അബ്‌ദുര്‍റഹ്‌മാനുബ്‌നു ഔഫ്‌ (റ)


ഖുറൈശ്‌ ഗോത്രത്തിലെ ബനൂ സുഹ്‌റ വംശക്കാരനായ അബ്‌ദുര്‍റഹ്‌മാനുബ്‌നു ഔഫ്‌ ജനിച്ചത്‌, നബി(സ്വ) ജനിച്ച്‌ പത്തു വര്‍ഷം കഴിഞ്ഞാണ്‌. ഉപ്പ വഴിക്കും ഉമ്മ വഴിക്കും നബി
(സ്വ)യുടെ ബന്ധുവാണദ്ദേഹം. ശിഫാഉ എന്നാണ്‌ അദ്ദേഹത്തിന്റെ മാതാവിന്റെ പേര്‌. അബ്‌ദുഅംറ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യനാമം. അബൂബക്‌ര്‍ (റ) വിന്റെ പ്രബോധനമനുസരിച്ചാണ്‌ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്‌. മക്കയില്‍ മര്‍ദ്ദനം അസഹനീയമായപ്പോള്‍ എത്യോപ്യയിലേക്ക്‌ പോയ രണ്ടു സംഘത്തിലും അദ്ദേഹം ഉണ്ടായിരുന്നു.
മദീനയിലേക്ക്‌ മുഹാജിറായി വന്ന അദ്ദേഹത്തിന്‌ സഹോദരനായി സഅ്‌ദിബ്‌നു റബീഅ്‌ (റ) വിനെയാണ്‌ നബി
(സ്വ) നിശ്ചയിച്ചുകൊടുത്തത്‌. സഅദ്‌ (റ) അദ്ദേഹത്തിന്‌ പകുതി ധനം കൊടുക്കാന്‍ തയ്യാറായെങ്കിലും കച്ചവടം ചെയ്യാനാണ്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടത്‌. കച്ചവടം ചെയ്‌ത്‌ അദ്ദേഹം വലിയ ധനികനായിത്തീര്‍ന്നു. നബി(സ്വ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്‌ദ്‌ യുദ്ധക്കളത്തില്‍ നിന്ന്‌ എല്ലാവരും പിന്തിരിഞ്ഞ്‌ ഓടിയപ്പോള്‍ നബി(സ്വ)യുടെ കൂടെ ഉറച്ചു നിന്ന പതിനാലു പേരില്‍ അബ്‌ദുര്‍റഹ്‌മാനുബ്‌നു ഔഫ്‌ (റ)വുമുണ്ടായിരുന്നു.
നബി
(സ്വ)യുടെ കാലത്ത്‌ ധാരാളം ധനം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അദ്ദേഹം ചെലവഴിച്ചു. ഉസ്‌മാന്‍ (റ) വിന്റെ ഭരണകാലത്ത്‌ മദീനയില്‍ ദാരിദ്ര്യമുണ്ടായപ്പോള്‍ 700 ഒട്ടകപ്പുറത്ത്‌ കച്ചവടച്ചരക്കുമായി മദീനയില്‍ എത്തിയ അബ്‌ദുര്‍റഹ്മാന്‍ (റ) അത്‌ മുഴുവന്‍ മദീനക്കാര്‍ക്ക്‌ വീതിച്ചുകൊടുത്തു. `` അബ്‌ദുര്‍റഹ്മാനുബ്‌നു ഔഫ്‌ (റ) നിരങ്ങിക്കൊണ്ടാണ്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയെന്ന്‌ നബി(സ്വ) പറഞ്ഞ കാര്യം ആഇശ (റ) അദ്ദേഹത്തെ അറിയിച്ചപ്പോഴാണ്‌ സ്വര്‍ഗ്ഗത്തില്‍ നേരെ പ്രവേശിക്കാന്‍ വേണ്ടി അത്രയും വലിയ ധനം അദ്ദേഹം ദാനം ചെയ്‌തത്‌. ഉമര്‍ (റ) നിശ്ചയിച്ച ആറംഗസമിതിയില്‍ അദ്ദേഹമുണ്ടായിരുന്നല്ലോ. ഉസ്‌മാന്‍ (റ) വിനെ ഖലീഫയായി അഭിപ്രായപ്പെട്ടത്‌ അദ്ദേഹമായിരുന്നു.
അഗാധപാണ്‌ഡിത്യമുണ്ടായിരുന്ന അദ്ദേഹം നബി
(സ്വ)യുടെ കാലത്തു തന്നെ ജനങ്ങളുടെ സംശയങ്ങള്‍ നിവൃത്തിച്ചുകൊടുത്തിരുന്നു. ധാരാളം ഹദീസുകള്‍ അദ്ദേഹം നിവേദനം ചെയ്‌തിട്ടുണ്ട്‌. തബൂക്ക്‌ യുദ്ധകാലത്ത്‌ അദ്ദേഹത്തിന്റെ പിന്നില്‍ നിന്നുകൊണ്ട്‌ നബി(സ്വ)നമസ്‌കരിക്കുകയുണ്ടായി.
കച്ചവടത്തില്‍ ലഭിച്ച അളവറ്റ ധനം നിര്‍ലോഭം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അദ്ദേഹം ചെലവാക്കി. സാധുക്കള്‍ക്ക്‌ അദ്ദേഹം മരുപ്പച്ചയായിരുന്നു. തന്റെ ധനം മരണാനന്തരം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍, സാധുക്കള്‍ക്കും, ബദറില്‍ പങ്കെടുത്തവരില്‍ ശേഷിച്ചിരിക്കുന്നവര്‍ക്കും നല്‍കാന്‍ അദ്ദേഹം വസ്വിയ്യത്ത്‌ ചെയ്‌തു. അന്ന്‌ നൂറ്‌ ബദ്‌രീങ്ങള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും 400 ദിനാര്‍ വീതം ലഭിക്കുകയുണ്ടായി. ഉസ്‌മാന്‍ (റ) വിനും ആ വിഹിതം ലഭിച്ചു. അതു സ്വീകരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: `അബ്‌ദുര്‍റഹ്‌മാന്റെ ധനം പരിശുദ്ധവും ഹലാലുമാകുന്നു; അതു ഭക്ഷിച്ചാല്‍ അനുഗ്രഹവും സൗഖ്യവും ലഭിക്കും.'
ജീവിതാന്ത്യത്തില്‍ ഒരിക്കല്‍ തീന്‍മേശമേല്‍ രുചികരമായ ആഹാരം നിറഞ്ഞിരിക്കുന്നതു കണ്ടു അദ്ദേഹം കരഞ്ഞു പോയി. നബിയുടെ കാലത്തെ ദാരിദ്ര്യവും, ഉഹ്‌ദ്‌യുദ്ധത്തില്‍ മുസ്വ്‌അബുബ്‌നു ഉമൈറിന്റെയും ഹംസ(റ) വിന്റെയും രക്തസാക്ഷിത്വവും ഇപ്പോള്‍ തനിക്ക്‌ ലഭിച്ച ജീവിതസൗകര്യങ്ങളും ഓര്‍ത്തുകൊണ്ടാണ്‌ അദ്ദേഹം കരഞ്ഞത്‌.
നല്ല നീളവും തടിയുമുണ്ടായിരുന്ന അദ്ദേഹത്തിന്‌ വെളുപ്പും ചുവപ്പും കലര്‍ന്ന മിനുത്ത ശരീരമാണുണ്ടായിരുന്നത്‌. ചെവിക്കുന്നിവരെ തൂങ്ങിനിന്നിരുന്ന മുടിയും തിങ്ങിയ കണ്‍പുരികങ്ങളും നീണ്ട താടിയും നീളമുള്ള കഴുത്തുമുണ്ടായിരുന്നു അദ്ദേഹത്തിന്‌.
ഹിജ്‌റ: 32-ാം വര്‍ഷം മദീനയില്‍ അദ്ദേഹം പരലോകം പ്രാപിച്ചു. അന്ന്‌ 72 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

No comments:

Post a Comment