ബദ്‌ര്‍ യുദ്ധം

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ശക്തിയും പ്രതാപവും ഉണ്ടാക്കിക്കൊടുത്തതും ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ടതുമായ ഒരു സംഭവമാണ്‌ ബദ്‌ര്‍ യുദ്ധം.
മുസ്‌ലിംകള്‍ക്കെതിരെ പടയൊരുക്കത്തിന്‌ ധനം ശേഖരിക്കാന്‍ ക്വുറൈശികള്‍ പങ്കുചേര്‍ന്ന്‌ കച്ചവടം നടത്തുന്നുണ്ടെന്ന്‌ നബി(സ്വ) അറിഞ്ഞു. ആ നീക്കത്തില്‍ നിന്നവരെ തടഞ്ഞ്‌ സാമ്പത്തികമായി അവരെ തളര്‍ത്തല്‍ അനിവാര്യമായിരുന്നു. ഹിജ്‌റഃ രണ്ടാം വര്‍ഷം റമദാനില്‍ സിറിയയില്‍ നിന്ന്‌ അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള നാല്‍പ്പതംഗ കച്ചവടസംഘം മടങ്ങിവരുന്നുണ്ടെന്ന്‌ നബി(സ്വ) അറിഞ്ഞു. അവരെ തടയാന്‍ 313 സ്വഹാബിമാരോടുകൂടി നബി(സ്വ) പുറപ്പെട്ടു. യുദ്ധം ലക്ഷ്യം വച്ചിട്ടില്ലാത്തതിനാല്‍ യുദ്ധോപകരണങ്ങളൊന്നും കൈവശം വച്ചിരുന്നില്ല.
നബി(സ്വ)യും സ്വഹാബികളും പുറപ്പെട്ട വിവരം അബൂസുഫ്‌യാന്‍ അറിഞ്ഞു. സഹായത്തിന്‌ സൈന്യത്തെ അയയ്‌ക്കണമെന്ന്‌ മക്കയിലേക്ക്‌ അറിയിച്ചു. അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ പ്രമുഖരടങ്ങിയ ആയിരത്തോളം സൈനികര്‍ എല്ലാവിധ ഒരുക്കത്തോടും കൂടി പുറപ്പെട്ടു. പക്ഷേ, സൈന്യം എത്തുന്നതിനു മുമ്പെ അബൂസുഫ്‌യാന്‍ മറ്റൊരു മാര്‍ഗത്തിലൂടെ മക്കയിലേക്ക്‌ രക്ഷപ്പെട്ടു. ഈ വിവരം അറിഞ്ഞിട്ടും അബൂജഹ്‌ലും സൈന്യവും മടങ്ങാന്‍ തയാറായില്ല. മുസ്‌ലിംകളെ മുഴുവന്‍ നശിപ്പിക്കുമെന്ന്‌ അവര്‍ ശപഥം ചെയ്‌തു. റമദാന്‍ 17 ന്‌ ശത്രു സേനയും മുസ്‌ലിം സേനയും ബദ്‌ര്‍ എന്ന സ്ഥലത്ത്‌ ഒരുമിച്ചുകൂടി. മുസ്‌ലിംകളുടെ കൈവശം അറബികളുടെ പതിവനുസരിച്ച്‌ ഉണ്ടാകാറുള്ള വാളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. നബി(സ്വ) യും മുസ്‌ലിംകളും അല്ലാഹുവിനോട്‌ സഹായം തേടി. ഇരുസൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ശക്തമായ പോരാട്ടം നടന്നു. അല്ലാഹു മുസ്‌ലിം സേനയെ സഹായിച്ചു. ശത്രു സേനയ്‌ക്ക്‌ വമ്പിച്ച പരാജയം സംഭവിച്ചു. അബൂജഹ്‌ല്‍, ഹുദ്‌ബത്ത്‌, ശൈബ, വലീദ്‌ തുടങ്ങി 70 പേര്‍ കൊല്ലപ്പെട്ടു. എഴുപത്‌ പേര്‍ തടവിലാക്കപ്പെടുകയും ചെയ്‌തു. മുസ്‌ലിംകളില്‍ 14 പേര്‍ രക്തസാക്ഷികളായി. ഉബയ്‌ദത്ത്‌ ബ്‌നു ഹാരിസ്‌ (റ), ഉമറുബ്‌നു അബീവക്വാസ്‌ (റ), സൈദ്‌ ബ്‌നു ഹുസൈമ (റ) എന്നിവര്‍ രക്തസാക്ഷികളില്‍ പ്രധാനികളാണ്‌.
ബദ്‌ര്‍ യുദ്ധവിജയം മുസ്‌ലിംകള്‍ക്ക്‌ നിലനില്‍പുണ്ടാക്കി. മക്കാ മുശ്‌രിക്കുകള്‍ക്ക്‌ മുസ്‌ലിംകളെക്കുറിച്ച്‌ ഭയമുളവായി. മദീനയിലെ മുസ്‌ലിംകളില്‍ സാക്ഷരതയുണ്ടാക്കാന്‍ സഹായിച്ചു. എല്ലാറ്റിനുമുപരി അല്ലാഹുവിന്റെ തൃപ്‌തിക്കനുസരിച്ച്‌ ജീവിച്ചാല്‍ അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്ന്‌ മുസ്‌ലിംകള്‍ക്ക്‌ ബോദ്ധ്യപ്പെടാനും അത്‌ കാരണമായി.


No comments:

Post a Comment