അബൂ ഉബൈദ: (റ)

ഖുറൈശി ഗോത്രത്തിലാണ്‌ അബൂ ഉബൈദ:(റ) ജനിച്ചത്‌. യഥാര്‍ത്ഥനാമം ആമിര്‍ എന്നാണ്‌. പിതാവ്‌ അബ്‌ദുല്ലയും മാതാവ്‌ ഉമൈമയുമാകുന്നു. പിതാമഹനിലേക്ക്‌ ചേര്‍ത്തി, അബൂഉബൈദ: ആമിറുബ്‌നുല്‍ ജര്‍റാഹ്‌ എന്നാണ്‌ പറയപ്പെടാറുള്ളത്‌. അബൂബക്‌ര്‍ (റ)വിന്റെ ക്ഷണമനുസരിച്ചാണ്‌ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്‌. അദ്ദേഹം മദീനയിലേക്ക്‌ ഹിജ്‌റ: പോയി. അവിടെ അദ്ദേഹത്തിന്‌ സഹോദരനായി നബി(സ്വ) നിശ്ചയിച്ചത്‌ സഅ്‌ദുബ്‌നു മുആദ്‌ (റ) വിനെയായിരുന്നു. ബദ്‌റിലും മറ്റുയുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ഉഹ്‌ദ്‌ യുദ്ധത്തില്‍ നബി
(സ്വ)യുടെ തിരുമുഖത്ത്‌ പടത്തൊപ്പിയുടെ ആണിതറഞ്ഞപ്പോള്‍ അബൂ ഉബൈദ (റ) പല്ലുകൊണ്ട്‌ അത്‌ കടിച്ചു പറിച്ചെടുത്തതിനാല്‍ അദ്ദേഹത്തിന്റെ രണ്ടു മുന്‍ പല്ലുകള്‍ കൊഴിഞ്ഞിരുന്നു.
നബി
(സ്വ)യുടെ കാലത്തുണ്ടായ ചില യുദ്ധങ്ങളില്‍ നായകനായിരുന്ന അദ്ദേഹം ഉല്‍കൃഷ്‌ടസ്വഭാവവും മതനിഷ്‌ഠയും നിമിത്തം നബി(സ്വ) അദ്ദേഹത്തിന്‌ `അമീനുല്‍ ഉമ്മ'എന്നു നാമകരണം ചെയ്‌തു. നജ്‌റാനില്‍ മുസ്‌ലിംകളായവരെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ അവരുടെ നാട്ടിലേക്ക്‌ നബി(സ്വ) അയച്ചത്‌ അബൂ ഉബൈദത്ത്‌ (റ)വിനെയായിരുന്നു.
നബി
(സ്വ)യുടെ വിയോഗാനന്തരം പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ മുസ്‌ലിംകള്‍ ഒരു മിച്ചുകൂടിയപ്പോള്‍ അബൂബക്‌ര്‍ (റ) പറഞ്ഞു: ``ഇതാ നിങ്ങള്‍ ഖലീഫയായി ഉമറിനെയോ, അബൂഉബൈദയെയോ തിരഞ്ഞെടുക്കുവീന്‍''. ഈ അഭിപ്രായം അദ്ദേഹത്തിന്റെ മഹത്വത്തിനു തെളിവാകുന്നു.
അബൂബക്‌ര്‍ (റ) വിന്റെ കാലത്തുണ്ടായ യര്‍മൂക്ക്‌ യുദ്ധത്തിന്റെ പടനായകത്വം ഖാലിദുബ്‌നു വലീദിന്നായിരുന്നുവല്ലോ. യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ അബൂബക്‌ര്‍ (റ) വഫാത്താവുകയും ഉമര്‍ (റ) ഖിലാഫത്ത്‌ ഏറ്റെടുക്കുകയും ചെയ്‌തു. ഈയവസരത്തില്‍ ഖാലിദുബ്‌നു വലീദിനെ സൈനികനേതൃസ്ഥാനത്തുനിന്ന്‌ മാറ്റി. തല്‍സ്ഥാനത്ത്‌ അബൂഉബൈദ: (റ) യെ നിയമിച്ചു. അദ്ദേഹം നിരവധി പ്രദേശങ്ങള്‍ ജയിച്ചടക്കി ഇസ്‌ലാമിക സാമ്രാജ്യത്തോട്‌ കൂട്ടിച്ചേര്‍ത്തു. അവിടത്തുകാര്‍ മുഴുവന്‍ ഇസ്‌ലാമിലേക്ക്‌ വന്നു. സിറിയന്‍ പ്രദേശങ്ങളുടെ മുഴുവന്‍ നേതൃത്വവും അദ്ദേഹത്തിന്നായിരുന്നതിനാല്‍ `അമീറുല്‍ ഉമറാഅ്‌' എന്ന പേരിലദ്ദേഹം അറിയപ്പെട്ടു.
വളരെ ലളിത ജീവിതമാണ്‌ അദ്ദേഹം നയിച്ചത്‌. സിറിയ സന്ദര്‍ശിക്കാന്‍ വന്ന ഉമര്‍ (റ) അബൂ ഉബൈദ: (റ) വിന്റെ വീടും സന്ദര്‍ശിക്കുകയുണ്ടായി. വാളും പരിചയുമല്ലാതെ ആ വീട്ടില്‍ മറ്റൊരു ഉപകരണവും ഉമര്‍ (റ) കണ്ടില്ല. നീണ്ടു മെലിഞ്ഞ ശരീരം, തെളിവാര്‍ന്ന മുഖം, ലഘുവായ താടി, മുന്‍ പല്ലുകള്‍ കൊഴിഞ്ഞ ദന്ത നിര ഇതായിരുന്നു അദ്ദേഹത്തിന്റെ ശരീരാകൃതി. ഹിജ്‌റ 16-ാം വര്‍ഷത്തില്‍ അംവാസ്‌ പ്രദേശത്ത്‌ പടര്‍ന്നുപിടിച്ച കോളറ കണക്കറ്റ ജനങ്ങളുടെ ജീവനൊടുക്കി. മഹാനായ അബൂഉബൈദ: (റ) വും ആ വിപത്തില്‍ ദിവംഗതനായി. അന്ന്‌ അദ്ദേഹത്തിന്‌ 58 വയസ്സ്‌ പ്രായമുണ്ടായിരുന്നു.

No comments:

Post a Comment