മദ്‌ഹബുകള്‍

മക്കാവിജയത്തെത്തുടര്‍ന്ന്‌ പല നാട്ടുകാരും വിവിധ ഗോത്രക്കാരും കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്‌ വന്നുകൊണ്ടിരുന്നു. അവര്‍ക്ക്‌ ഇസ്‌ലാമിക ശിക്ഷണം നല്‍കുന്നതിനും ഭരണ നടത്തിപ്പിനുമായി പല സഹാബി വര്യന്‍മാരെയും നബി(സ) അത്തരം പ്രദേശങ്ങളിലേക്ക്‌ അയച്ചുകൊടുത്തു.
നബി (സ) ക്ക്‌ ശേഷം സ്വഹാബികളുടേയും തുടര്‍ന്നുവന്ന ഭരണ കര്‍ത്താക്കളുടേയും കാലഘട്ടത്തില്‍ മുസ്‌ലിം സാമ്രാജ്യത്തിന്റെ വിസ്‌തൃതി വര്‍ദ്ധിച്ചു. നിരവധി നാട്ടുകാരും വിഭാഗക്കാരും വിഭിന്ന ഗോത്രങ്ങളും ഇസ്‌ലാം ആശ്ലേഷിച്ചു. അവര്‍ക്കൊക്കെ ഇസ്‌ലാമിനെക്കുറിച്ച്‌ കേട്ടുകേള്‍വിയില്‍ കവിഞ്ഞ അറിവൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ഭരണകര്‍ത്താക്കള്‍ പണ്ഡിതന്‍മാരെ ഇത്തരം നാടുകളിലേക്കും ഗോത്രങ്ങളിലേക്കും അയച്ചുകൊടുത്തു. മുമ്പ്‌ നബി തിരുമേനി (സ) ചെയ്‌തിരുന്നതുപോലെത്തന്നെ.
ഉദാഹരണമായി, ഉമര്‍ (റ) കൂഫക്കാര്‍ക്കെഴുതി: ``അമ്മാറിനെ ഗവര്‍ണ്ണറായും അബ്‌ദുല്ലാഹിബ്‌നുമസ്‌ഊദിനെ അധ്യാപകനും മന്ത്രിയുമായും ഞാന്‍ അങ്ങോട്ടേക്കയക്കുന്നു.'' അവര്‍ രണ്ട്‌പേരും റസൂല്‍ (സ)യുടെ പ്രഗത്ഭ സഖാക്കളില്‍പ്പെട്ടവരാകുന്നു.
അബ്‌ദുല്‍ല്ലാഹിബ്‌നു മസ്‌ഊദ്‌ കൂഫാ നിവാസികള്‍ക്ക്‌ സുന്നത്ത്‌ പഠിപ്പിച്ചുകൊണ്ട്‌ വളരെകാലം കൂഫയില്‍ താമസിച്ചു. അദ്ദേഹം അവരുടെ ന്യായാധിപനുമായിരുന്നു. ഇബ്‌നു മസ്‌ഊദിന്റെ ശിഷ്യ പരമ്പര ഇറാഖിനെ വിജ്ഞാന സമ്പന്നമാക്കിത്തീര്‍ത്തു.
ഇങ്ങനെ ഭരണകര്‍ത്താക്കളാല്‍ നിയോഗിക്കപ്പെട്ട പണ്ഡിതന്‍മാര്‍ അതതുപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ ദീന്‍ പഠിപ്പിച്ചുകൊണ്ട്‌ അവിടങ്ങളില്‍ ജീവിച്ചു. ഇവരുടെ ശിഷ്യത്വം സ്വീകരിച്ച്‌ പ്രഗത്ഭരായിത്തീര്‍ന്ന പണ്ഡിതന്‍മാരിലൂടെയും പിന്നെ അവരുടെ ശിഷ്യഗണങ്ങളിലൂടെയും പണ്ഡിത ശൃംഘലകള്‍തന്നെ ആ രാജ്യങ്ങളിലുണ്ടായി.
വിവിധ നാടുകളില്‍ ജീവിച്ചിരുന്ന ഈ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാവുക സ്വാഭാവികമായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഹദീസ്‌ ക്രോഡീകരണം പൂര്‍ത്തിയായിരുന്നില്ല. ഒരു നാട്ടിലെ പണ്ഡിതന്‍മാര്‍ക്ക്‌ ലഭിച്ച ഹദീസുകളെല്ലാം മറു നാട്ടിലെ പണ്ഡിതന്‍മാര്‍ക്കും മുഴുവനായി ലഭിക്കുക എന്നത്‌ അസാധ്യമായിരുന്നു. അതുപോലെ ഓരോ നാട്ടിലേയും ചുറ്റുപാടും അനുഭവങ്ങളും അവിടുത്തെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ സ്വാധീനം ചെലുത്തുക എന്നത്‌ സ്വാഭാവികമാണ്‌. അഭിപ്രായ ഭിന്നതകള്‍ക്ക്‌ കളമൊരുക്കിയ പ്രത്യേക പരിതസ്ഥിതികള്‍ കണക്കിലെടുക്കാതെ ഓരോ നാട്ടുകാരും അവിടങ്ങളിലെ പണ്ഡിതന്‍മാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കിപ്പോന്നു.
ഇറാഖിലെ പണ്ഡിതന്മാര്‍ക്ക്‌ സ്വാഭാവികമായും ഹിജാസിലെ പണ്ഡിതന്മാരെ അപേക്ഷിച്ച്‌ ഹദീസുകള്‍ കുറച്ചുമാത്രമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട്‌ ഫത്‌വ നല്‍കുമ്പോള്‍, അവര്‍ക്ക്‌ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്വന്തം അഭിപ്രായങ്ങളും പരിഗണിക്കേണ്ടിവന്നിരുന്നു. അതിനാല്‍ ഇവര്‍ അഭിപ്രായത്തിന്റെ ആളുകള്‍ (അഹ്‌ലുര്‍റഅ്‌യ്‌) എന്നറിയപ്പെട്ടു.
ഹിജാസിലെ, മുഖ്യമായും മക്കയിലെയും മദീനയിലേയും പണ്ഡിതന്മാര്‍ ഹദീസുകളെ അവലംബമാക്കിയായിരുന്നു ഫത്‌വകള്‍ നല്‍കിയിരുന്നത്‌. അതിനാല്‍ അവര്‍ ഹദീസിന്റെ ആളുകള്‍ (അഹ്‌ലുല്‍ഹദീസ്‌) എന്നറിയപ്പെട്ടു. അവരില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുണ്ടായിരുന്നു. ഇവരില്‍ അഹ്‌ലുര്‍റഅ്‌യിന്റെ പൊതുനേതൃത്വം ഇമാം അബൂഹനീഫ (റ)യില്‍ വന്നുചേര്‍ന്നു.
ഈ പണ്ഡിതന്മാരില്‍ ഓരോരുത്തരുടേയും രീതിയനുസരിച്ച്‌ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ പുറപ്പെടുവിക്കുന്ന ഫത്‌വ (മതവിധി) കളിലും വ്യത്യാസമുണ്ടാകുമെന്ന്‌ പറയേണ്ടതില്ലല്ലോ. ഇങ്ങനെ ഇസ്‌ലാമിക വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച്‌ വിവിധ പണ്ഡിതന്മാര്‍ക്കിടയില്‍ ഉത്ഭവിച്ച അഭിപ്രായഗതികളെയാണ്‌ മദ്‌ഹബുകള്‍ എന്ന്‌ വിളിക്കുന്നത്‌. ഇത്തരത്തിലുള്ള വിവിധ ചിന്താഗതികളിലോരോന്നും അതത്‌ പണ്ഡിതന്മാരുടെ പേരോട്‌ ചേര്‍ത്ത്‌ പറയപ്പെടുന്നു. ഇമാം മാലികിന്റെ (റ)ന്റെ അഭിപ്രായഗതി `മാലികി മദ്‌ഹബ്‌' എന്നും ഇമാം ശാഫീഈയുടേത്‌ `ശാഫിഈ മദ്‌ഹബ്‌' എന്നും ഇമാം ഹംബലിയുടേത്‌ `ഹംബലി മദ്‌ഹബ്‌' എന്നും, ഇമാം അബൂ ഹനീഫയുടേത്‌ `ഹനഫീ മദ്‌ഹബ്‌' എന്നും അറിയപ്പെടുന്നു. ഇതിലേതെങ്കിലും ഒരു സമീപനരീതി സ്വീകരിക്കുന്നവരെ ആ മദ്‌ഹബ്‌കാരന്‍ എന്ന്‌ വിളിക്കുന്നു. ശാഫിഈ മദ്‌ഹബ്‌ സ്വീകരിച്ചവന്‍ ശാഫിഈ മദ്‌ഹബ്‌കാരും, ഹനഫീ മദ്‌ഹബ്‌ സ്വീകരിച്ചവന്‍ ഹനഫീ മദ്‌ഹബ്‌കാരും എന്നിങ്ങനെ. പില്‍ക്കാലത്ത്‌ മദ്‌ഹബുകളുടെ പേരില്‍ ജനങ്ങള്‍ കക്ഷികളായി ഭിന്നിച്ചതിന്‌ മദ്‌ഹബിന്റെ ഇമാമുകള്‍ ഉത്തരവാദികളായിരുന്നില്ല. നേരെമറിച്ച്‌ `ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്കെതിരായി ഹദീസ്‌ ലഭിച്ചാല്‍ അതാണ്‌ നിങ്ങള്‍ സ്വീകരിക്കേണ്ടത്‌' എന്ന്‌ അവരെല്ലാവരും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌.
ഇമാം അബൂഹനീഫ, ഇമാം മാലിക്‌ബ്‌നു അനസ്‌, ഇമാം മുഹമ്മദ്‌ബ്‌നു ഇദ്‌രീസിശ്ശാഫിഈ, ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ എന്നിവരാണ്‌ മദ്‌ഹബുകളുടെ ഉപജ്ഞാതാക്കള്‍.

No comments:

Post a Comment