ആസ്യബിന്‍തു മുസാഹിം (റ)

സത്യവിശ്വാസികള്‍ക്ക്‌ മാതൃകയായി അല്ലാഹു നിശ്ചയിച്ച രണ്ട്‌ മഹതികളാണ്‌ മുസാഹിമിന്റെ പുത്രി ആസ്യയും ഇംറാന്റെ പുത്രി മറിയമും. നബി(സ്വ)പറയുകയുണ്ടായി. ``സ്വര്‍ഗ്ഗ സത്രീകളില്‍ ഉത്തമരാണ്‌ മുസാഹിമിന്റെ പുത്രി ആസ്യയും ഇംറാന്റെ പുത്രി മറിയമും, ഖുവൈലിദിന്റെ പുത്രി ഖദീജയും മുഹമ്മദിന്റെ പുത്രി ഫാത്വിമയും''.
ആസ്യ (റ) ഫിര്‍ഔനിന്റെ ഭാര്യയായിരുന്നു. നൈല്‍ നദിയില്‍ നിന്ന്‌ മൂസാ നബിയെ അടക്കം ചെയ്‌ത പെട്ടിയെടുത്ത്‌ ഫിര്‍ഔന്റെ കൊട്ടാരത്തില്‍ കൊണ്ടുവന്നു. അതില്‍ കുട്ടിയെ കണ്ട ആസ്യ വളരെ സന്തുഷ്‌ഠയായി. അവര്‍ ഭര്‍ത്താവിനോട്‌ പറഞ്ഞു: ``ഇവന്‍ എനിക്കും അങ്ങേക്കും സന്തോഷം തരുന്നു. ഇവനെ നമുക്ക്‌ വളര്‍ത്താം. നമുക്ക്‌ ഇവന്‍ ഉപകാരപ്പെടും.'' അങ്ങനെ മൂസാ (അ) ഫിര്‍ഔന്റെ കൊട്ടാരത്തില്‍ വളര്‍ന്നു.
ആസ്യ (റ) ഇസ്രാഈല്‍ വംശക്കാരിയാണെന്ന്‌ പറയപ്പെടുന്നു. വളരെ സൗന്ദര്യവും ബുദ്ധിശക്തിയും അവര്‍ക്കുണ്ടായിരുന്നു. ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫിര്‍ഔന്‍ മനുഷ്യനാണ്‌, അവന്‍ ഇലാഹല്ല, എന്ന സന്ദേശമായി മൂസാ നബി (അ) വന്നപ്പോള്‍ ആസ്യ (റ) അത്‌ അംഗീകരിച്ച്‌ മുസ്‌ലിമായി.
മൂസാ നബിയെയും ഇസ്‌ലാമിനെയും ഫിര്‍ഔന്‍ ശക്തിയായി എതിര്‍ത്തു. മൂസാ നബിയില്‍ വിശ്വസിച്ചവരെ കഠിനമായി മര്‍ദ്ദിച്ചു. മൂസാ നബിയുടെ പ്രവാചകത്വം അംഗീകരിച്ച ജാലവിദ്യക്കാരുടെ കൈകാലുകള്‍ മുറിച്ച്‌ അവരെ കുരിശില്‍ തറച്ച്‌ കൊന്നു.
മൂസാ നബി (അ)യുടെ പ്രബോധനം വിജയിക്കുകയും ഇസ്‌റാഈല്യര്‍ മുഴുവന്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്‌തു. നാട്ടില്‍ പലതരം പരീക്ഷണങ്ങളുണ്ടായി. ഇതെല്ലാം കണ്ട്‌ നടുങ്ങുകയും കോപാകുലനായി തീരുകയും ചെയ്‌തപ്പോഴാണ്‌ സ്വന്തം കൊട്ടാരത്തിനകത്ത്‌ ഭാര്യ ആസ്യ മൂസായില്‍ വിശ്വസിച്ച വിവരം ഫിര്‍ഔന്‍ അറിയുന്നത്‌. ഫിര്‍ഔന്‍ എത്രമാത്രം രോഷാകുലനായിട്ടുണ്ടായിരിക്കുമെന്ന്‌ ഊഹിക്കാമല്ലോ. ഫിര്‍ഔന്‍ ആസ്യയെ സത്യവിശ്വാസത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ മൂസായുടെ പ്രബോധനം സത്യമാണെന്ന ദൃഢ വിശ്വാസം ആസ്യക്കുണ്ടായിരുന്നു. ഫിര്‍ഔനിന്റെ കൊട്ടാരത്തിലെ എല്ലാവിധ രാജകീയ സുഖങ്ങളും വിശ്വാസത്തിന്റെ പേരില്‍ ത്യജിക്കാന്‍ അവര്‍ സന്നദ്ധയായി. ഭാര്യയോട്‌ യാതൊരു ദാക്ഷിണ്യവും കാണിക്കാന്‍ ഫിര്‍ഔന്‍ തയ്യാറായില്ല. ആസ്യയെ മലര്‍ത്തിക്കിടത്തി ശരീരത്തിന്റെ മര്‍മ്മ സ്ഥാനങ്ങളില്‍ ആണികള്‍ തറച്ചു. വേദന കൊണ്ട്‌ അവര്‍ പുളഞ്ഞു. വേദന അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ അവര്‍ പ്രാര്‍ത്ഥിച്ചു: ``നാഥാ, എനിക്ക്‌ നിന്റെ അടുക്കല്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മണിമാളിക പണിത്‌ തരേണമേ ! ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെ രക്ഷിക്കേണമേ, അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ രക്ഷിക്കണേ.''
അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിച്ചു. വിശ്വാസ സംരക്ഷണത്തിന്‌ വേണ്ടി കൊട്ടാര ജീവിതം വലിച്ചെറിഞ്ഞ അവരെ ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ക്ക്‌ മാതൃകയാക്കി. പാരത്രികലോകത്തില്‍ സ്വര്‍ഗ്ഗ സ്‌ത്രീകളില്‍ ഉത്തമയാക്കുകയും ചെയ്‌തു.

No comments:

Post a Comment