ആഇശ (റ)

അബൂബക്‌ര്‍ (റ) വിന്റെ മകളാണ്‌ ആഇശ (റ) എന്ന്‌ നിങ്ങള്‍ക്കറിയാമല്ലോ. കിനാനഗോത്രക്കാരിയായ ഉമ്മു റുമാനാണ്‌ അവരുടെ മാതാവ്‌. ഖദീജ (റ)യുടെ വഫാത്തിനുശേഷം അല്ലാഹുവിന്റെ കല്‍പ്പന പ്രകാരമാണ്‌ ആഇശ (റ)യെ നബി(സ്വ) വിവാഹം ചെയ്‌തത്‌. ഹിജ്‌റ:യുടെ ഏതാണ്ട്‌ മൂന്ന്‌ വര്‍ഷം മുമ്പായിരുന്നു ആ വിവാഹം നടന്നത്‌. അന്ന്‌ അവര്‍ക്ക്‌ 6 വയസ്സായിരുന്നു പ്രായം. ഭര്‍ത്താവിന്റെ വീട്ടിലേക്ക്‌ കൊണ്ടുപോയത്‌ 9 വയസ്സായപ്പോഴാണ്‌. കളിക്കോപ്പുകളുമായാണ്‌ നബി(സ്വ)യുടെ വീട്ടില്‍ അവര്‍ വന്നുകയറിയത്‌. വിവാഹാഘോഷം വളരെ ലളിതമായിരുന്നു. നബി(സ്വ)യുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെ സംബന്ധിച്ചും സമുദായത്തിന്‌ അറിവ്‌ ലഭിക്കേണ്ടതുണ്ട്‌. നബി(സ്വ)യുടെ പ്രവൃത്തികളും വാക്കുകളുമെല്ലാം നമുക്ക്‌ മാതൃകയാണ്‌. ഗൃഹകാര്യങ്ങളിലും ഭാര്യാഭര്‍തൃ ജീവിതത്തിലും നബി(സ്വ) എങ്ങിനെയാണ്‌ വര്‍ത്തിച്ചിരുന്നതെന്ന്‌ നബി(സ്വ)യുടെ വീട്ടുകാരെപ്പോലെ മറ്റാര്‍ക്കും അറിയുകയില്ലല്ലോ. ഇത്തരം കാര്യങ്ങളെല്ലാം നമുക്ക്‌ അറിയാന്‍ സാധിക്കുന്നത്‌ ആഇശ (റ) മുഖേനയാണ്‌. ധാരാളം ഹദീസുകള്‍ അവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 
മതപരമായ എല്ലാ വിഷയങ്ങളിലും അവര്‍ക്ക്‌ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സ്വഹാബിമാര്‍ പോലും അവരില്‍ നിന്ന്‌ സംശയനിവൃത്തി വരുത്തിയിരുന്നു. സ്‌ത്രീകള്‍ ചോദിച്ചറിയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ അവര്‍ നബി(സ്വ)യോട്‌ ചോദിച്ച്‌ മനസ്സിലാക്കി പറഞ്ഞുകൊടുത്തിരുന്നു. വാചാലത, പ്രസംഗ വൈഭവം, ധൈര്യം, ദാനശീലം, അന്വേഷണ തല്‍പ്പരത, അഭിപ്രായ സ്‌ഥൈര്യം മുതലായ ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. വൈദ്യവും അവര്‍ക്കറിയാമായിരുന്നു. 
നബി(സ്വ)യുടെ ഭാര്യമാരില്‍ പ്രായം കുറഞ്ഞ ആഇശ (റ)യോട്‌ നബി(സ്വ)ക്ക്‌ അളവറ്റ സ്‌നേഹമുണ്ടായിരുന്നു. തോഴിമാരുമൊത്ത്‌ അവര്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൗതുകപൂര്‍വ്വം നബി(സ്വ) നോക്കിക്കൊണ്ടിരിക്കും. ഒരു പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ വെച്ച്‌ അബ്‌സീനിയക്കാര്‍ കുന്തപ്പയറ്റ്‌ നടത്തുന്നത്‌ നബി(സ്വ) അവരെ വാതില്‍ക്കല്‍ വരുത്തി കാണിച്ചുകൊടുത്തു. മതിഎന്ന്‌ പറയുവോളം നബി(സ്വ) അവര്‍ക്ക്‌ മറയായി നിന്നുകൊടുത്തു. നബി(സ്വ) അവരോട്‌ തമാശ പറയുകയും ചിലപ്പോള്‍ അവര്‍ തമ്മില്‍ മത്സരിച്ചോടുകയും ഉണ്ടായിട്ടുണ്ട്‌. നബി(സ്വ) അവരോട്‌ കാണിച്ച സ്‌നേഹം നിമിത്തം ജനങ്ങളും അവരെ സ്‌നേഹിച്ചു.
നബി(സ്വ)യോടൊപ്പം ചില യുദ്ധയാത്രകളിലും അവര്‍ കൂടെ പോവുകയുണ്ടായിട്ടുണ്ട്‌. അവരുടെ ഒരു മാല നഷ്‌ടപ്പെട്ട്‌ അത്‌ കണ്ട്‌ പിടിക്കാന്‍ സമയം വൈകുകയും നമസ്‌ക്കാരത്തിന്‌ വുളൂ എടുക്കാന്‍ വെള്ളം ലഭിക്കാതെ സമയം തെറ്റാനാവുകയും ചെയ്‌തപ്പോഴാണ്‌ തയമ്മും ചെയ്യാന്‍ അനുവദിച്ചുകൊണ്ട്‌ ആയത്തിറങ്ങിയത്‌. വ്യഭിചാരാരോപണം നടത്തിയാല്‍ 80 അടി അടിക്കണമെന്ന ആയത്തിറങ്ങിയതും ആഇശ(റ) യുമായിബന്ധപ്പട്ട ഒരു സംഭവത്തിലാണ്‌. അവരുടെ മടിയില്‍ തലവെച്ചുകൊണ്ടാണ്‌ നബി(സ്വ) വഫാത്തായത്‌. നബി(സ്വ) വഫാത്താകുമ്പോള്‍ 18 വയസ്സേ അവര്‍ക്ക്‌ പ്രായമുണ്ടായിരുന്നുള്ളൂ.
നബി(സ്വ)യുടെ വഫാത്തിനുശേഷം ദീര്‍ഘകാലം ഇസ്‌ലാം മതം ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചും, ആരാധനയില്‍ മുഴുകിയും അവര്‍ ജീവിച്ചു. ലളിതജീവിതം നയിച്ചു. അവര്‍ക്ക്‌ സന്താനങ്ങളുണ്ടായിട്ടില്ല. ഹി: 58 റമദാനില്‍ അവര്‍ മരണപ്പെട്ടപ്പോള്‍ 66 വയസ്സ്‌ പ്രായമുണ്ടായിരുന്നു.

No comments:

Post a Comment