ഗൈബ്‌: അല്ലാഹുവിന്‌ മാത്രം

ഈ ഭൂമിയും, അതിലുള്ളവ മുഴുവനും സൃഷ്‌ടിച്ചിരിക്കുന്നത്‌ അല്ലാഹുവാണ്‌. കോടിക്കണക്കിന്‌ സൃഷ്‌ടികളില്‍ നിന്ന്‌ എന്തുകൊണ്ടും ശ്രേഷ്‌ഠരാണ്‌ മനുഷ്യര്‍. മറ്റു ജീവികളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌ത രൂപത്തിലുളള അസ്‌തിത്വം നല്‍കപ്പെട്ട അല്ലാഹുവിന്റെ സൃഷ്‌ടികള്‍. അതുകൊണ്ട്‌ തന്നെ അല്ലാഹു പ്രത്യേകമായി പലകാര്യങ്ങളും നല്‍കി ആദരിച്ച മനുഷ്യര്‍ മറ്റു സൃഷ്‌ടികളെപ്പോലെയല്ല. തന്റെ സ്രഷ്‌ടാവ്‌ ആരാണോ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം ഇവിടെ അവര്‍ ജീവിക്കേണ്ടത്‌. അല്ലാഹു തന്റെ നിര്‍ദ്ദേശങ്ങള്‍ ദൈവിക ദൂതന്മാരിലൂടെ കാലാകാലങ്ങളില്‍ മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. മുഹമ്മദ്‌ (സ്വ)യിലൂടെ അത്‌ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്‌തു. ഇനി ഒരു പ്രവാചക നിയോഗമോ, ഗ്രന്ഥാവതരണമോ ഉണ്ടാവില്ല. അവസാന നാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്‍മാര്‍ഗ ദര്‍ശനമാണ്‌ ക്വുര്‍ആനിലൂടെ, പ്രവാചകന്‍ (സ്വ)യുടെ ചര്യയിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. അത്‌ അംഗീകരിക്കുന്നവര്‍ ചെയ്‌തു തീര്‍ക്കേണ്ടതും, വിശ്വസിക്കേണ്ടതും, അനുഷ്‌ഠിക്കേണ്ടതുമായ ധാരാളം കാര്യങ്ങളുണ്ട്‌. ഇതില്‍ മര്‍മപ്രധാനവും, പ്രഥമവുമായിട്ടുള്ളത്‌ വിശ്വാസ കാര്യങ്ങളാണ്‌. അതില്‍ പാളിച്ചകളും, പുഴുക്കുത്തുകളും കടന്നു കഴിഞ്ഞാല്‍ ഇരുലോകത്തും പരാജയം തന്നെയായിരിക്കും. വിശ്വാസ കാര്യങ്ങളില്‍ പ്രഥമമായിട്ടുള്ളത്‌ അല്ലാഹുവിലുള്ള വിശ്വാസമാണ്‌. അദൃശ്യകാര്യങ്ങള്‍ അറിയുകയെന്നത്‌ അല്ലാഹുവിന്‌ മാത്രമാണെന്നത്‌ വിശ്വാസത്തിന്റെ ഒരു ഭാഗവുമാണ്‌. അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ആര്‍ക്കും തന്നെ അദൃശ്യകാര്യങ്ങള്‍ അറിയില്ല, അവന്‍ അറിയിച്ചു കൊടുക്കുന്നവര്‍ക്കൊഴികെ. വിശ്വാസികള്‍ കൃത്യമായി മനസ്സിലാക്കേണ്ട ഒരു കാര്യമാണ്‌ അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിന്‌ മാത്രമേ അറിയൂ എന്നുളളത്‌. 
അദൃശ്യം അല്ലാഹുവിന്‌ മാത്രം.
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണെന്ന കാര്യം ക്വുര്‍ആന്‍ കൃത്യമായി മനുഷ്യരെ പഠിപ്പിക്കുന്നുണ്ട്‌. ഏതാനും ഉദാഹരണങ്ങള്‍ കാണുക:
`ആകാശഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ്‌ അല്ലാഹുവിന്നാണുള്ളത്‌. അവങ്കലേക്ക്‌ തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും.' (11/123)
`(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു' (10/20).
``അദൃശ്യജ്‌ഞാനം അല്ലാഹു നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തരാനും പോകുന്നില്ല.'' (3/179)
മുഹമ്മദ്‌ നബി (സ്വ)യെ വിളിച്ചുകൊണ്ട്‌ അല്ലാഹു പറയുകയാണ്‌:
`പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല' (6/50)
`നബിയേ, പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ്‌ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.' (27/65)
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന്‌ മാത്രമേ അറിയൂ, അത്‌ മറ്റാര്‍ക്കുമറിയില്ല.
അദൃശ്യത്തിന്റെ താക്കോല്‍
അദൃശ്യത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെ പക്കലാണ്‌, അത്‌ അവന്‍ ഉദ്ദേശിക്കുന്ന സമയത്ത്‌, ഉദ്ദേശിക്കുന്ന രൂപത്തില്‍ ഉപയോഗിക്കുന്നതാണ്‌.
`അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. (6/59). 
സൂറത്ത്‌ ലുക്വ്‌മാനില്‍ അല്ലാഹു പറയുന്നു:
`തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്‌മജ്‌ഞാനിയുമാകുന്നു.' (31/34)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട്‌ ഇമാം ഇബ്‌നുകഥീര്‍ (റ) പറയുന്നു: `അല്ലാഹുവിന്‌ മാത്രം അറിയുന്ന, മറ്റാര്‍ക്കും അറിയാന്‍ സാധിക്കാത്ത അദൃശ്യങ്ങളുടെ താക്കോലിനെ സംബന്ധിച്ചാണ്‌ അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നത്‌. അവ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആര്‍ക്കും അറിയില്ല. അവസാന നാള്‍ സംഭവിക്കുന്ന സമയം അല്ലാഹുവിന്‌ മാത്രമറിയുന്ന കാര്യമാണ്‌, എന്നാല്‍ അവസാന നാളിനെ സംബന്ധിച്ച്‌ ചുമതലയേല്‍പിക്കപ്പെട്ട മലക്കുകളോട്‌ അല്ലാഹു കല്‍പിക്കുമ്പോള്‍ ആ മലക്കുകളും, അല്ലാഹു ഉദ്ദേശിക്കുന്ന അവന്റെ സൃഷ്‌ടികളും അറിയുന്നതാണ്‌. ഗര്‍ഭാശയത്തില്‍ എന്താണ്‌ സൃഷ്‌ടിക്കാന്‍ പോകുന്നത്‌ എന്ന്‌ അവനല്ലാതെ മറ്റാര്‍ക്കുമറിയില്ല. അതുപോലെ തന്നെ ഒരാള്‍ ഐഹികവും പാരത്രികവുമായ ലോകത്ത്‌ എന്താണ്‌ സമ്പാദിക്കാന്‍ പോകുന്നത്‌ എന്ന്‌ അല്ലാഹുവിന്‌ മാത്രമേ അറിയൂ. ക്വുര്‍ആന്‍ പറയുന്നത്‌ പോലെ. താന്‍ ഏത്‌ നാട്ടില്‍വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല.' (31/34)
അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. (6/59)
ഈ അഞ്ച്‌ കാര്യങ്ങളെയാണ്‌ സുന്നത്ത്‌ അദൃശ്യത്തിന്റെ താക്കോല്‍ എന്ന്‌ പറയുന്നത്‌.'
ഇബ്‌നു ഉമര്‍ (റ) നിവേദനം: നബി (സ്വ)യില്‍ നിന്ന്‌, അവിടുന്ന്‌ പറഞ്ഞു: അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍ അഞ്ചാണ്‌. അല്ലാഹുവിനല്ലാതെ അത്‌ അറിയുകയില്ല, ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നത്‌ അല്ലാഹുവിനല്ലാതെ അറിയുകയില്ല. നാളെ എന്ത്‌ സംഭവിക്കുമെന്ന്‌ അല്ലാഹുവിനല്ലാതെ അറിയുകയില്ല, മഴയെപ്പോള്‍ വരുമെന്ന കാര്യം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. ഒരാള്‍ ഏത്‌ ഭൂമിയില്‍വെച്ചാണ്‌ മരണപ്പെടുകയെന്ന്‌ അല്ലാഹുവിനല്ലാതെ അറിയുകയില്ല, അവസാന നാള്‍ എന്ന്‌ സംഭവിക്കുമെന്നും അല്ലാഹുവിനല്ലാതെ അറിയുകയില്ല.' (ബുഖാരി)
അവസാന നാളിന്റെ അടയാളങ്ങളിലുള്ള വിശ്വാസം അവസാന നാളിലുള്ള വിശ്വാസത്തില്‍ പെട്ടതാണ്‌. അദൃശ്യത്തിലുള്ള വിശ്വാസം ഈമാനിന്റെ അടിത്തറയാണ്‌. കാരണം വിശ്വാസകാര്യങ്ങള്‍ മുഴുവനും അദൃശ്യ കാര്യങ്ങളില്‍ പെട്ടതാകുന്നു. അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാകട്ടെ തക്വ്‌വയുള്ള വിശ്വാസികളുടെ സ്വഭാവവുമാണ്‌. അതാണ്‌ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്‌:
`അലിഫ്‌ ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും ഇറക്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്‌മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.' (2/1- 5)
പ്രവാചകന്‍മാര്‍ക്ക്‌ പോലും...
പ്രവാചകന്‍മാര്‍ക്ക്‌ പോലും അദൃശ്യകാര്യങ്ങള്‍ അറിയില്ലായെന്നാണ്‌ ക്വുര്‍ആന്‍ കൃത്യമായി നമ്മെ പഠിപ്പിക്കുന്നത്‌. നൂഹ്‌ (അ) വ്യക്തമാക്കുന്നത്‌ കാണുക:
`അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല' (11/31).
അല്ലാഹുവിന്റെ പ്രത്യേക പരിഗണനക്കും, ആദരവിനും അതോടൊപ്പം തന്നെ വഹ്‌യിനും പാത്രഭൂതരായ പ്രവാചകന്മാരുടെ ചരിത്രം ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ ചങ്ങാതിയായ ഇബ്‌റാഹീം നബി(അ)യുടെ വീട്ടിലേക്ക്‌ വന്ന മലക്കുകളെ തിരിച്ചറിയാന്‍ സാധിക്കാതെ മൂരിക്കുട്ടിയെ അറുത്ത്‌ ഭക്ഷണമുണ്ടാക്കിയ സംഭവം, ലൂത്വ്‌ നബി (അ)യുടെ വീട്ടിലേക്ക്‌ കടന്നു വന്ന സുന്ദരന്‍മാരായ മലക്കുകളെ തിരിച്ചറിയാതിരുന്ന സംഭവം, മൂസാ നബി (അ)യും, ഫിര്‍ഔനും തമ്മിലുണ്ടായ മത്സരത്തില്‍ ഒരുപാട്‌ സംഭവങ്ങള്‍, യൂസുഫ്‌ നബി (അ)യും സഹോദരങ്ങളും, പിതാവും തമ്മിലുണ്ടായ ഒരുപാട്‌ പ്രശ്‌നങ്ങള്‍ തുടങ്ങി ക്വുര്‍ആന്‍ വിശദീകരിക്കുന്ന സംഭവങ്ങളില്‍ പ്രവാചകന്മാരായിട്ടുകൂടി അവര്‍ക്ക്‌ അദൃശ്യം അറിയാന്‍ സാധിച്ചില്ലായെന്നത്‌ ഓരോ മുസ്‌ലിമിന്റെയും കണ്ണ്‌ തുറപ്പിക്കുന്ന വ്യക്തമായ സത്യമാണ്‌. അവസാന പ്രവാചകനായ മുഹമ്മദ്‌ (സ്വ)യുടെ ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക്‌ നിരത്താനാവും. എനിക്ക്‌ അദൃശ്യമറിയില്ലായെന്ന്‌ സ്വയം തന്നെ റസൂലുല്ലാഹ്‌ പ്രഖ്യാപിക്കുന്നത്‌ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്‌ കാണുക:
`നബിയേ, പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ, നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല.' (46/9)
`നബിയേ, പറയുക: എന്റെ സ്വന്തം ദേഹത്തിന്‌ തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല, അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു, തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.' (7/188)
പ്രവാചകന്‍ (സ്വ)ക്ക്‌ അദൃശ്യമറിയില്ലായെന്നതാണ്‌ ഈ വ്യക്തമായ തെളിവുകളില്‍ നിന്ന്‌ നാം മനസ്സിലാക്കേണ്ടത്‌. എന്നിട്ടും പല ആളുകളും നബി (സ്വ)ക്ക്‌ അദൃശ്യമറിയുമെന്ന്‌ വാദിക്കാറുണ്ട്‌. അതിന്‌ അവര്‍ സൂറത്ത്‌ ജിന്നിലെ രണ്ട്‌ ആയത്തുകളും തെളിവായി ദുര്‍വ്യാഖാനിക്കാറുണ്ട്‌,
`അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരനെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.' (72/ 26, 27)
നബി (സ്വ) അദൃശ്യമറിയുമെന്നതിന്‌ ഇതില്‍ യാതൊരു തെളിവുമില്ല, ഇവിടെ പരാമര്‍ശിക്കുന്നത്‌ വഹ്‌യുമായി ബന്ധപ്പെട്ടതാണ്‌. അതായത്‌ അല്ലാഹു വഹ്‌യിലൂടെ അറിയിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ പ്രവാചകന്‍ (സ്വ)ക്ക്‌ അറിയും, അതല്ലാതെ അദൃശ്യകാര്യങ്ങള്‍ യാതൊന്നും തന്നെ നബിമാര്‍ക്ക്‌ പോലും അറിയില്ല.
ഇബ്‌നു ഹജറില്‍ അസ്‌ക്വലാനി (റ) പറയുന്നു: `വിശ്വാസം കൃത്യമായ രൂപത്തില്‍ രൂഢമൂലമാവാത്തവര്‍ വിചാരിക്കുന്നത്‌ പ്രവാചകത്വം ശരിയാവണമെങ്കില്‍ എല്ലാ അദൃശ്യ കാര്യങ്ങളും അറിയേണ്ടതുണ്ട്‌ എന്നാണ്‌. ഇബ്‌നു ഇസ്‌ഹാക്വിന്റെ `അല്‍മഗാസീ' എന്ന ഗ്രന്ഥത്തില്‍ കാണാം: നബി (സ്വ)യുടെ മൃഗം വഴിതെറ്റിപോവുകയുണ്ടായി, അപ്പോള്‍ സൈദുബ്‌നു ലസ്വീത്‌ പറയുകയുണ്ടായി, മുഹമ്മദ്‌ ആകാശങ്ങളിലെ വാര്‍ത്ത അറിയിച്ചു തരുന്ന നബിയാണെന്ന്‌ വാദിക്കുന്നുണ്ടല്ലോ, അദ്ദേഹത്തിന്‌ തന്റെ മൃഗം എവിടെയെന്ന്‌ പോലും അറിയില്ല? (ഇതറിഞ്ഞ) നബി (സ്വ) പറയുകയുണ്ടായി: `ഇന്ന മനുഷ്യന്‍ ഇങ്ങനെയെല്ലാം പറയുന്നത്‌ കേട്ടല്ലോ, അല്ലാഹു തന്നെയാണ സത്യം! തീര്‍ച്ചയായും അല്ലാഹു അറിയിച്ചുതരുന്നതല്ലാതെ എനിക്ക്‌ ഒന്നും അറിയില്ല, ആ മൃഗത്തെ സംബന്ധിച്ച്‌ അല്ലാഹു എനിക്ക്‌ അറിയിച്ചു തരുകയുണ്ടായി. മൃഗം ഇന്ന മലയുടെ ചെരുവിലാണ്‌, ഒരു മരചുവട്ടിലുണ്ട്‌, അങ്ങനെ അവര്‍ അവിടെപോയി അതിനെ കൊണ്ടുവരികയും ചെയ്‌തു. ഇവിടെ നബി (സ്വ)ക്ക്‌ അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ അറിയില്ലായെന്ന്‌ കൃത്യമായി വ്യക്തമാക്കുകയുണ്ടായി. അതാണ്‌ അല്ലാഹു പറഞ്ഞതിന്റെ ആശയം.
എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്‌. (72/ 26, 27)..... (ഫത്‌ഹുല്‍ ബാരി, 13/364)
സൈദുബ്‌നു ലസ്വീത്‌ ഇത്‌ പറയുന്ന സന്ദര്‍ഭത്തില്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല, അദൃശ്യങ്ങള്‍ മുഴുവനും അറിയുന്നതാണ്‌ പ്രവാചകത്വം എന്നദ്ദേഹം വിശ്വസിച്ചിരുന്നു, ഇത്ര വ്യക്തമായ തെളിവുകള്‍ വിശുദ്ധ ക്വുര്‍ആനിലും, തിരുസുന്നത്തിലുമുണ്ടായിട്ടും ഇന്ന്‌ മുസ്‌ലിംകളില്‍ അധികവും വിശ്വസിക്കുന്നത്‌ എന്താണ്‌, അദൃശ്യങ്ങള്‍ അറിയുന്ന പ്രവാചകനാണ്‌ മുഹമ്മദ്‌ (സ്വ)യെന്നാണ്‌. പലയാളുകളും മാലമൗലൂദുകളിലൂടെ തിരുനബി(സ്വ)യോട്‌ പോലും വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്‌ കാണാവുന്നതാണ്‌. ഇങ്ങനെയുള്ളവര്‍ക്ക്‌ എന്ത്‌ തെളിവാണ്‌ ഉള്ളത്‌. പരലോകത്ത്‌ ഇവര്‍ എങ്ങനെയാണ്‌ രക്ഷപ്പെടുക?
`നിങ്ങള്‍ തിന്നതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ (ഈസാ) നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍' (3/49)
ഈ ആയത്തില്‍ പരാമര്‍ശിച്ച കാര്യവും, അതുപോലെ യൂസുഫ്‌നബി (അ)യിലൂടെ സംഭവിച്ച അസാധാരണ സംഭവങ്ങളും മുഹമ്മദ്‌ നബി (സ്വ)യിലൂടെ മുകളില്‍ സൂചിപ്പിച്ച മൃഗം എവിടെയെന്ന്‌ കൃത്യമായി പറഞ്ഞതടക്കമുള്ള സംഭവങ്ങളുമെല്ലാം പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു നല്‍കുന്ന മുഅ്‌ജിസത്ത്‌ എന്ന നിലക്കാണ്‌ അവരെല്ലാം അറിയിച്ചു തന്നിരിക്കുന്നത്‌. അതാണ്‌ ക്വുര്‍ആനും സുന്നത്തും മുസ്‌ലിംകളെ പഠിപ്പിക്കുന്നത്‌.
അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസത്തിന്‌ ഇസ്‌ലാമിലുള്ള പ്രത്യേകതയും, സ്ഥാനവുമാണ്‌ നാം കണ്ടത്‌. അദൃശ്യങ്ങളിലുള്ള വിശ്വാസം മുത്തക്വീകളുടെ സ്വഭാവത്തില്‍ പെട്ടതാകുന്നു. അദൃശ്യമറിയുകയെന്നത്‌ ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ ഗുണങ്ങളില്‍ പെട്ടതാകുന്നു. ആരെങ്കിലും അദൃശ്യമറിയുമെന്നോ, നാളെ നടക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ വ്യക്തമാക്കി തരാം എന്ന്‌ പറയുകയോ ചെയ്‌താല്‍ അവന്‍ കള്ളനാണെന്ന്‌ നാം മനസ്സിലാക്കുക. അങ്ങനെ അറിയുമെന്ന്‌ വാദിക്കുന്നവരുടെ അടുത്ത്‌ പോയി അവര്‍ പറയുന്നത്‌ വിശ്വസിക്കുകയാണെങ്കില്‍ അവന്‍ ക്വുര്‍ആനില്‍ അവിശ്വസിച്ചിരിക്കുന്നു, എന്ന പ്രവാചക വചനത്തിന്റെ ആശയം എപ്പോഴും നമ്മുടെ മനസ്സുകളില്‍ ഉണ്ടായിരിക്കട്ടെ, അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ.

കടപ്പാട്: അൽ മനാർ മാസിക

1 comment: