തൗഹീദും തവക്കുലും

പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്‌ടിയാണ്‌. അതില്‍ ആര്‍ക്കും ഒരു പങ്കാളിത്തവും ഇല്ല. അവന്‍ ഉദ്ദേശിച്ചത്‌ നടക്കും. അവനെ ചോദ്യം ചെയ്യാന്‍ ആരും ഇല്ല. അവന്റെ തൃപ്‌തിയും പൊരുത്തവുമാണ്‌ വലുത്‌. നന്മയും തിന്മയും ഹലാലും ഹറാമും ധര്‍മവും അധര്‍മവും തൗഹീദും ശിര്‍ക്കുമെല്ലാം അവനാണ്‌ തീരുമാനിക്കുന്നത്‌. അവന്റെ വിധി റദ്ദാക്കുന്നവനില്ല. അവന്‌ പുറമെ ആരാധ്യനെ സ്വീകരിക്കുന്നത്‌ അവിവേകവും അര്‍ത്ഥശൂന്യവും ഗുരുതരമായ പാപവും ശിര്‍ക്കുമാണ്‌. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന വിശ്വാസത്തിന്റെ അനിവാര്യഫലമാണ്‌ അവനില്‍മാത്രം കാര്യങ്ങള്‍ അര്‍പ്പിക്കുക എന്നത്‌. തൗഹീദും തവക്കുലും അഭേദ്യമാണ്‌. “ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും, അല്ലാഹു എന്ന്‌. നീ പറയുക, എങ്കില്‍ അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്‌ക്ക്‌ അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്‌ക്ക്‌ അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാകുമോ? പറയുക, എനിക്ക്‌ അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.” (വി.ക്വു. 39/38)
അല്ലാഹു നല്‍കുന്നത്‌ തടയുന്നവനും, തടഞ്ഞത്‌ നേടിത്തരുന്നവനും ഇല്ല. “മുഗീറ ഇബ്‌നു ശുഅ്‌ബ (റ) യില്‍ നിന്ന്‌ നിവേദനം: നബി (സ്വ) ഓരോ നിര്‍ബ്ബന്ധ നമസ്‌കാരത്തിനുശേഷവും ഇങ്ങനെ പറയാറുണ്ടായിരുന്നു. `ലാ ഇലാഹ ഇല്ലല്ലാഹു വഹ്‌ദഹുലാശരീകലഹു….’ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാണ്‌. അവന്നു പങ്കുകാരില്ല. അവന്നാണ്‌ ആധിപത്യം. അവന്നാണ്‌ സര്‍വ്വ സ്‌തുതിയും. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവന്‍. അല്ലാഹുവേ, നീ നല്‍കുന്നത്‌ തടയാന്‍ ആരുമില്ല. നീ തടഞ്ഞത്‌ നല്‍കാനും ആരുമില്ല. നിന്റെ അടുക്കല്‍ ധനികന്റെ ധനശേഷിയും പ്രയോജനം ചെയ്യുകയില്ല തന്നെ.” (ബുഖാരി) അല്ലാഹു പറയുന്നു. “നിങ്ങളെ അല്ലാഹു സഹായിക്കുന്നപക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്നപക്ഷം അവനു പുറമെ ആരാണ്‌ നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.” (3/160) ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും മുളയില്‍ തന്നെ നുള്ളാനും നശിപ്പിക്കുവാനും ശത്രുക്കള്‍ ശ്രമിച്ചു. പരാജയമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ചില സ്വഹാബികള്‍ക്ക്‌ രക്തസാക്ഷികളാകുവാന്‍ സാധിച്ചു. അവര്‍ക്ക്‌ സ്വര്‍ഗ്ഗം പ്രതിഫലം. നിഷേധികള്‍ക്ക്‌ നരകവും.
മുശ്‌രിക്കുകളും ജൂതന്മാരും കപടന്മാരും പലതരത്തിലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിച്ചു. അല്ലാഹുവിന്റെ സഹായം ലഭിക്കുന്നവരെ പരാജയപ്പെടുത്താന്‍ ലോകത്ത്‌ ഒരു ശക്തിക്കും സാധ്യമല്ല. അവരെല്ലാം ഏകോപിച്ചു ശ്രമിച്ചാലും പരാജയപ്പെടും. അല്ലാഹു പറയുന്നു. “സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ-അക്രമണാര്‍ത്ഥം-അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍. അവരുടെ കൈകളെ നിങ്ങളില്‍നിന്ന്‌ തട്ടിമാറ്റിക്കൊണ്ട്‌ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്‌തുതന്ന അനുഗ്രഹം നിങ്ങളോര്‍ക്കുവീന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.’ (5/11) അല്ലാഹു കണക്കാക്കിയത്‌ സംഭവിക്കും. അതിന്നപ്പുറം ശകലംപോലും നീങ്ങില്ല. “പറയുക, അല്ലാഹു ഞങ്ങള്‍ക്ക്‌ രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.” (9/51)
ദൈവദൂതന്‍മാര്‍ക്ക്‌ അവരുടെ പ്രതിയോഗികളില്‍നിന്നും പലതരം കുതന്ത്രങ്ങളും അനുഭവിക്കേണ്ടിവന്നു. അതിനെല്ലാം ദൂതന്‍മാര്‍ നല്‍കിയ മറുപടി എക്കാലത്തേക്കും അനുയോജ്യമാണ്‌. “ അവരോട്‌ -അവരിലേക്ക്‌ നിയോഗിക്കപ്പെട്ട ദൈവദൂതന്‍മാര്‍ പറഞ്ഞു. ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്‌. എങ്കിലും അല്ലാഹു തന്റെ ദാസന്മാരില്‍നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവരോട്‌ ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക്‌ യാതൊരു തെളിവും കൊണ്ടുവന്നു തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്റെ മേലാണ്‌ വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌. അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്തുതന്നിരിക്കെ അവന്റെ മേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക്‌ എന്ത്‌ ന്യായമാണുള്ളത്‌? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ്‌ ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്‌.” (14/11, 12). “അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നതാണ്‌.” (3/159). തൗഹീദിലൂടെ രൂപപ്പെടുന്ന മഹത്തായ ഒരു ഗുണമാണ്‌ തവക്കുല്‍ എന്ന്‌ മനസ്സിലാക്കാം. അത്‌ വിശ്വാസിയുടെ വിശ്വാസവും കര്‍മോത്സുകതയും ധീരതയും വര്‍ദ്ധിപ്പിക്കും. ഒരു സംഭവം കാണാം. ഉഹ്‌ദ്‌ യുദ്ധം കഴിഞ്ഞു. ശത്രുക്കള്‍ക്ക്‌ നേരിയ വിജയം. ശത്രുനായകന്‍ അബൂസുഫ്‌യാനും മുശ്‌രിക്കുകള്‍ക്കും അഹങ്കാരം. അവര്‍ പടക്കളത്തില്‍ വെല്ലിവിളി നടത്തി. അടുത്ത വര്‍ഷം നമുക്ക്‌ വീണ്ടും ബദ്‌റില്‍ വെച്ച്‌ ഏറ്റുമുട്ടാം. ഇതൊരു ഭീഷണിയായിരുന്നു. മുസ്‌ലിംകള്‍ വെല്ലുവിളി സ്വീകരിച്ചു. നിശ്ചയിക്കപ്പെട്ട കാലം വന്നു. മക്കത്ത്‌ വലിയ ഉശിരൊന്നും കാണുന്നില്ല. യുദ്ധസന്നാഹത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. അവര്‍ സാമ്പത്തികമായും ശാരീരികമായും തകര്‍ന്നിരുന്നു. അബൂസുഫ്‌യാന്‍ സൂത്രം പ്രയോഗിച്ചു. മക്കയില്‍ വമ്പിച്ച യുദ്ധസന്നാഹം നടക്കുന്നുവെന്ന പ്രചാരണതന്ത്രമായിരുന്നു അത്‌. അതിന്‌ പലരെയും ശട്ടംകെട്ടി. മുസ്‌ലിംകളെ പേടിപ്പിച്ചു, യുദ്ധത്തില്‍നിന്നും ഒഴിയാം എന്നതായിരുന്നു അബൂസുഫ്‌യാന്റെ തന്ത്രം.
ഇത്തരം ഭീഷണികളൊന്നും മദീനയില്‍ വിലപ്പോയില്ല. മക്കയിലെ ഒരുക്കങ്ങളെക്കുറിച്ച്‌ പെരുപ്പിച്ചുകൊണ്ടുള്ള ന്യൂസ്‌ കിട്ടിയപ്പോള്‍ ധീരരായ സത്യവിശ്വാസികള്‍ കുലുങ്ങിയില്ല. അവര്‍ക്ക്‌ വിശ്വാസം വര്‍ദ്ധിച്ചു. അല്ലാഹുവില്‍ ഭരമേല്‍പിച്ചു. നിശ്ചയപ്രകാരം ബദ്‌റിലേക്ക്‌ പുറപ്പെട്ടു. ശത്രുക്കള്‍ വന്നില്ല. ബഡായി ഫലപ്പെട്ടില്ല എന്ന്‌ മുശ്‌രിക്കുകള്‍ക്ക്‌ ബോധ്യമായി. അല്ലാഹു പറയുന്നു. “ ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍-സൈന്യത്തെ ശേഖരിച്ചിരിക്കുന്നു. അവരെ ഭയപ്പെടണമെന്ന്‌ ആളുകള്‍ അവരോട്‌ പറഞ്ഞപ്പോള്‍ അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക്‌ അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത്‌ അവനത്രെ.” (3/173) സത്യവിശ്വാസിയുടെ മഹത്തായ ഗുണങ്ങളെ സംബന്ധിച്ച്‌ സൂറത്തുല്‍ അന്‍ഫാലിന്റെ തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കാണാം. “അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും, അവന്റെ ദൃഷ്‌ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ വിശ്വാസികള്‍.’ (8/2) അനന്തരം വിശദീകരിക്കുന്നത്‌ സത്യവിശ്വാസികളുടെ സല്‍കര്‍മങ്ങളെക്കുറിച്ചാണ്‌.
അതെ, തവക്കുല്‍ കര്‍മങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. പ്രവര്‍ത്തിക്കുവാനുള്ളതെല്ലാം പ്രവര്‍ത്തിക്കുന്നു. കൂടെ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയും തവക്കുലും. മനുഷ്യനെത്ര പ്രവര്‍ത്തിച്ചാലും അല്ലാഹുവിങ്കല്‍ നിന്നുള്ള ഉതവി അഥവാ തൗഫീക്വ്‌ വേണം. തവക്കുലിലൂടെ വിശ്വാസിയുടെ ടെന്‍ഷന്‍ ലഘൂകരിക്കപ്പെടുന്നു. ഒന്നുകില്‍ പ്രതീക്ഷിച്ചും പ്രാര്‍ത്ഥിച്ചും കഴിയുന്നതുപോലെ ലഭിച്ചേക്കും. അല്ലെങ്കില്‍ പരീക്ഷണാര്‍ഥം മറിച്ചും സംഭവിച്ചേക്കാം. രണ്ടായാലും സത്യവിശ്വാസിക്ക്‌ പ്രതിഫലം വാരിക്കൂട്ടുവാന്‍ അവസരങ്ങള്‍ ലഭ്യമാവുന്നു. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊന്നും സംഭവിക്കുകയില്ല. ആ ചിന്തയാണ്‌ വിശ്വാസിയെ ഭരിക്കുന്നത്‌. നന്മ സംഭവിച്ചാലും തിന്മയായാലും വിശ്വാസിക്ക്‌ ഗുണംതന്നെ. “സത്യവിശ്വാസിയുടെ കാര്യം പുതുമയാണ്‌. അവനു അല്ലാഹു ഏതൊന്നു വിധിച്ചാലും അതവനു ഗുണകരമാകാതിരിക്കുകയില്ല. വല്ല ബുദ്ധിമുട്ടും (കഷ്‌ടപ്പാടും) അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങിനെ അതവനു ഗുണകരമായിത്തീരും. വല്ല സന്തോഷവും അവനെ ബാധിച്ചാല്‍ അവന്‍ നന്ദി ചെയ്യും. അങ്ങനെ അതും അവനു ഗുണമായിത്തീരും. ഇതു സത്യവിശ്വാസിക്കല്ലാതെ വേറെ ഒരാള്‍ക്കുമുണ്ടാവുകയില്ല.” (ബുഖാരി, മുസ്‌ലിം) വിശ്വാസി, വിധികളില്‍ സംതൃപ്‌തനാണ്‌ തന്റെ പരലോകത്തെ നഷ്‌ടപ്പെടുത്തുന്ന വാക്കോ പ്രവൃത്തിയോ അവനില്‍നിന്നും ഉണ്ടാവില്ല.
ആധുനിക ലോകത്തും വിദ്യാസമ്പന്നരുടെയിടയിലും കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്‌. പുതിയ വീടുകള്‍ ഉണ്ടാക്കുമ്പോള്‍ തുണി ധരിക്കാത്ത വിഗ്രഹങ്ങള്‍ കെട്ടിത്തൂക്കപ്പെട്ടിരിക്കും. അല്ലെങ്കില്‍ `വൈക്കോല്‍ മനുഷ്യരൂപ’ത്തെ സ്ഥാപിച്ചിരിക്കും. കൃഷി വിളവുകള്‍ക്കിടയില്‍ പൊട്ടന്‍കലത്തിന്‍മേല്‍ ചുണ്ണാമ്പ്‌ കൊണ്ട്‌ വികൃതരൂപം വരച്ചിരിക്കും. അല്ലെങ്കില്‍ കരിങ്കണ്ണാ എന്ന്‌ എഴുതിവെക്കും. കണ്ണേറ്‌ പറ്റാതിരിക്കാന്‍. ചില രോഗികള്‍ ഉറുക്കും ഏലസ്സുമൊക്കെ അണിഞ്ഞിരിക്കും. ഓരോ വിശ്വാസ വൈകൃതങ്ങള്‍. സര്‍വ്വശക്തനായ റബ്ബില്‍ ഭരമേല്‍പിക്കുവാന്‍ സത്യവിശ്വാസികള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.
പൊട്ടക്കലവും വൈക്കോല്‍ചാത്തനും കെട്ടിത്തൂക്കപ്പെട്ട വിഗ്രഹങ്ങളും സുരക്ഷ ലഭിക്കുവാന്‍ പര്യാപ്‌തമല്ല. അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കണമെങ്കില്‍ അവനില്‍ ഭരമേല്‍പിക്കണം. അവനോടാണ്‌ രക്ഷതേടേണ്ടത്‌. ഉറുക്കും നൂലുമൊന്നും ചിലന്തിവലയേക്കാള്‍ ശക്തമല്ല. നബി (സ്വ) പറയുന്നു. “വല്ലവനും വല്ലതും കെട്ടിയാല്‍ അവന്റെ ചുമതല പിന്നെ ആ കെട്ടിയ വസ്‌തുവിന്നായിരിക്കും.” (അബൂദാവൂദ്‌) `എനിക്ക്‌ അല്ലാഹുമതി’ എന്നതാണ്‌ സത്യവിശ്വാസിയുടെ സവിശേഷത. “തന്റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? അവന്ന്‌ പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന്‌ വഴികാട്ടാന്‍ ആരുമില്ല.” (39/36).
എന്നെന്നും ജീവിച്ചിരിക്കുന്ന, മരണമില്ലാത്ത, സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ, സ്രഷ്‌ടാവില്‍ ഭരമേല്‍പിക്കുന്നതോടെ വിശ്വാസി സുരക്ഷിതകോട്ടയില്‍ പ്രവേശിച്ചു. സത്യവിശ്വാസം, സല്‍കര്‍മ്മം, തൗഹീദ്‌, തവക്കുല്‍, തക്വ്‌വ, ദിക്‌ര്‍, ദുആ എന്നിവയാണ്‌ സുരക്ഷിത കോട്ടയുടെ ഭാഗങ്ങള്‍. “ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്‌തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനായിട്ട്‌ അവന്‍ തന്നെ മതി.” (25/58). “വല്ലവനും അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിക്കുന്നപക്ഷം അവന്ന്‌ അല്ലാഹുതന്നെ മതിയാകുന്നതാണ്‌. (65/3) ദീര്‍ഘമായ ഒരു ഹദീഥില്‍ വിചാരണയില്ലാതെ എഴുപതിനായിരം പേര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന കാര്യം നബി (സ്വ) വിവരിക്കുന്നുണ്ട്‌. അവരുടെ ഗുണങ്ങളിലൊന്ന്‌ തവക്കുലാണ്‌. ഇബ്‌നു അബ്ബാസ്‌ (റ) നിവേദനം: നബി (സ്വ) പറഞ്ഞു. എനിക്ക്‌ മുമ്പില്‍ വിവിധ സമൂഹങ്ങള്‍ കാണിക്കപ്പെട്ടു. അതില്‍ ഒരു പ്രവാചകനെ ഞാന്‍ കണ്ടു. വളരെ ചെറിയ സംഘമാണ്‌ അദ്ദേഹത്തോടൊപ്പമുള്ളത്‌. മറ്റൊരു നബി, കൂടെ ഒന്നോ രണ്ടോ ആളുകളാണുള്ളത്‌. വേറൊരു നബിയോടൊപ്പം ആരുമില്ല. അങ്ങിനെയിരിക്കെ തിങ്ങിയിരുണ്ട വലിയൊരു കൂട്ടത്തെ കാണിക്കപ്പെട്ടു. ഞാന്‍ വിചാരിച്ചു. അതെന്റെ സമുദായമായിരിക്കുമെന്ന്‌. അപ്പോള്‍ അറിയിപ്പുണ്ടായി. ഇത്‌ മൂസയും അദ്ദേഹത്തിന്റെ ജനതയുമാണ്‌. എന്നാല്‍ നീ ചക്രവാളത്തിലേക്ക്‌ നോക്കൂ. ഞാന്‍ നോക്കി. അപ്പോഴതാ ഒരു വന്‍ സമൂഹം. എന്നോട്‌ പിന്നെയും കല്‍പനയുണ്ടായി. മറ്റേ ചക്രവാളത്തിലേക്ക്‌ നോക്കൂ. (ഞാന്‍ നോക്കി) അപ്പോഴതാ മറ്റൊരു വന്‍ സംഘം. ഉടനെ എനിക്ക്‌ അറിയിപ്പ്‌ കിട്ടി. ഇതാണ്‌ താങ്കളുടെ സമുദായം. അവരോടൊപ്പം വിചാരണയോ ശിക്ഷയോ കൂടാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുന്ന എഴുപതിനായിരം പേരുണ്ട്‌. പിന്നെ പ്രവാചകന്‍ എണീറ്റ്‌ വീട്ടില്‍ പ്രവേശിച്ചു. അതോടെ വിചാരണയോ ശിക്ഷയോ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആളുകളെപ്പറ്റി സദസ്യരില്‍ ചിലര്‍ പറഞ്ഞു. ഒരു പക്ഷെ, അവര്‍ റസൂലിനോടൊപ്പം സഹവസിച്ചവരായിരിക്കാം. മറ്റു ചിലര്‍ പറഞ്ഞു. അവര്‍ ഇസ്‌ലാമില്‍ ജനിക്കുകയും അല്ലാഹുവില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്‌തവരാകാം. അങ്ങിനെ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉണ്ടായി. അപ്പോള്‍ റസൂല്‍ അവരുടെ അടുത്തേക്ക്‌ വന്നു. എന്തിനെപ്പറ്റിയാണ്‌ നിങ്ങള്‍ സംസാരിക്കുന്നത്‌? അവിടുന്നു ചോദിച്ചു. അവര്‍ കാര്യം അവിടുത്തെ അറിയിച്ചു. നബി (സ്വ) പറഞ്ഞു. അവര്‍ മന്ത്രിക്കുകയോ, മറ്റുള്ളവരോട്‌ മന്ത്രിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാത്തവരാകുന്നു. ശകുനം നോക്കാത്തവരും തങ്ങളുടെ രക്ഷിതാവില്‍ `തവക്കുല്‍’ ഭരമേല്‍പിക്കുന്നവരുമാകുന്നു. ഉടനെ ഉക്കാശുബ്‌നു മിഹ്‌സ്വന്‍ എഴുന്നേറ്റു നിന്നു പറഞ്ഞു. എന്നെ അവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട്‌ അങ്ങ്‌ പ്രാര്‍ഥിച്ചാലും. നബി (സ്വ) പറഞ്ഞു. താങ്കള്‍ അവരില്‍പെട്ടവനാകുന്നു. പിന്നെ മറ്റൊരാള്‍ എഴുന്നേറ്റു പറഞ്ഞു. എന്നെയും അവരില്‍ ഉള്‍പ്പെടുത്താന്‍ അവിടുന്ന്‌ പ്രാര്‍ഥിച്ചാലും. നബി (സ്വ) പറഞ്ഞു. ഉക്കാശ നിന്നെ മുന്‍കടന്നു.” (മുസ്‌ലിം) അല്‍പം വ്യത്യാസത്തോടുകൂടി ബുഖാരിയിലും റിപ്പോര്‍ട്ട്‌ കാണാം.
തവക്കുലിന്റെ സ്ഥാനം മനസ്സാണ്‌. അല്ലാഹുവിലാണ്‌ സമര്‍പ്പണം. ഒരാള്‍ക്ക്‌ ചെയ്യാനുള്ളതെല്ലാം നിര്‍വ്വഹിക്കണം. ആദ്യം ഒട്ടകത്തെ കെട്ടിയിടുക, പിന്നെ തവക്കുലാക്കുക എന്ന്‌ പറയുന്നത്‌ അതാണ്‌. കൃഷിക്കാരന്‍ നിലം ഉഴുന്നു. വിത്ത്‌ വിതക്കുന്നു. സംരക്ഷണവേലി കെട്ടുന്നു. അതൊക്കെ ശരി, പക്ഷെ, മഴവേണം, മുളപൊട്ടണം, വളരണം, കേട്‌ വരാതിരിക്കണം. അങ്ങനെ നീണ്ടുനില്‍ക്കുന്ന പ്രക്രിയയില്‍ ദുര്‍ബ്ബലനായ മനുഷ്യന്റെ അവസ്ഥ എന്താണ്‌? അല്ലാഹുവില്‍ ഭരമേല്‍പിക്കുക, അവനോട്‌ പ്രാര്‍ഥിക്കുക. ഉള്ളും പുറവും രഹസ്യവും പരസ്യവും അറിയുന്നത്‌ അവനാണ്‌. അവനേക്കാള്‍ വലിയ കേന്ദ്രം ഇല്ല. തവക്കുലിന്റെ ബോര്‍ഡ്‌ സ്ഥാപിച്ചതുകൊണ്ടുമാത്രം കാര്യം നടക്കില്ല. അത്‌ തൗഹീദിന്റെ ചൈതന്യമാണ്‌.

കടപ്പാട്‌: വിചിന്തനം വാരിക, 2013 മെയ്‌ 3, പുസ്‌തകം 12, ലക്കം 35

No comments:

Post a Comment