ത്വല്‍ഹത്ത്‌ബ്‌നു ഉബൈദില്ല (റ)

ഖുറൈശ്‌ ഗോത്രത്തിലെ തയിമ്‌ വംശത്തിലാണ്‌ ത്വല്‍ഹത്ത്‌ (റ) പിറന്നത്‌. പ്രമുഖ സ്വഹാബിയായ അലാഉല്‍ഹളറമിയുടെ സഹോദരി സുഅബഃയാണ്‌ അദ്ദേഹത്തിന്റെ മാതാവ്‌. ഇസ്‌ലാം സ്വീകരിച്ചതിനാല്‍ മക്കയില്‍ വെച്ച്‌ കഠിനമര്‍ദ്ദനത്തിനദ്ദേഹം വിധേയനായി. മദീനയിലേക്ക്‌ അദ്ദേഹം മുഹാജിറായി വന്നപ്പോള്‍, അബൂഅയ്യൂബില്‍ അന്‍സ്വാരിയെയാണ്‌ നബി(സ)അദ്ദേഹത്തിന്റെ സഹോദരനായി നിശ്ചയിച്ചത്‌. ബദര്‍ ഒഴികെ മറ്റെല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. ഉഹ്‌ദ്‌ യുദ്ധത്തില്‍ വളരെ പരീക്ഷണങ്ങള്‍ക്ക്‌ വിധേയനായി. നബി(സ)യുടെ തിരുമുഖത്തുനിന്ന്‌ രക്തം ഒലിക്കുന്നത്‌ അകലെ നിന്ന്‌ കണ്ട്‌ അതിവേഗം നബി(സ)യുടെ അടുത്തേക്കോടി. നബി(സ)യെ വലയം ചെയ്‌ത ശത്രുനിരക്കുനേരെ അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള വാള്‍ ഇടത്തോട്ടും വലത്തോട്ടും വീശി ശത്രുക്കളെ ആട്ടിയോടിച്ചു. ഇടതു കൈകൊണ്ട്‌ നബി(സ)യെ മാറോടണച്ചു പിടിച്ചു. വലതുകൈകൊണ്ട്‌ നബി(സ)യുടെ നേര്‍ക്കുവരുന്ന ശത്രുക്കളെ തുരത്തിക്കൊണ്ടിരുന്നു. എഴുപതോളം കുത്തുംവെട്ടും അന്ന്‌ അദ്ദേഹത്തിനേല്‍ക്കുകയുണ്ടായി. വളരെ കൂടുതല്‍ ധര്‍മ്മം ചെയ്‌തിരുന്നു. അതിനാല്‍ `ത്വല്‍ഹത്തുല്‍ ഖൈര്‍' `ത്വല്‍ഹത്തുല്‍ഫയ്യാള്‌' എന്നൊക്കെ അദ്ദേഹത്തെ നബി(സ) വിളിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുഅ്‌ദാബിന്‍തുഔഫ്‌ പറയുകയാണ്‌. ``ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വിഷാദിച്ചിരിക്കുന്നത്‌ ഞാന്‍ കണ്ടു. അങ്ങേയ്‌ക്ക്‌ എന്തുപറ്റി? ഞാന്‍ ചോദിച്ചു. കൈയ്യിലിരിക്കുന്ന ധനം എന്നെ വിഷമിപ്പിക്കുന്നു; അദ്ദേഹം പറഞ്ഞു. എങ്കില്‍ അതു ധര്‍മ്മം ചെയ്‌തു കൂടേ? ഞാന്‍ ചോദിച്ചു. അദ്ദേഹം അങ്ങനെതന്നെ ചെയ്‌തു.''
മറ്റൊരിക്കല്‍ ഭൂമി വിറ്റുകിട്ടിയ ധനം വീട്ടില്‍ വെക്കാന്‍ അദ്ദേഹത്തിനു മനസ്സുവന്നില്ല. അതുമായി മദീനയിലെ റോഡിലിറങ്ങി. ഓരോ വീട്ടുകാര്‍ക്കും അതു ഭാഗിച്ചുകൊടുത്തു. പാതിരവരെ ഈ വിതരണം തുടര്‍ന്നു.
അബൂബക്‌ര്‍, ഉമര്‍, ഉസ്‌മാന്‍ (റ) എന്നിവരുടെ ഖിലാഫത്ത്‌ കാലത്ത്‌ ഭരണകാര്യങ്ങളില്‍ അവര്‍ക്ക്‌ സഹായവും ഉപദേശവും നല്‍കിയിരുന്നു. ഉസ്‌മാന്‍ (റ) വിന്റെ ദാരുണമായ അന്ത്യം ത്വല്‍ഹത്ത്‌ (റ) വിനെ വല്ലാതെ വേദനിപ്പിച്ചു. ഈ ദുഷ്‌ടകൃത്യത്തിന്‌ പ്രതികാരമെടുക്കണമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. ആഇശ (റ) യോടൊപ്പം ബസ്വറയിലേക്ക്‌ പോയി. എന്നാല്‍ അലി (റ) കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം യുദ്ധത്തില്‍ നിന്ന്‌ പിന്മാറി. പക്ഷേ, കലാപക്കാരില്‍ നിന്നൊരാള്‍ മഹാനായ ആ സ്വഹാബിയുടെ നേരെ അമ്പെയ്‌തു. ആ അമ്പ്‌ അദ്ദേഹത്തിന്റെ കാലില്‍ തറച്ച്‌ കുതിരയുടെ ഊരയുമായി കോര്‍ത്തു. വേദനയാല്‍ കുതിര അദ്ദേഹത്തെ വലിച്ചുകൊണ്ട്‌ ഓടി. ഇങ്ങനെ അദ്ദേഹം മരണപ്പെട്ടു. ഹിജ്‌റ 36 ലാണ്‌ ജമല്‍ യുദ്ധമുണ്ടായതെന്ന്‌ നിങ്ങള്‍ പഠിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ മയ്യിത്ത്‌ അലി (റ) ഖബറടക്കി. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. നിലക്കാത്ത കണ്ണീരോടെ അദ്ദേഹം പറഞ്ഞു: ``സുബൈറും, ത്വല്‍ഹത്തും സ്വര്‍ഗ്ഗത്തില്‍ എന്റെ അയല്‍ക്കാരാണെന്ന്‌ അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞത്‌ എന്റെ ഈ രണ്ടു ചെവികൊണ്ട്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.''

No comments:

Post a Comment