നബിദിനാഘോഷം ഇസ്‌ലാമികമെന്ത്?

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ്‌ നമ്മുടേത്‌. പുത്തന്‍ ആചാരങ്ങളും ശിര്‍ക്കന്‍ ആശയങ്ങളും ഇസ്‌ലാമിലേക്ക്‌ കടത്തിക്കൂട്ടുകയും, പ്രവാചക മാതൃകയില്ലാത്ത പ്രവര്‍ത്തനങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുവാന്‍ ഒരു വിഭാഗമാളുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു വിശ്വാസി എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം വര്‍ജ്ജിക്കണമെന്നും ഇസ്‌ലാം കൃത്യമായി നിര്‍ദ്ദേശിക്കുന്നുണ്ട്‌. അതെല്ലാം ജനങ്ങളെ പഠിപ്പിച്ചതിനു ശേഷമാണ്‌ തിരുനബി(സ്വ)വഫാത്തായത്‌. അദ്ദേഹത്തിലൂടെയാണ്‌ ഇസ്‌ലാം ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ടതും.
അല്ലാഹു പറയുന്നു: ``ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ പൂര്‍ണമായും നിറവേറ്റിത്തരികയും ചെയ്‌തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ തൃപ്‌തിപ്പെട്ടു തന്നിരിക്കുന്നു.'' (മാഇദ : 3)
ഇസ്‌ലാം മത പൂര്‍ത്തീകരണത്തിനു ശേഷം അനേകം ആളുകള്‍ പ്രവാചകന്‍(സ്വ)യുടെ പേരില്‍ കള്ളം കെട്ടിച്ചമച്ചു. അതിലൂടെ മുസ്‌ലിം സമൂഹത്തെ അവര്‍ വഴിതെറ്റിക്കുകയും ചെയ്‌തു. ഇന്നും അത്‌ തുടര്‍ന്ന്‌ കൊണ്ടിരിക്കുന്നു.
ഇസ്‌ലാമില്‍ പുതുതായി വല്ലതും കൂട്ടിച്ചേര്‍ത്താല്‍ അത്‌ തള്ളപ്പെടണമെന്ന്‌ പ്രവാചകന്‍(സ്വ) പറയുന്നു:
``ആഇശ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ കാര്യത്തില്‍ (ഇസ്‌ലാമില്‍) അതില്‍ ഉള്‍പ്പെട്ടതല്ലാത്ത വല്ല കാര്യവും ആരെങ്കിലും പുതുതായി നിര്‍മ്മിച്ചാല്‍ അത്‌ തള്ളിക്കളയേണ്ടതാണ്‌.'' (ബുഖാരി, മുസ്‌ലിം)
അത്തരത്തില്‍, പ്രവാചകന്‍(സ്വ)യുടെ വഫാത്തിനുശേഷം മുളഫ്‌ഫര്‍ രാജാവ്‌ ഇസ്‌ലാമില്‍ കടത്തികൂട്ടിയ അനാചാരമാണ്‌ മൗലിദ്‌.
മുഹമ്മദ്‌ നബി(സ്വ)ജനിച്ച മാസമാണ്‌ റബീഉള്‍ അവ്വല്‍. ഈ മാസത്തില്‍ എന്തെങ്കിലുമൊരു കര്‍മ്മം പ്രത്യേകമായി അനുഷ്‌ഠിക്കുവാനോ ആഘോഷിക്കുവാനോ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നില്ല. മാത്രവുമല്ല പവിത്രമാസങ്ങളില്‍പ്പെട്ട 4 മാസങ്ങളില്‍ റബീഉല്‍ അവ്വലിനെ എണ്ണിയതായും കാണുവാന്‍ സാധിക്കുകയില്ല.
അല്ലാഹു പറയുന്നു:``ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതരുനുസരിച്ച്‌ അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട വയുമാകുന്നു.'' (തൗബ : 36)
ശ്രേഷ്‌ഠമായ മാസങ്ങളില്‍ റബീഉല്‍ അവ്വല്‍ ഇല്ല. റബീഉല്‍ അവ്വലിന്‌ പ്രത്യേകം പുണ്യങ്ങളൊന്നുമില്ല. ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ രണ്ട്‌ ആഘോഷങ്ങളേ ഉള്ളൂ. ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്‌. അതുമല്ല ഒരാളുടെ ജന്മദിനത്തിലോ ചരമദിനത്തിലോ പ്രത്യേക പ്രാര്‍ത്ഥനകളോ ഭക്ഷണവിതരണമോ നടത്തുന്നതിന്നു ഇസ്‌ലാമില്‍ രേഖയില്ല. മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ ആരുടെയും ജന്മദിനം മുഹമ്മദ്‌ നബി(സ്വ) ആഘോഷിച്ചിട്ടില്ല.
നബിദിനാഘോഷത്തിന്‌ ക്വുര്‍ആനില്‍ തെളിവോ?
നബിദിനാഘോഷത്തിന്‌ തെളിവായി തല്‍പരകക്ഷികള്‍ ഉദ്ധരിക്കുന്ന ഒരായത്താണ്‌ ഇത്‌.
``തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയേട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.'' (അഹ്‌സാബ്‌ : 56)
ഈ ആയത്തിന്റെ വിവക്ഷ നബിദിനമാണ്‌ എന്ന്‌ ലോകത്തൊരു മുഫസ്സിറും വ്യാഖ്യാനം നല്‍കിയിട്ടില്ല. മാത്രവുമല്ല ഈ ആയത്ത്‌ കൊണ്ട്‌ ഉദ്ദേശിച്ചത്‌ നബിദിനമാണെങ്കില്‍ എന്തുകൊണ്ട്‌ സ്വഹാബത്ത്‌ നബിദിനം ആഘോഷിച്ചില്ല!
എന്നാല്‍ ആയത്തിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നതുകാണുക:
``അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സ്വലാത്തുകൊണ്ടുദ്ദേശം അവന്റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നാണ്‌. മലക്കുകളെ സംബന്ധിച്ചിടത്തോളം പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാകുന്നു. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നുമാണ്‌.'' (വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ്‌ അമാനി മൗലവി വാള്യം 3)
അതല്ലാതെ നബിദിനമാഘോഷത്തിന്‌ തെളിവല്ല ഈ ആയത്ത്‌ എന്ന്‌ മുസ്‌ലിംകള്‍ മനസ്സിലാക്കേണ്ടതുണ്ട്‌.
സ്വഹാബത്ത്‌ ജന്മദിനം ആഘോഷിച്ചുവോ?
പ്രവാചകന്‍(സ്വ)ന്റെ സാന്നിധ്യത്തില്‍ ദീന്‍ പഠിക്കുകയും അവിടുത്തെ സാമീപ്യം ലഭിക്കുകയും ചെയ്‌തവരാണല്ലോ സ്വഹാബത്ത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം ത്യജിച്ചവരായിരുന്നല്ലോ അവര്‍. പ്രവാചക നിയോഗത്തിനു ശേഷം 23 വര്‍ഷകാലം അവര്‍ പ്രവാചകന്‍(സ്വ)യുടെ കൂടെ ജീവിച്ചല്ലോ! ഏകദേശം 22 ഓളം ജന്മദിനങ്ങള്‍ അക്കാലത്ത്‌ കടന്നുപോയി. അവരോട്‌ എന്റെ ജന്മദിനം നിങ്ങള്‍ ആഘോഷിക്കുക എന്ന്‌ മുഹമ്മദ്‌ നബി(സ്വ) ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. അവരാരും തന്നെ റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയോ ഭക്ഷണവിതരണം നടത്തുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ടു തന്നെ പ്രവാചക മാതൃകയില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബിദ്‌അത്തും അനാചാരവുമാണ്‌.
നബിദിനാഘോഷത്തോട്‌ 4 ഖലീഫമാരുടെ നിലപാട്‌
അബൂബക്‌ര്‍ (റ)
പ്രവാചകന്‍(സ്വ)ന്റെ അടുത്ത കൂട്ടുകാരനായിരുന്നല്ലോ അബൂബക്‌ര്‍(റ). നബി ഏറെ ഇഷ്‌ടപ്പെട്ട ആളുമായിരുന്നു അദ്ദേഹം. ഏറെ വിഷമങ്ങള്‍ അനുഭവിച്ച്‌ മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നബി(സ്വ)യുടെ കൂടെ അദ്ദേഹം പാലായനം ചെയ്‌തു. ജന്മദിനമാഘോഷിക്കാന്‍ പ്രവാചകന്‍(സ്വ) കല്‍പ്പന നല്‍കിയെങ്കില്‍ അടുത്ത കൂട്ടുകാരന്റെ ജന്‌മദിനം എന്തുകൊണ്ട്‌ അബൂബക്‌ര്‍(റ) ആഘോഷിച്ചില്ല.
മുഹമ്മദ്‌ നബി(സ്വ)യുടെ വഫാത്തിനു ശേഷം 2 വര്‍ഷത്തോളം ഖലീഫയായ അദ്ദേഹം പ്രവാചകന്‍(സ്വ)ന്റെ ജന്മദിനമാഘോഷിക്കാന്‍ എന്തുകൊണ്ട്‌ സമൂഹത്തോട്‌ കല്‍പ്പിച്ചില്ല? 
ഉമര്‍(റ)
നബി വഫാത്തായ ദിവസം, ``ആരെങ്കിലും മുഹമ്മദ്‌ നബി(സ്വ) മരിച്ചെന്നു പറഞ്ഞാല്‍ അവന്റെ തല ഞാന്‍ എടുക്കും'' എന്നു പറഞ്ഞ, പ്രവാചകന്‍(സ്വ)നെ അത്രത്തോളം സ്‌നേഹിച്ച ധീരനായിരുന്നു ഉമര്‍(റ). പ്രവാചകന്‍(സ്വ)ക്കു വേണ്ടി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ ശരീരത്തെ തന്നെ സമര്‍പ്പിച്ച യോദ്ധാവായിരുന്നു ഉമര്‍(റ). ആ ഉമര്‍(റ) ഒരിക്കല്‍പ്പോലും നബിദിനാഘോഷം നടത്തിയതായി ഒരു തെളിവും തന്നെ ഇല്ല. മാത്രവുമല്ല നബി(സ്വ)യുടെ വഫാത്തിനുശേഷം 10 വര്‍ഷത്തോളം മുസ്‌ലിം ഉമ്മത്തിന്റെ ഖിലാഫത്ത്‌ ഏറ്റെടുക്കുകയും ചെയ്‌ത ഉമര്‍(റ) സമൂഹത്തോട്‌ നബിദിനാഘോഷം നടത്താന്‍ കല്‍പ്പിച്ചിട്ടില്ല.
നബി(സ്വ)ന്റെ സാമിപ്യം ലഭിച്ച ഉത്തമ നൂറ്റാണ്ടെന്ന്‌ പ്രവാചകന്‍ വിശേഷിപ്പിച്ച സ്വഹാബത്ത്‌ അനുഷ്‌ഠിക്കാത്ത നബിദിനമെന്ന ഈ ബിദ്‌അത്ത്‌ നാം എന്തിന്‌ ആഘോഷിക്കണം. ഇസ്‌ലാമിലെ ഇത്തിക്കണ്ണികളായി വളരുന്ന ഈ ബിദഈ ആശയക്കാരെ നാം സൂക്ഷിക്കണം.
ഉഥ്‌മാന്‍(റ)
പരലോക ജീലിതം കാംക്ഷിച്ചു നബി(സ്വ)യുടെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ നെഞ്ചിലേറ്റി തന്റെ സമ്പത്തും കച്ചവടച്ചരക്കുകളും ഇസ്‌ലാമിനു വേണ്ടി സമര്‍പ്പിച്ച മൂന്നാം ഖലീഫ ഉഥ്‌മാന്‍(റ) നബിദിനം ആഘോഷിച്ചിട്ടില്ല. പ്രവാചകന്‍(സ്വ)യുടെ സ്വഹാബത്ത്‌ സ്വീകരിച്ചിട്ടില്ലാത്ത ഇത്തരം അനാചാരങ്ങള്‍ സമൂഹം വര്‍ജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അലി(റ)
നബി(സ്വ) മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ പാലായനം ചെയ്യാനൊരുങ്ങിയപ്പോള്‍ ക്വുറൈശികള്‍ വീടുവളഞ്ഞ സന്ദര്‍ഭത്തില്‍ തന്റെ ജീവന്‍ പോലും പണയം വെച്ച്‌ നബി(സ്വ)യുടെ വിരിപ്പില്‍ കിടന്നുറങ്ങിയ, പ്രവാചക പുത്രി ഫാത്വിമയുടെ ഭര്‍ത്താവും ഇസ്‌ലാമിന്റെ നാലാം ഖലീഫയുമായ അലി(റ) നബിദിനം ആഘോഷിച്ചതായി തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.
പ്രമാണങ്ങളിലേക്ക്‌ മടങ്ങുക
നിങ്ങള്‍ക്കിടയില്‍ വല്ലകാര്യത്തിലും തര്‍ക്കമുണ്ടായാല്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്‌ മടക്കേണ്ടത്‌. അല്ലാതെ ഇര്‍ബല്‍ ഭരിച്ചിരുന്ന മുളഫ്‌ഫര്‍ രാജാവിലേക്ക മടക്കണമെന്ന്‌ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. മതത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്‌ മടക്കേണ്ടത്‌. എന്നാല്‍ അനാചാരങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്ന ആളുകള്‍ക്ക്‌ പ്രവാചകന്‍(സ്വ)ന്റെ ജന്മദിനം ആഘോഷിക്കാന്‍ ക്വുര്‍ആനില്‍ നിന്നോ ഹദീഥില്‍ നിന്നോ തെളിവുദ്ധരിക്കുവാന്‍ കഴിയുകയില്ല.
പ്രവാചക സ്‌നേഹം എങ്ങനെ?
പ്രവാചകന്‍(സ്വ)യെ സ്‌നേഹിക്കേണ്ടത്‌ ജന്മദിനം ആഘോഷിച്ചിട്ടോ നബി(സ്വ)യോട്‌ പ്രാര്‍ത്ഥിച്ചിട്ടോ അല്ല. അല്ലാഹുവിന്റെ റസൂലിന്റെ ചര്യ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ്‌. നബി എന്തൊരു കാര്യം ചെയ്യാന്‍ നമ്മോട്‌ കല്‍പ്പിച്ചുവോ അതിനെ നാം പിന്തുടരുക. ഏതൊന്ന്‌ നമ്മോട്‌ വിലക്കിയോ ആ കാര്യം നാം ജീവിതത്തില്‍ നിന്ന്‌ വര്‍ജ്ജിക്കുക. അങ്ങനെയാണ്‌ പ്രവാചകനെ സ്‌നേഹിക്കേണ്ടത്‌. അതല്ലാതെ ജന്മദിനമോ ചരമദിനമോ ആഘോഷിച്ചുകൊണ്ടല്ല. മാത്രവുമല്ല ജന്മദിനവും ചരമദിനവും ആഘോഷിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ ക്രൈസ്‌തവ മതക്കാരാണ്‌. അവരുടെ സ്വഭാവമാണ്‌ ഇന്ന്‌ മുസ്‌ലിംകളും അനുഷ്‌ഠിച്ചു പോരുന്നത്‌.
സ്വഹാബത്തോ, ഉത്തമനൂറ്റാണ്ടെന്ന്‌ പ്രവാചകന്‍(സ്വ) വിശേഷിപ്പിച്ച സച്ചരിതരായ ആളുകളോ അനുഷ്‌ഠിച്ചിട്ടില്ലാത്ത നബിദിനാഘോഷം എങ്ങനെ ഇസ്‌ലാമികമാകും! പുരോഹിതന്മാരും കൂട്ടാളികളും ചേര്‍ന്ന്‌ സാധാരണക്കാരന്റെ അന്നം കവര്‍ന്നെടുക്കാന്‍ കണ്ടു പിടിച്ച ഒരാചാരമാണ്‌ നബിദിനാഘോഷം. അതു വഴി അല്ലാഹുവിന്റെ ശിയായ മാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ ദുര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുകയാണവര്‍ ചെയ്യുന്നത്‌.
``സത്യവിശ്വാസികളേ, പണ്‌ഡിതന്മാരിലും പുരോഹിതന്മാരിലുംപെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു.'' (തൗബ : 34)

കടപ്പാട്‌: അല്‍മനാര്‍ മാസിക 2010 ഫെബ്രുവരു,

No comments:

Post a Comment