ ഉച്ചാരണത്തിലും പ്രയോഗങ്ങളിലും വൈകല്യവും അവര്‍ വരുത്തി. ഈ അവസരത്തില്‍ എല്ലാവര്‍ക്കും അവലംബിക്കാവുന്ന വിധം, അബൂബക്‌ര്‍ (റ)വിന്റെ കാലത്ത്‌ ക്രോഡീകരിച്ച മുസ്വ്‌ഹഫിന്റെ ഏഴുകോപ്പികള്‍ എടുത്ത്‌ പ്രധാന നഗരങ്ങളിലേക്ക്‌ അയച്ചുകൊടുത്തു.
ദയ, ഔദാര്യം, വിട്ടുവീഴ്‌ച, വിശാല മനസ്‌കത, സമാധാന തല്‍പരത, ലജ്ജ എന്നിവ ഉസ്‌മാന്‍ (റ) വിന്റെ സ്വഭാവവിശേഷതകളാണ്‌.
ഉസ്‌മാന്‍ (റ)വിന്റെ അന്ത്യം
ഉസ്‌മാന്‍(റ) വിന്റെ ഭരണകാലം പകുതിപിന്നിട്ടപ്പോഴേക്കും രാജ്യത്ത്‌ ആഭ്യന്തരകുഴപ്പങ്ങളുണ്ടായി. സാമ്രാജ്യത്തിന്റെ വലിപ്പം കൂടിയപ്പോള്‍ മദീനയില്‍ നിന്ന്‌ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. അതോടൊപ്പം അദ്ദേഹത്തിന്റെ സമാധാനതല്‍പരതയും ശാന്തപ്രകൃതിയും ചില ഗവര്‍ണര്‍മാര്‍ ചൂഷണം ചെയ്‌തു. ഗവര്‍ണര്‍മാരും ഉദ്യോഗസ്ഥന്മാരും ഉസ്‌മാന്‍ (റ) വിന്റെ ബന്ധുക്കളും കുടുംബക്കാരുമാണെന്ന ആരോപണമുണ്ടായി. കൂഫ, ബസ്വറ, ഈജിപ്‌ത്‌ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും കുഴപ്പം തുടങ്ങിയത്‌. അബ്‌ദുല്ലാഹിബ്‌നു സബഅ്‌ എന്ന ജൂതനായിരുന്നു കുഴപ്പത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. മുസ്‌ലിംകള്‍ക്കിടയില്‍ അവന്‍ ദുഷിച്ച ചിന്താഗതികള്‍ പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഖലീഫയാകേണ്ടത്‌ അലി (റ) വാണെന്നും ഉസ്‌മാന്‍ (റ), അലി (റ)യുടെ ആ പദവി തട്ടിയെടുത്തതാണെന്നും അവന്‍ പ്രചരിപ്പിച്ചു.
കുഴപ്പക്കാര്‍ ഉസ്‌മാന്‍ (റ)വിനെ ഭരണത്തില്‍ നിന്ന്‌ താഴെയിറക്കാന്‍ മദീനയില്‍ എത്തി. തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം ഒഴിയുകയില്ലെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. അവര്‍ അദ്ദേഹത്തിന്റെ വീടുവളഞ്ഞു. നാല്‍പ്പതു ദിവസത്തോളം ഈ ഉപരോധം തുടര്‍ന്നു. വെള്ളം പോലും മുടക്കി. ഹജ്ജിന്‌ മക്കയിലേക്ക്‌ പോകാനും അനുവദിച്ചില്ല. ഹിജ്‌റ: 35ല്‍ ദുല്‍ഹിജ്ജ 18ന്‌ അവര്‍ വീട്ടിലേക്ക്‌ തള്ളിക്കയറി ദാരുണമാം വിധം അദ്ദേഹത്തെ വധിച്ചു. അന്ന്‌ അദ്ദേഹത്തിന്‌ 82 വയസ്സ്‌ പ്രായമുണ്ടായിരുന്നു. മദീനയിലെ ബഖീഅ്‌ ഖബര്‍സ്ഥാനില്‍ ജനാസ മറമാടി.

1 comment: