സഈദ്‌ബ്‌നു സൈദ്‌ (റ)

നബി(സ്വ)യുടെ നുബുവ്വത്തിന്റെ അല്‍പകാലം മുമ്പ്‌ ഏകദൈവ വിശ്വാസികളായ ഏതാനും പേര്‍ മക്കയിലും പരിസര പ്രദേശങ്ങളിലും ജീവിച്ചിരുന്നു. അവരില്‍ പ്രധാനിയായ ഒരാളായിരുന്നു സൈദുബ്‌നു അംറ്‌. വിഗ്രഹാരാധനയെ എതിര്‍ത്തുകൊണ്ട്‌, ഇബ്‌റാഹീമിന്റെയും ഇസ്‌മാഈലിന്റെയും നാഥനായ ഏക ഇലാഹിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. വിഗ്രഹങ്ങളെ നിഷേധിച്ചുകൊണ്ട്‌ അദ്ദേഹം കവിതകള്‍ ചൊല്ലി; മദ്യപാനവും വ്യഭിചാരവും ഒഴിവാക്കി മാന്യനായി ജീവിച്ചു. അദ്ദേഹത്തെ പുകഴ്‌ത്തിക്കൊണ്ട്‌ നബി(സ്വ) പറഞ്ഞു: ``ഏക സമുദായമായി പരലോകത്ത്‌ അദ്ദേഹം ഹാജരാക്കപ്പെടും.' ഈ മഹാനായ വ്യക്തിയുടെ പുത്രനാണ്‌ സ്വര്‍ഗ്ഗം ലഭിക്കുമെന്ന്‌ സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട സഈദ്‌ബ്‌നു സൈദ്‌ (റ). ഹിജ്‌റ:യുടെ 22 വര്‍ഷം മുമ്പായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇസ്‌ലാമിലേക്ക്‌ അതിന്റെ ആരംഭദശയില്‍ തന്നെ അദ്ദേഹം കടന്നു വന്നു.
ഉമര്‍ (റ) വിന്റെ സഹോദരി ഫാത്വിമയെ അദ്ദേഹം വിവാഹം ചെയ്‌തു. അവര്‍ രണ്ടുപേരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കേട്ടുകൊണ്ട്‌ ഉമര്‍ (റ) അവരുടെ വീട്ടിലെത്തി. അത്‌കേട്ട്‌ മാനസാന്തരപ്പെട്ട്‌ ഇസ്‌ലാം സ്വീകരിച്ചതും നിങ്ങള്‍ക്കറിയാം. സഈദിന്റെ സഹോദരി ആതിക്ക (റ) യെ ഉമര്‍ (റ)വും വിവാഹം ചെയ്‌തിരുന്നു. 
മദീനയിലേക്ക്‌ സഈദ്‌ (റ) ഹിജ്‌റ: പോയി. ബദര്‍യുദ്ധത്തിന്റെ പത്തുദിവസം മുമ്പ്‌ ഖുറൈശി കച്ചവടക്കാരുടെ സഞ്ചാരഗതി അറിയുവാന്‍ നബി(സ്വ) സഈദ്‌ (റ) വിനെയും ത്വല്‍ഹത്ത്‌ (റ) വിനെയും അയച്ചിരുന്നു. വിവരവുമായി അവര്‍ രണ്ടുപേരും മദീനയിലെത്തിയപ്പോഴാണ്‌ നബി (സ്വ) ബദറിലേക്ക്‌ പുറപ്പെട്ട വാര്‍ത്തയറിഞ്ഞത്‌. ഉടന്‍ അവര്‍ ബദറിലേക്കു പുറപ്പെട്ടു. പക്ഷേ, യുദ്ധം കഴിഞ്ഞ്‌ നബി(സ്വ)യും സൈന്യവും മടങ്ങിവരുന്നതാണ്‌ അവര്‍ കണ്ടത്‌. അതിനാല്‍ അവരും യുദ്ധത്തില്‍ പങ്കെടുത്തതായി പരിഗണിക്കുകയും ഗനീമത്തില്‍ നിന്ന്‌ പങ്ക്‌ നല്‍കുകയും ചെയ്‌തു. 
നബി(സ്വ)യോടൊപ്പം മറ്റു യുദ്ധങ്ങളിലൊക്കെ അദ്ദേഹം പങ്കെടുത്തു. നബി(സ്വ)ക്കു ശേഷം യര്‍മൂക്ക്‌ യുദ്ധത്തിലും ദിമിശ്‌ഖ്‌ യുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. 
സദാസമയവും പരലോക ചിന്തയിലും ആരാധനയിലും അദ്ദേഹം മുഴുകി. ഭൗതിക സുഖത്തില്‍ വിരക്തനായി ജീവിച്ചു. അബൂ ഉബൈദ: (റ) അദ്ദേഹത്തെ സിറിയായിലെ ഒരു ഭാഗത്തെ അധികാരം ഏല്‍പിച്ചുകൊടുക്കുകയുണ്ടായി. ജിഹാദിനുള്ള അവസരം അതുമൂലം നഷ്‌ടപ്പെടുമെന്നോര്‍ത്ത്‌ ആ പദവിയില്‍ നിന്ന്‌ തന്നെ മാറ്റണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അബൂ ഉബൈദ (റ) അതംഗീകരിക്കുകയും ചെയ്‌തു. 
ഹി: 51-ാം വര്‍ഷത്തില്‍ മദീനക്കു സമീപമുള്ള അഖീഖ്‌ എന്ന സ്ഥലത്തുവെച്ച്‌ 70-ാ മത്തെ വയസ്സില്‍ അദ്ദേഹം കാലഗതി പ്രാപിച്ചു.

No comments:

Post a Comment