അബൂബക്‌റിബ്‌നു അബീ ഖുഹാഫ: (റ)

ഭരണകാലം: ഹി: 11-13
ഖുറൈശ്‌ ഗോത്രത്തിലെ ബനൂതയിമ്‌ വംശത്തില്‍ ആനക്കലഹം മൂന്നാം വര്‍ഷം അബൂബക്‌ര്‍ (റ) ജനിച്ചു. യഥാര്‍ത്ഥ നാമം അബ്‌ദുല്ല. പിതാവ്‌ അബൂഖുഹാഫയും മാതാവ്‌ ഉമ്മുല്‍ ഖൈറും. അബൂബക്‌ര്‍ എന്ന ഓമനപ്പേരില്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടു. ബാല്യം മുതല്‍ സല്‍സ്വഭാവം സന്മാര്‍ഗ്ഗനിഷ്‌ഠ എന്നിവ കൊണ്ട്‌ ജനസമ്മതി നേടി.
നബി(സ)യെക്കാള്‍ രണ്ടു വയസ്സ്‌ കുറവുണ്ടായിരുന്ന അദ്ദേഹം ചെറുപ്പം മുതല്‍ തന്നെ നബി(സ)യുടെ കൂട്ടുകാരനായിരുന്നു. നബി(സ)ക്ക്‌ നുബുവ്വത്ത്‌ ലഭിച്ച്‌ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ ക്ഷണിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത്‌ അദ്ദേഹമായിരുന്നു. നബി(സ) പറയുന്ന എല്ലാകാര്യങ്ങളും സംശയം കൂടാതെ അദ്ദേഹം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നതിനാല്‍ സ്വിദ്ദീഖ്‌ എന്ന ബഹുമതി നാമവും ലഭിച്ചു.
ഇസ്‌ലാം മതം സ്വീകരിച്ചതിനാല്‍ ശത്രുക്കളില്‍ നിന്ന്‌ വളരെ മര്‍ദ്ദനം അദ്ദേഹത്തിനു ഏല്‍ക്കേണ്ടിവന്നു. നാടുവിട്ട്‌ എത്യോപ്യയിലേക്ക്‌ പോകാന്‍ തീരുമാനിച്ചു. ബര്‍ക്കുല്‍ഗിമാദ്‌ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇബ്‌നു ദുഗിന്നയെന്നൊരാള്‍ അഭയം നല്‍കി മടക്കിക്കൊണ്ടുവരികയാണ്‌ ഉണ്ടായത്‌.
സമ്പന്നനായിരുന്ന അദ്ദേഹം അളവറ്റ ധനം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിച്ചു. ബിലാല്‍ (റ) വിനെപ്പോലെ മര്‍ദ്ദിക്കപ്പെട്ടിരുന്ന അടിമകളെ വിലക്ക്‌ വാങ്ങി മോചിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രബോധനത്താല്‍ പ്രമുഖന്‍മാരായ ഒട്ടേറെ പേര്‍ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
നബി(സ)യുടെ കൂടെ ഹിജ്‌റ: പോകാനുള്ള ഭാഗ്യം ലഭിച്ചത്‌ അബൂബക്‌ര്‍ (റ) വിനായിരുന്നു. ഹിജ്‌റയെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചപ്പോള്‍ അബൂബക്കര്‍ (റ) വിനെക്കുറിച്ച്‌ മുഹമ്മദ്‌ നബി(സ)യുടെ `സ്വാഹിബ്‌' എന്ന്‌ വിശേഷിപ്പിച്ചു. നബി(സ)യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. തബൂക്ക്‌ യുദ്ധത്തിന്‌ പണം ശേഖരിച്ചപ്പോള്‍ വീട്ടിലുള്ളത്‌ മുഴുവന്‍ നബി(സ)യുടെ മുമ്പില്‍ കാഴ്‌ച വെച്ചു. മാത്രമല്ല, തബൂക്കിലേക്ക്‌ സൈന്യം നീങ്ങിയപ്പോള്‍ അബൂബക്‌ര്‍ (റ) ആയിരുന്നു പതാക വാഹകന്‍. തന്റെ മകള്‍ ആഇശ (റ) യെ നബി(സ)ക്ക്‌ വിവാഹം ചെയ്‌തുകൊടുത്തു.
അഗാധപാണ്ഡിത്യം, നിശ്ചയദാര്‍ഢ്യം, സത്യസന്ധത, ദീര്‍ഘദൃഷ്‌ടി, വിനയം, ഉദാര മനസ്ഥിതി എന്നിവ അബൂബക്‌ര്‍ (റ) വിന്റെ പ്രത്യേകതകളാണ്‌. നബി(സ) രോഗ ബാധിതനായപ്പോള്‍ നമസ്‌ക്കാരത്തിന്‌ ഇമാമായി നില്‍ക്കാന്‍ അദ്ദേഹത്തെയാണ്‌ ചുമതലപ്പെടുത്തിയത്‌. ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ അബൂബക്‌ര്‍ (റ) വിന്റെ നേതൃത്വത്തിലാണ്‌ ഹജ്ജ്‌ കര്‍മ്മത്തിനുള്ള ആദ്യ സംഘം മക്കയിലേക്ക്‌ പോയത്‌. 

ഒന്നാം ഖലീഫ
നബി(സ) വഫാത്തായ ഉടനെ ഖിലാഫത്ത്‌ ഏറ്റെടുക്കാന്‍ യോഗ്യനായ വ്യക്തിയെ തെരഞ്ഞെടുക്കാന്‍ അന്‍സ്വാറുകളിലെയും മുഹാജിറുകളിലെയും പ്രമുഖന്‍മാര്‍ ബനൂ സാഇദയുടെ ഹാളില്‍ സമ്മേളിച്ചു. പല അഭിപ്രായങ്ങളുമുണ്ടായെങ്കിലും ഉമര്‍ (റ) അബൂബക്‌ര്‍ (റ) വിന്റെ കരം പിടിച്ച്‌ അങ്ങാണ്‌ ഈ സ്ഥാനത്തിനര്‍ഹന്‍, അങ്ങാണ്‌ ഖലീഫ എന്നു പറഞ്ഞു ബൈഅത്ത്‌ ചെയ്‌തു. അന്നു മുതല്‍ അദ്ദേഹം ഖലീഫത്തുറസൂലുല്ലാഹി (റസൂലിന്റെ പിന്‍ഗാമി) എന്നുവിളിക്കപ്പെട്ടു.
ഖിലാഫത്ത്‌ ഏറ്റെടുത്ത ഉടനെ മസ്‌ജിദുന്നബവിയിലെ മിമ്പറില്‍ കയറി ഇപ്രകാരം പ്രസംഗിച്ചു. ``അല്ലയോ ജനങ്ങളേ, ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്‌. നിങ്ങളെക്കാള്‍ ശ്രേഷ്‌ഠനല്ല ഞാന്‍. നല്ലതു പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ എന്നെ സഹായിക്കണം. ഞാന്‍ നേര്‍മാര്‍ഗ്ഗത്തില്‍ നിന്ന്‌ തെറ്റിയാല്‍ നിങ്ങളെന്നെ ചൊവ്വേ നടത്തണം. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നിടത്തോളം കാലം നിങ്ങളെന്നെ പിന്‍പറ്റുക. അവരെ ധിക്കരിക്കുമ്പോള്‍ നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല.''
നബി(സ) മരണപ്പെടുന്നതിന്‌ മുമ്പ്‌, റോമാക്കാരോട്‌ യുദ്ധം ചെയ്യാന്‍ തയ്യാറാക്കി നിര്‍ത്തിയ, ഉസാമത്ത്‌ (റ) വിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ അയക്കുകയാണ്‌ അബൂബക്‌ര്‍ (റ) ആദ്യമായി ചെയ്‌തത്‌. 18 വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന ഉസാമത്തിനെ ഒട്ടകപ്പുറത്തിരുത്തി ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച്‌ നടന്നുകൊണ്ട്‌ കുറെ ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി.
നബി(സ) വഫാത്തായതോടെ ചില അറബി ഗോത്രങ്ങള്‍ സകാത്ത്‌ നല്‍കുവാന്‍ വിസമ്മതിച്ചു. മുസൈലിമ, അസ്‌വദുല്‍ അനസി എന്നിവര്‍ നബിമാരാണെന്ന്‌ വാദിച്ചു. അബൂബക്‌ര്‍ (റ) സൈന്യത്തെ അയച്ച്‌ ഇത്തരക്കാരെ അമര്‍ച്ചചെയ്‌തു. കള്ള പ്രവാചകന്‍മാര്‍ കൊല്ലപ്പെട്ടു.
ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരും യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ഇത്‌ അബൂബക്‌ര്‍ (റ) നെ ചിന്താകുലനാക്കി. നബി(സ)യുടെ കാലത്ത്‌ ഖുര്‍ആന്‍ ഒരു മുസ്‌ഹഫിലായി യഥാക്രമം ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. കല്ലിലും, തോലിലും, എല്ലിലും മറ്റുമായി എഴുതി സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്വഹാബിമാരുമായി ചര്‍ച്ച ചെയ്‌ത ശഷം ഖുര്‍ആന്‍ ഇന്ന്‌ നാം ഉപയോഗിക്കുന്ന ക്രമത്തില്‍ ഒരു മുസ്‌ഹഫിലായി ക്രോഡീകരിക്കപ്പെട്ടു.
ഇസ്‌ലാം മത പ്രചരണത്തിനായി ശാമിലേക്കും (സിറിയ) ഇറാഖിലേക്കും പ്രബോധക- സൈനിക സംഘങ്ങളെ അബൂബക്‌ര്‍ (റ) അയച്ചു. സൈനിക നായകന്മാരോട്‌ അദ്ദേഹം ഇപ്രകാരം ഉപദേശിച്ചു: പട്ടാളക്കാരോട്‌ നല്ലനിലയില്‍ പെരുമാറണം. ജയിച്ചടക്കിയ പ്രദേശങ്ങളിലെ ജനങ്ങളോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണം. കുട്ടികള്‍, വൃദ്ധന്‍മാര്‍ സ്‌ത്രീകള്‍ എന്നിവരെ കൊല്ലരുത്‌, കരാര്‍ ലംഘിക്കരുത്‌. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്‌. മഠങ്ങളിലെ പുരോഹിതന്‍മാരെ ദ്രോഹിക്കരുത്‌. ഈ ഉപദേശങ്ങള്‍ ലോക ചരിത്രത്തില്‍ മഹത്തരവും ശാശ്വതികത്വമുള്ളവയുമായിരുന്നു.
ഖാലിദ്‌ബ്‌നു വലീദ്‌ (റ) വിന്റെ നേതൃത്വത്തില്‍ ഇറാഖിലേക്ക്‌ അയക്കപ്പെട്ട സൈന്യം ആ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ജയിച്ചടക്കുകയുണ്ടായി. സിറിയയിലേക്കും ഒരു സൈന്യത്തെ അയച്ചിരുന്നു. പിന്നീട്‌ ആ രണ്ടു സൈന്യവും ഒത്തുചേര്‍ന്ന്‌ റോമന്‍ ചക്രവര്‍ത്തിയുമായി യര്‍മൂക്ക്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ വമ്പിച്ച പോരാട്ടം നടന്നു. മുസ്‌ലിം സൈന്യം വിജയിച്ചു. ആ പ്രദേശം ഇസ്‌ലാമിന്നധീനമായി. ഹിര്‍ഖല്‍ ചക്രവര്‍ത്തി സിറിയവിട്ടോടിപ്പോയി.
സവിശേഷതകള്‍
അബൂബക്‌ര്‍ (റ) ധീരനും, നീതിമാനും, വിനയാന്വിതനുമായിരുന്നു. ജനസേവനം അദ്ദേഹത്തിനു വളരെ ഇഷ്‌ടമായിരുന്നു. അയല്‍പക്കകാരുടെ ആടുകളെ കറക്കാന്‍ സഹായിച്ചിരുന്ന അദ്ദേഹം ഖിലാഫത്ത്‌ ഏറ്റെടുത്തപ്പോള്‍ ഒരയല്‍ക്കാരി പറഞ്ഞു: ഇനി നമ്മുടെ ആടുകളെ കറക്കാന്‍ ആര്‌ സഹായിക്കും? അതുകേട്ട അദ്ദേഹം പറഞ്ഞു: ``ഞാന്‍ തന്നെ സഹായിക്കും.''
ഒരിക്കല്‍ അബൂബക്‌ര്‍ (റ)വും മറ്റൊരാളും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്ക സമയത്ത്‌ അയാള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത വാക്ക്‌ അബൂബക്‌ര്‍ (റ) പറഞ്ഞു. പിന്നീട്‌ അങ്ങിനെ പറഞ്ഞതില്‍ അബൂബക്കര്‍ (റ) വളരെ ഖേദിച്ചു. അദ്ദേഹം അവരോട്‌ പറഞ്ഞു. ``നിങ്ങള്‍ എന്നെയും അങ്ങനെ വിളിക്കുക.'' പക്ഷേ, അയാള്‍ ഇതിന്‌ തയ്യാറായില്ല. പ്രശ്‌നം അബൂബക്‌ര്‍ (റ) നബി(സ)യോട്‌ പറഞ്ഞു. നബി(സ) അയാളോട്‌ പറഞ്ഞു: `അബൂബക്കറിനെ അങ്ങിനെ വിളിക്കേണ്ട. പകരം അബൂബക്‌റേ താങ്കള്‍ക്ക്‌ അല്ലാഹു പൊറുത്ത്‌ തരട്ടെ എന്നു പറയുക.'
മരണം
യര്‍മൂക്ക്‌ യുദ്ധം നടന്നുകൊണ്ടിരിക്കെ അബൂബക്‌ര്‍ (റ) വഫാത്തായി. ഭാര്യ അസ്‌മാഉം മകന്‍ അബ്‌ദുറഹിമാനും കൂടിയാണ്‌ മയ്യിത്ത്‌ കുളിപ്പിച്ചത്‌. നബി(സ)യുടെ ഖബറിന്നരികെ മറമാടപ്പെട്ടു. രണ്ടു വര്‍ഷവും മൂന്ന്‌ മാസവും പത്ത്‌ ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. മരണപ്പെടുമ്പോള്‍ 63 വയസ്സ്‌ ആയിരുന്നു പ്രായം.

No comments:

Post a Comment