പീഡനത്തില്‍ നിന്ന്‌ മോചനം - എങ്ങനെ

വിവിധ രാജ്യങ്ങളില്‍ ഇസ്‌ലാമും, മുസ്‌ലിംകളും തീവ്രവാദഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്‌. മതമൈത്രിയുടെ കേളീരംഗമായ കൊച്ചു കേരളത്തിലേക്കും ഈ പ്രവണതവ്യാപിച്ചിരിക്കുന്നോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. നിയമ പാലകരും വാര്‍ത്താമീഡിയകളും ഒരു സമുദായത്തെ മാത്രമാണിന്ന്‌ ലക്ഷ്യം വെക്കുന്നത്‌. ഒട്ടേറെ സ്ഥലങ്ങളിലാകട്ടെ ചില മുസ്‌ലിം നാമധാരികള്‍ തീവ്രവാദത്തിന്റെയും, ഭീകരവാദത്തിന്റെയും മാര്‍ഗം സ്വീകരിക്കുന്നുമുണ്ട്‌. വിശുദ്ധ ക്വുര്‍ആനില്‍ നിന്നു ജിഹാദിന്റെയും, ക്വിതാലിന്റെയും വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു യുവതയെ തീവ്രതയിലേക്ക്‌ തള്ളിവിടുന്ന പുരോഹിതന്മാരുമുണ്ട്‌ എന്നതും നിഷേധിക്കാവതല്ല. അക്രമത്തിന്റെയും, ഭീകരതയുടെയും പ്രവര്‍ത്തനം ഇസ്‌ലാമികമാണോ? ബലപ്രയോഗം ഇസ്‌ലാമികമല്ലെന്നാണ്‌ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്‌.
മതകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗ്ഗം ദുര്‍മാര്‍ഗ്ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. (അല്‍ബക്വറ : 256)
സ്‌നേഹം, കാരുണ്യം, വിട്ടുവീഴ്‌ച തുടങ്ങിയ മൂല്യങ്ങളില്‍ സ്ഥാപിതമാണ്‌ ഇസ്‌ലാം. അക്രമവും, അനീതിയും, ബലാല്‍ക്കാരവും, കാര്‍ക്കശ്യവും ഇസ്‌ലാമിനോട്‌ യോചിക്കുന്നതല്ല.
നീ വിട്ടുവീഴ്‌ച സ്വീകരിക്കുകയും, സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക. (അഅ്‌റാഫ്‌ : 199)
തീവ്രതക്കും, ഭീകരതക്കും വേണ്ടി ക്വുര്‍ആനിക വചനങ്ങളെ അടര്‍ത്തിയെടുത്ത്‌ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ സ്‌നേഹവും, കാരുണ്യവും പഠിപ്പിക്കപ്പടുന്ന വിശുദ്ധ വചനങ്ങളെ സമൂഹത്തില്‍ നിന്നും മറച്ചു വെക്കുകയാണ്‌ ചെയ്യുന്നത്‌. കാരുണികനാണ്‌ അല്ലാഹു. കരുണയുള്ളവരോട്‌ മാത്രമേ അവന്‍ കരുണകാണിക്കുകയുള്ളൂ. റസൂല്‍(സ്വ) പറയുകയുണ്ടായി : നിശ്ചയമായും അല്ലാഹു കാരുണ്യവാനാണ്‌. അവന്‍ കാരുണ്യത്തെ ഇഷ്‌ടപ്പെടുന്നു. കാഠിന്യത്തിന്റെയും മറ്റും സന്ദര്‍ഭങ്ങളില്‍ നല്‍കാത്ത പ്രതിഫലമായിരിക്കും കാരുണ്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കവന്‍ നല്‍കുക. ആക്രമണ പ്രകടനങ്ങളെ വ്യക്തമായി തടയുന്ന ഇസ്‌ലാം പ്രതികരണഹിംസയെ പോലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്‌ ക്വുര്‍ആന്‍ വ്യക്തമാക്കി തരുന്നത്‌.
നല്ലതും, ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും, നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.(ഹാമീം സജദ:34)
അക്രമം ഒഴിവാക്കാനായിരിക്കണം ഇസ്‌ലാമിന്റെ അനുയായികളുടെ പരിശ്രമം. സ്‌നേഹം, കാരുണ്യം, വിട്ടുവീഴ്‌ച തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളിലൂടെ സമൂഹത്തിന്‌ ഇസ്‌ലാമിനെ അനുഭവിക്കാനും മനസ്സിലാക്കാനും ഓരോ മുസ്‌ലിമും അവസരം കൊടുക്കുകയാണ്‌ വേണ്ടത്‌. ആദമിന്റെ രണ്ട്‌ പുത്രന്മാര്‍ തമ്മിലുള്ള സംഘട്ടന കഥയില്‍ ആത്മരക്ഷക്ക്‌ വേണ്ടി കൊല്ലാനുള്ള സാഹചര്യമുണ്ടായിട്ടും സഹോദരനെ കൊല്ലാന്‍ കൈയുയര്‍ത്താതിരുന്ന സഹോദരന്റെ മാതൃക ക്വുര്‍ആന്‍ നമുക്ക്‌ വ്യക്തമാക്കിതരുന്നു.
എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ നിന്റെ കൈ നീട്ടിയാല്‍ തന്നെയും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ എന്റെ കൈ നീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും, നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ്‌ ഞാനാഗ്രഹിക്കുന്നത്‌. അതാണ്‌ അക്രമികള്‍ക്കുള്ള പ്രതിഫലം. (മാഇദ : 28, 29)
ഈ സംഭവം വിശദീകരിച്ച ശേഷം അല്ലാഹു ഒരു കാര്യം പ്രത്യേകം ഉണര്‍ത്തുന്നുണ്ട്‌. അതിങ്ങനെ വായിക്കാം.
അല്ലാഹുവിനോടും, അവന്റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍കൊന്നെടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും വ്യത്യസ്‌ത നിലയില്‍ മുറിച്ചുകളയപ്പെടുകയോ നാടുകടത്തപ്പെടുകയോ മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരോലകത്തവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. (മാഇദ : 33)
ശാന്തിയും, സമാധാനവുമാണ്‌ ഇസ്‌ലാം അനുശാസിക്കുന്നത്‌, എന്നതിലേക്കാണ്‌ മേല്‍ വചനങ്ങളെല്ലാം ശ്രദ്ധതിരിക്കുന്നത്‌.
പ്രതികരിക്കണമോ?
ഇങ്ങോട്ട്‌ സായുധ വിപ്ലവം നടത്തുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത്‌ ഭീരുത്വമല്ലേ? ബദ്‌റും, ഉഹ്‌ദുമെല്ലാം നടന്നിട്ടുള്ളത്‌ അതിന്റെ പേരിലല്ലേ? യുവതയെ വികാരം കൊള്ളിക്കുവാന്‍ ചിലര്‍ ചോദിക്കുന്നതാണ്‌. ധീരരായ ഉമര്‍ (റ)വിന്റെയും, ഹംസ, മിസ്‌അബ്‌ബ്‌നു ഉമൈര്‍ (റ)എന്നിവരുടെയും ധീരമായ ചെറുത്ത്‌ നില്‍പ്പിനേയും ശഹാദത്ത്‌ വരിച്ചതിനെയും കുറിച്ച്‌ വാചാലമായി ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ യുവരക്തത്തെ ചൂട്‌ പിടിപ്പിക്കാനും ഇത്തരക്കാര്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ഒരു കാര്യം മുസ്‌ലിം മനസിലാക്കേണ്ടതുണ്ട്‌. മനുഷ്യ ജീവന്‍ ഹനിക്കുമാറുള്ള അക്രമത്തിന്‌ ചില പ്രത്യേക ഘട്ടങ്ങളിലാണ്‌ ഇസ്‌ലാം അനുവാദം നല്‍കിയിരിക്കുന്നത്‌. ജീവനാശം ഉള്‍പ്പെടെയുള്ള കൊടിയ പീഢനങ്ങള്‍ക്കും ഭീകരതകള്‍ക്കും മക്കയിലെ മുസ്‌ലിംകള്‍ ഇരയാക്കപ്പെട്ടിട്ടും സായുധമായ തിരിച്ചടിക്കോ, ചെറുത്ത്‌ നില്‍പിനോ അവര്‍ക്കനുവാദം ലഭിച്ചിരുന്നില്ല. കൊടിയ പീഡനങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അബ്‌സീനിയയിലേക്ക്‌ ഹിജ്‌റ പോകാന്‍ മുസ്‌ലിംകള്‍ കല്‍പ്പിക്കപ്പെടുകയാണുണ്ടായത്‌. ധീരകേസരികളായ ഉമര്‍ (റ) ഹംസ (റ) എന്നിവര്‍ അക്രമികളെ നേരിടാന്‍ അനുവാദം ചോദിച്ചെങ്കിലും റസൂല്‍(സ്വ) അനുവാദം നല്‍കിയില്ല എന്നതല്ലേ വസ്‌തുത.
പ്രതികരിക്കുവാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്‌. മറ്റു പ്രദേശങ്ങളെ ആക്രമിച്ച്‌ സ്വന്തം രാജ്യത്തിന്റെ ഭാഗമായി മാറ്റുവാനോ അതല്ലെങ്കില്‍ നിസ്സാരകാരണങ്ങളുടെ പേരില്‍ കുഴപ്പമുണ്ടാക്കുവാനോ, രക്ത ചൊരിച്ചിലുണ്ടാക്കുവാനോ വേണ്ടിയുമല്ല - മറിച്ച്‌ കഠിനമായി പീഢപ്പിക്കുകയും, ആക്രമിക്കപ്പെടുകയും ചെയ്‌തപ്പോഴാണ്‌ തിരിച്ചടിക്കാന്‍ ക്വുര്‍ആന്‍ അനുവാദം നല്‍കുന്നത്‌.
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്‌. നന്ദികെട്ടവഞ്ചകരെയൊന്നും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല. യുദ്ധത്തിനിരയാകുന്നവര്‍ക്ക്‌ അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍)അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവരെ സഹായിക്കാന്‍ അല്ലാഹുകഴിവുള്ളവന്‍ തന്നെയാകുന്നു. (ഹജ്ജ്‌ : 38, 39)
മറ്റൊരു സ്ഥലത്ത്‌ ക്വുര്‍ആന്‍ പറയുന്നത്‌ ഇപ്രകാരമാണ്‌:
നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധിവിട്ട പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ല. (അല്‍ബക്വറ : 190)
ആക്രമണങ്ങളില്‍ നിന്നുആത്മരക്ഷക്കുവേണ്ടിയുള്ള പോരാട്ടം മുഖേന ഭാവിയില്‍ ആക്രമണങ്ങള്‍ തടയുക എന്നത്‌ മാത്രമായിരുന്നു ഈ അനുവാദത്തിന്റെ ഉദ്ദേശം. അല്ലാതെ മുസ്‌ലിമല്ലാത്തവരെ മുഴുവന്‍ കൊന്നൊടുക്കുക എന്നതായിരുന്നില്ല. ഇസ്‌ലാം ശാന്തിയുടെ മതമാണ്‌. ആക്രമണത്തിന്റെ പാത ഇസ്‌ലാമിനന്യമാണ്‌. പക്ഷേ, നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ വാളുകൊണ്ട്‌ പ്രചരിച്ച ഒരുമതമായി സഹോദരസമുദായങ്ങള്‍ ഇതിനെ തെറ്റുധരിച്ചിരിക്കുന്നു.അതിന്‌ കാരണക്കാരും മുസ്‌ലിംകള്‍ തന്നെയാണ്‌. ഇസ്‌ലാമിന്റെ യഥാര്‍ത്ഥസന്ദേശമായ തൗഹീദ്‌ ജനമനസ്സുകളില്‍ എത്തിക്കുന്നതിന്‌ പകരം ബദറിന്റെയും, ഉഹ്‌ദിന്റെയും വീരഗാഥകര്‍ പാടിപറഞ്ഞ്‌ പാതിര പ്രസംഗ നടത്തി ജനങ്ങളെ പുരോഹിതന്മാര്‍ ആവേശം കൊള്ളിച്ചപ്പോള്‍ ഇതര സമുദായങ്ങള്‍ ഇതുകേട്ട്‌ ഇസ്‌ലാം യുദ്ധമാണെന്ന്‌ ധരിച്ചു എങ്കില്‍ അവരെ എന്തിന്‌ കുറ്റപ്പെടുത്തണം. കുറ്റത്തിനുള്ള ശിക്ഷ എന്ന നിലയിലും, പ്രതിരോധത്തിനുവേണ്ടിയുമല്ലാത്ത സകല സായുധസമരത്തിന്റെ സകല രൂപങ്ങളും ഇസ്‌ലാമിക വീക്ഷണത്തില്‍ അതിക്രമമാണ്‌. ക്വുര്‍ആന്‍ പറയുന്നു:
അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്‌. അക്രമത്തിന്‌ വിധേയനായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക്‌ നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ചു കൊടുത്തിട്ടുണ്ട്‌. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്‌. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാണ്‌. (ഇസ്‌റാഅ്‌ : 33)
അക്രമത്തെ അക്രമത്തിലൂടെ തിരിച്ചടിക്കാനുള്ള അനുവാദം ഈ വചനം നല്‍കുമ്പോഴും അത്‌ അനിവാര്യമെന്ന്‌ വിധിക്കുന്നില്ലെന്ന്‌ തിരിച്ചറിയണം.
എന്താണ്‌ കാരണം?
മുസ്‌ലിം ഇങ്ങിനെ പീഡിപ്പിക്കപ്പെടാനും, ആക്രമിക്കപ്പെടാനും എന്താണ്‌ കാരണം. ഭരണാധികാരികളില്‍ നിന്നും, നിയമപാലകരില്‍ നിന്നും, എന്തിനേറെ വാര്‍ത്ത മീഡിയകളില്‍ നിന്നും ഈ സമുദായത്തിന്‌ നീതിലഭിക്കുന്നില്ല എന്നതാണ്‌ സത്യം. നെറ്റിത്തടത്തില്‍ നമസ്‌കാരതഴമ്പും, നീട്ടിവളര്‍ത്തിയ താടിയും, ഞെരിയാണിക്ക്‌ മുകളില്‍ കയറ്റി ഉടുത്ത വസ്‌ത്രവും അണിഞ്ഞ ആളുകളെ ഭീകരവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കപ്പെടുന്നു. മതം കല്‍പ്പിച്ച വേഷ വിധാനങ്ങള്‍ പോലും അണിയാന്‍ അവനിന്ന്‌ ഭീതി അനുവദിക്കുന്നില്ല. കാരണങ്ങള്‍ പലതാണ്‌. റസൂല്‍(സ്വ) ന്റെ ഒന്ന്‌ രണ്ട്‌ തിരുവചനങ്ങള്‍ കാരണങ്ങള്‍ വ്യക്തമാക്കി തരുന്നുണ്ട്‌. നബി(സ്വ) പറഞ്ഞതായി ഥൗബാന്‍ (റ) പറയുന്നു: ഭക്ഷണം വിളമ്പിയ പാത്രത്തിനടുത്തേക്ക്‌ തിന്നാന്‍ വലിഞ്ഞു കൂടുന്നതു പോലെ അന്യസമുദായങ്ങള്‍ നിങ്ങളുടെ നേരെ വലിഞ്ഞു കൂടാനടുക്കുന്നു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അന്ന്‌ ഞങ്ങള്‍ കുറഞ്ഞു പോകുന്നതിനാലാകുമോ? നബി(സ്വ) അല്ല നിങ്ങളന്ന്‌ ധാരാളമായിരിക്കും. പക്ഷേ, ജല പ്രവാഹത്തിന്‌ മുകളിലെ ചപ്പുചവറുപോലെയുള്ള ചപ്പുചവറായിരിക്കും നിങ്ങള്‍. ശത്രു ഹൃദയങ്ങളില്‍ നിന്ന്‌ നിങ്ങളെ സംബന്ധിച്ചുള്ള ഭയം അല്ലാഹു നീക്കം ചെയ്യും. നിങ്ങളുടെ ഹൃദയങ്ങളിലവന്‍ ബലഹീനത ഇട്ടുതരികയും ചെയ്യും. ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തായിരിക്കും ബലഹീനത? തിരുമേനി പറഞ്ഞു: ഇഹലോകത്തോടുള്ള പ്രേമവും മരണത്തോടുള്ള വെറുപ്പും. (അബൂദാവൂദ്‌)
ആയിരത്തിനാനൂറ്‌ വര്‍ഷം മുമ്പുള്ള പ്രവാചകന്റെ പ്രവചനമല്ലേ ആധുനിക ലോകത്ത്‌ മുസ്‌ലിം സമുദായത്തിന്‌ ദര്‍ശിക്കാനുവുന്നത്‌. ഈമാന്‍ നഷ്‌ടപ്പെട്ട കാനേഷുമാരി മുസ്‌ലിംകള്‍. ദുനിയാവ്‌ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലല്ലേ ചപ്പുചവറുകളായ ആധുനിക മുസ്‌ലിംകള്‍. ഈമാന്‍ നഷ്‌ടപ്പെട്ട ഒരു വിഭാഗത്തിന്‌ എങ്ങിനെയാണ്‌ റബ്ബിന്റെ സഹായം ലഭിക്കുക. ഇബ്‌നു അബ്ബാസ്‌ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം. ഒരുജനതയില്‍ പക രംഗപ്രവേശം ചെയ്‌താല്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടുകൊടുക്കാതിരിക്കുകയില്ല. ഒരു ജനതയില്‍ വ്യഭിചാരം പ്രചരിച്ചു കഴിഞ്ഞാന്‍ അവരില്‍ മരണ നിരക്ക്‌ കൂടാതിരിക്കില്ല. ഒരു ജനത അളവിലും, തൂക്കത്തിലും കുറവ്‌ വരുത്താന്‍ തുടങ്ങിയാല്‍ അവന്‍ അവര്‍ക്ക്‌ കൊടുക്കുന്നത്‌ നിര്‍ത്താതിരിക്കില്ല. ~ഒരു ജനത ന്യായപ്രകാരമല്ലാത്ത വിധി തീര്‍പ്പ്‌ നടത്തിയാല്‍ അവര്‍ക്കിടയില്‍ രക്തം ചിന്തല്‍ വര്‍ദ്ധിക്കാതിരിക്കില്ല. ഒരു ജനതകരാര്‍ ലംഘിച്ചാല്‍ അവരുടെ മേല്‍ ശത്രുവിന്ന്‌ മേധാവിത്വം കിട്ടാതിരിക്കില്ല. (മാലിക്‌) വളരെ സാരഗര്‍ഭവും അനുഭവം സ്ഥിരീകരിക്കുന്നതും, വിശദീകരണം ആവശ്യമില്ലാത്തതുമായ ഹദീഥാണിത്‌. ഈ തിരുമൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട സകലതിന്മകളും മുസ്‌ലിം സമുദായത്തില്‍ ഭൂരിപക്ഷവും വാരിപുണര്‍ന്നിട്ടില്ലേ? ദുനിയാവിനെ മതിവരുവോളം ആസ്വാദിക്കുന്നവാന്‍ വേണ്ടി പണ്‌ഡിതനും, പാമരനും മത്സരിച്ച്‌ തിന്മകൊയ്‌തെടുക്കുമ്പോള്‍ എങ്ങിനെ ഭീതികൂടാതെ മുസല്‍മാന്‌ ജീവിക്കാനാവും. റസൂല്‍(സ്വ) പറയുകയുണ്ടായി.
മനുഷ്യര്‍ക്ക്‌ ഒരു കാലം വരും. അന്ന്‌ അവരില്‍ മതത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ തീക്കനലിന്‍ മേല്‍ പിടിച്ചവനെപ്പോലെ ആയിരിക്കും. (തുര്‍മുദി)
പ്രവാചകന്‍(സ്വ) പ്രവചിച്ച ഈ കാലത്താണ്‌ തമ്മള്‍ ജീവിക്കുന്നത്‌ എന്നോര്‍ക്കേണ്ടിയിരിക്കുന്നു.
എന്താണ്‌ പരിഹാരം?
ഇതരസമുദായങ്ങളെ ഭയന്നുകൊണ്ട്‌ ജീവിക്കുന്ന ഇസ്‌ലാമതവിശ്വാസികള്‍ എനി എന്ത്‌ ചെയ്യണം എന്തുണ്ട്‌ പോം വഴി. അന്വേഷണത്തിലാണ്‌ സമുദായനേതൃത്വവും, പണ്‌ഡിത സമൂഹവും. പരിഹാരം സ്രഷ്‌ടാവായ അല്ലാഹു തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ക്വുര്‍ആന്‍ പറയുന്നു: 
നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരോട്‌ അല്ലാഹുവാഗ്‌ദാനം ചെയ്‌തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌ പോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാതിനിധ്യം നല്‍ക്കുകയും,അവര്‍ക്കവന്‍ തൃപ്‌തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്കവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവര്‍ക്ക്‌ നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കുമവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവര്‍ പങ്ക്‌ ചേര്‍ക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍തന്നെയാകുന്നുധിക്കാരികള്‍. (നൂര്‍ : 55)
അതെ! നിര്‍ഭയരായി ഭൂമിയില്‍ ജീവിക്കണമെങ്കില്‍ ദര്‍ഗകളും, ശൈഖുമാരും, ബീവിമാരും ആരാധിക്കപ്പെടാവതല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ അല്ലാഹുവിനെ ആരാധിക്കുന്ന അവസ്ഥയിലേക്ക്‌ മുസ്‌ലിംകള്‍ തിരിച്ചു വരണം. പൊങ്ങിനില്‍ക്കുന്ന വിഗ്രഹങ്ങളാകുന്ന ജാറങ്ങളെ അവഗണിച്ചു കൊണ്ട്‌ ഏകനായ റബ്ബിനെ ആരാധിക്കുവാന്‍ ആധുനിക സമുദായം തയ്യാറായാല്‍ അല്ലാഹുവിന്റെ സഹായം മുസ്‌ലിം സമുദായത്തിനുണ്ടാകും. സ്രഷ്‌ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ഏകത്വത്തെ ചവറ്റുകൂനയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ സൃഷ്‌ടികളെ ആരാധിക്കുകയും , അവയോട്‌ പ്രാര്‍ത്ഥിക്കുകയും അവയ്‌ക്ക്‌ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന ഒരു ജനതക്കെങ്ങിനെയാണ്‌ നാഥന്റെ സഹായമുണ്ടാകുക. ജിഹാദും, ക്വിത്താലും, ബദറും ഉഹ്‌ദും പറഞ്ഞ്‌ യുവസമുദായത്തെ ആവേശം കൊള്ളിക്കുന്ന സംഘടനകളും, പുരോഹിതന്മാരും തൗഹീദ്‌ പ്രബോധനം ചെയ്യാന്‍ എന്ന്‌ സന്നദ്ധമാകുന്നുവോ അന്ന്‌ മാത്രമേ ഈ സമുദായത്തിന്‌ നഷ്‌ടപ്പെട്ട പ്രതാപം തിരിച്ച്‌ കിട്ടുകയുള്ളു.
നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്മാര്‍. (ആലുഇംറാന്‍ : 139)
എല്ലാം റബ്ബിലേക്ക്‌, എല്ലാം റബ്ബിങ്കല്‍ നിന്ന്‌ എന്ന ദൃഡവിശ്വാസത്തോടെ തൗഹീദനുസരിച്ച്‌ ജീവിക്കാന്‍ നമുക്ക്‌ പ്രതിജ്ഞയെടുക്കാം. സന്മാര്‍ഗം പിന്‍ തുടര്‍ന്നവര്‍ക്ക്‌ രക്ഷയുണ്ടാവട്ടെ. ആമീന്‍

കടപ്പാട്: അൽമനാർ മാസിക 2007 ഫെബ്രുവരി ലക്കം 6 പുസ്തകം 52

No comments:

Post a Comment