ഫാത്വിമ (റ)

നബി(സ്വ)ക്ക്‌ നാലു പെണ്‍ മക്കളും മൂന്ന്‌ ആണ്‍ മക്കളുമാണുണ്ടായിരുന്നത്‌. ആണ്‍ കുട്ടികളെല്ലാവരും നബി(സ്വ)യുടെ കാലത്തുതന്നെ മരണപ്പെട്ടു. അതുപോലെ ഫാത്വിമ ഒഴികെയുള്ള പെണ്‍ മക്കളും നബി(സ്വ)യുടെ കാലത്തു തന്നെ മരണപ്പെട്ടു. ഖാസിം, അബ്‌ദുല്ല, ഇബ്‌റാഹിം, സൈനബ്‌, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിവരാണ്‌ നബി(സ്വ)യുടെ സന്താനങ്ങള്‍. അവരില്‍ ഫാത്വിമ (റ)യെകുറിച്ച്‌ നമുക്ക്‌ അല്‌പം വിശദമായി പഠിക്കാം. 
നബി(സ്വ)ക്ക്‌ 36 വയസ്സുള്ളപ്പോഴാണ്‌ ഫാത്വിമ (റ)യുടെ ജനനം. നബി (സ) യുടെ ആണ്‍ സന്താനങ്ങള്‍ ചെറുപ്പത്തില്‍ മരണപ്പെട്ട്‌ പോയതിനാല്‍ നബി(സ്വ)യുടെ വംശ പരമ്പര നിലനില്‍ക്കുന്നത്‌ ഫാത്വിമ (റ)യുടെ സന്താനങ്ങളിലൂടെയാണ്‌. ഹിജ്‌റ: രണ്ടാം വര്‍ഷം റജബ്‌ മാസത്തില്‍ നബി(സ്വ) ഫാത്വിമയെ പിതൃവ്യപുത്രന്‍ അലി (റ) വിന്‌ വിവാഹം ചെയ്‌തുകൊടുത്തു. അലി (റ)വിന്‌ 22ഉം ഫാത്വിമ (റ)ക്ക്‌ 18ഉം വയസ്സായിരുന്നു പ്രായം. വളരെ ലളിതമായാണ്‌ വിവാഹം നടന്നത്‌. രണ്ട്‌ ജോഡി വസ്‌ത്രങ്ങളും രണ്ട്‌ വെള്ളി വളകളും വെള്ളം നിറക്കാന്‍ ഒരു കലം, വെള്ളം കുടിക്കാന്‍ രണ്ട്‌ പാത്രങ്ങള്‍, ചകിരി നിറച്ച ഒരു തലയണയുമാണ്‌ പുതുതായി ഉണ്ടാക്കപ്പെട്ടത്‌. അലി (റ)വിന്‌ സാമ്പത്തികമായി വലിയ ശേഷിയൊന്നുമുണ്ടായിരുന്നില്ല. 
അലിയുടെയും ഫാത്വിമയുടെയും കുടുംബജീവിതം വളരെ സ്‌നേഹത്തിലും സമാധാനത്തിലുമായിരുന്നു. ഒരു ദിവസം അവര്‍ തമ്മില്‍ ചെറിയ ഒരു വഴക്കുണ്ടായി. പിണങ്ങിയ അലി (റ) പള്ളിയില്‍ പോയി നിലത്തുകിടന്നു. ശരീരത്തില്‍ നല്ലവണ്ണം മണ്ണ്‌ പുരണ്ടു. സംഭവം അറിഞ്ഞ നബി(സ്വ) പള്ളിയില്‍ വന്ന്‌ അലി (റ)യോട്‌ പറഞ്ഞു: ``അബൂതുറാബ്‌'' വീട്ടില്‍ പോകൂ. ഇതോടെ ആ കലഹം അവസാനിച്ചു. 
വീട്ടുജോലികള്‍ ഫാത്വിമ തന്നെയാണ്‌ നിര്‍വ്വഹിച്ചിരുന്നത്‌. വീട്ടില്‍ ദാസിമാര്‍ ഉണ്ടായിരുന്നില്ല. വെള്ളം വളരെ അകലെനിന്നാണ്‌ കൊണ്ടുവന്നിരുന്നത്‌. അതിനാല്‍ അവരുടെ ചുമലില്‍ പാട്‌വീണു. ഗോതമ്പ്‌ പൊടിച്ച്‌ കൈയ്യില്‍ തഴമ്പുണ്ടായി. ഒരു ദിവസം നബി(സ്വ)യുടെ അടുത്തേക്ക്‌ ഫാത്വിമ വന്ന്‌ പറഞ്ഞു: ``പിതാവേ, നോക്കൂ എന്റെ കയ്യും ചുമലും. ഞാന്‍ വളരെ വിഷമിക്കുന്നു. അതുകൊണ്ട്‌ എനിക്കൊരു ഭൃത്യനെ അനുവദിച്ചുതരണം.'' എന്നാല്‍ നബി(സ്വ)ആ ആവശ്യം നിരസിക്കുകയാണ്‌ ചെയ്‌തത്‌. ഭക്ഷണം കഴിക്കാനുള്ള വകയില്ലാതെ ജനങ്ങള്‍ വിഷമിക്കുമ്പോള്‍ ഭക്ഷണമൊരുക്കാന്‍ വേലക്കാരനെ അനുവദിക്കാന്‍ നിവൃത്തിയില്ലെന്നായിരുന്നു നബി(സ്വ)യുടെ നിലപാട്‌. എങ്കിലും എന്റെ ഓമന മകളെ വേദനിപ്പിക്കരുതെന്ന്‌ നബി(സ്വ) കരുതി. രാത്രിയില്‍ അലി (റ)വും ഫാത്വിമ (റ)വും കിടക്കാന്‍ ഒരുങ്ങിയപ്പോള്‍ അവരുടെ അടുത്തേക്ക്‌ ചെന്ന്‌ നബി(സ്വ) പറഞ്ഞു: ``നിങ്ങള്‍ എന്നോട്‌ ആവശ്യപ്പെട്ടതിനെക്കാളും ഉത്തമമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞുതരാം''. ``നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സുബ്‌ഹാനല്ലാഹി അല്‍ഹംദുലില്ലാഹി എന്ന്‌ 33 പ്രാവശ്യവും അല്ലാഹു അക്‌ബര്‍ എന്ന്‌ 34 പ്രാവശ്യവും പറയുക.'' ഐഹിക സുഖം കിട്ടാതെ പോയാലും പരലോക സുഖം നേടാനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നാണ്‌ നബി(സ്വ) മകളെ ഉപദേശിച്ചതിന്റെ പൊരുള്‍. 
ഏറ്റവും നല്ല സ്വഭാവമായിരുന്നു ഫാത്വിമ (റ)യുടേത്‌. അവരുടെ നടത്തം നബി(സ്വ)യുടെ നടത്തംപോലെയാണെന്ന്‌ ആഇശ (റ) പറയുകയുണ്ടായിട്ടുണ്ട്‌. ഫാത്വിമ (റ) ഒരു കവയത്രിയും കൂടിയായിരുന്നു. ഹസന്‍, ഹുസൈന്‍ എന്നീ രണ്ട്‌ ആണ്‍കുട്ടികള്‍ അവര്‍ക്കുണ്ടായി. ഇവരെ നബി(സ്വ) വളരെയേറെ സ്‌നേഹിച്ചിരുന്നു. അവരെ എടുത്തുകൊണ്ട്‌ നമസ്‌ക്കരിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ പൈശാചിക ബാധ ഏല്‍ക്കാതിരിക്കാന്‍ നബി (സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഉമ്മുകുല്‍സൂം, സൈനബ്‌ എന്നീ രണ്ട്‌ പെണ്‍കുട്ടികളും ഫാത്വിമ (റ)വിന്‌ ഉണ്ടായിട്ടുണ്ട്‌. ഉമ്മുകുല്‍സൂമിനെ ഉമര്‍ (റ)വും, സൈനബിനെ അബ്‌ദുല്ലാഹിബ്‌നു ജഅ്‌ഫറുമാണ്‌ വിവാഹം ചെയ്‌തത്‌. 
നബി(സ്വ)യുടെ വിയോഗാനന്തരം ആറ്‌ മാസം കഴിഞ്ഞപ്പോള്‍ ഫാത്വിമ (റ)മരണമടഞ്ഞു. നബി(സ്വ) മരിക്കുന്നതിന്റെ തൊട്ട്‌ മുമ്പ്‌ ഫാത്വിമ അധികം താമസിയാതെ മരണപ്പെടുമെന്ന്‌ അവരോട്‌ പറഞ്ഞിട്ടുണ്ടായിരുന്നു. മരണപ്പെടുമ്പോള്‍ 27 വയസ്സായിരുന്നു അവരുടെ പ്രായം. മദീനയിലെ ബഖീഇലാണ്‌ അവര്‍ മറമാടപ്പെട്ടത്‌.

No comments:

Post a Comment