എന്താണ്‌ ശിര്‍ക്ക്‌?

അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്‌ ശിര്‍ക്ക്‌ എന്ന്‌ ചുരുക്കിപ്പറയാം. അല്ലാഹു ഒന്നിലധികമുണ്ട്‌ എന്ന്‌ വിശ്വസിച്ചാലേ ശിര്‍ക്ക്‌ വരികയുള്ളൂവെന്ന്‌ ആരും ധരിക്കരുത്‌. അതങ്ങനെ വിശ്വസിച്ചാല്‍ ശിര്‍ക്ക്‌ തന്നെ. പക്ഷെ അതില്‍ താഴെയുള്ള പലതും ശിര്‍ക്കാകും. മരിച്ചവര്‍ മനുഷ്യരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കുമെന്നും ഉത്തരം നല്‍കുമെന്നും വിശ്വസിച്ചാല്‍ ശിര്‍ക്കാവും. ആ കഴിവ്‌ മരിച്ച മഹാന്‍മാര്‍ക്ക്‌ അല്ലാഹു കൊടുത്തതാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ടാണ്‌ പ്രാര്‍ഥിക്കുന്നതെങ്കിലും ശിര്‍ക്കു തന്നെ. ആ കഴിവ്‌ അല്ലാഹു അവര്‍ക്ക്‌ കൊടുത്തിട്ടില്ല.
രക്തസാക്ഷികളെപ്പറ്റി മരിച്ചവരെന്ന്‌ പറയരുതെന്നും അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിപ്പുള്ളവരാണെന്നും അവര്‍ക്ക്‌ അവന്‍ ഉപജീവനം നല്‍കുന്നുവെന്നുമുള്ള ആയത്ത്‌ സ്വഹാബിമാരെ പഠിപ്പിച്ച നബി (സ്വ) രക്തസാക്ഷികള്‍ നിങ്ങളുടെ സഹായാഭ്യര്‍ഥന കേള്‍ക്കുമെന്നും സഹായിക്കുമെന്നും പറഞ്ഞില്ല. സ്വര്‍ഗത്തില്‍ ഒരു പ്രത്യേക വീടുണ്ട്‌ എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ഖദീജ (റ)യുടെ മരണശേഷം നബി (സ്വ) ഒരുപാട്‌ വര്‍ഷം ജീവിച്ചുവല്ലോ. അവരോട്‌ നിങ്ങള്‍ സഹായം ചോദിച്ചുകൊള്ളുക എന്ന്‌ നബി (സ്വ) ആരെയും ഉപദേശിച്ചില്ല. മരിച്ചവരോടുള്ള ഇസ്‌തിഗാസ ഇസ്‌ലാമില്‍പ്പെട്ടതല്ല എന്നാണ്‌ അതില്‍ നിന്നു മനസ്സിലാക്കേണ്ടത്‌. മരിച്ചവരോട്‌ സഹായം തേടുന്നതിന്‌ നബി (സ്വ)യുടെ പ്രവൃത്തിയോ ഉപദേശമോ അംഗീകരണമോ നമുക്ക്‌ തെളിവായി ലഭിച്ചിട്ടില്ല.
എന്നാല്‍ സമസ്‌തയിലെ ചില പണ്‌ഡിതന്‍മാര്‍ മരിച്ചവരോട്‌ സഹായം തേടാന്‍ ക്വുര്‍ആനില്‍ നിന്നുതന്നെ `തെളിവുദ്ധരിക്കാറുണ്ട്‌’. ഒരിക്കല്‍ ഉദ്ധരിച്ചത്‌ പിന്നീട്‌ ഒഴിവാക്കിയതായും കാണാം. ഒഴിവാക്കാന്‍ കാരണം അതിലെ ദുര്‍വ്യാഖ്യാനം മുജാഹിദുകള്‍ പിടികൂടിയതുകൊണ്ടായിരുന്നു. കൊട്ടപ്പുറം സംവാദത്തിലോതിയ `വസ്‌അല്‍മന്‍ അര്‍ സല്‍നാ മിന്‍ ക്വബ്‌ലിക മിന്‍റുസിലിനാ’ എന്ന അര ആയത്ത്‌ മരിച്ചവരോടുള്ള ഇസ്‌തിഗാസക്ക്‌ തെളിവെന്നോണം കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഓതിയിരുന്നു. അത്‌ ദുര്‍വ്യാഖ്യാനമാണെന്നും തര്‍ക്കത്തിലിരിക്കുന്ന ഇസ്‌തിഗാസക്കു തെളിവല്ലെന്നും തഫ്‌സീറുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസിദ്ധീകരണങ്ങള്‍ തെളിയിച്ചതോടെ പിന്നീട്‌ സമസ്‌തക്കാര്‍ അത്‌ ഉദ്ധരിക്കല്‍ നിര്‍ത്തി. ആയത്ത്‌ പൂര്‍ണമായി ഉദ്ധരിച്ചാല്‍ മുസ്‌ല്യാരുടെ ദുര്‍വ്യാഖ്യാനം ആര്‍ക്കും ബോധ്യപ്പെടും.
`പരമകാരുണികനുപുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌ നിനക്ക്‌ മുമ്പ്‌ നാം ദൂതന്‍മാരായി അയച്ചവരോട്‌ ചോദിച്ചുനോക്കുക’ (43:45)
രോഗശമനം, ആഗ്രഹസഫലീകരണം, ഗുണലബ്‌ധി, അപകടരക്ഷ എന്നിവക്കായി മരിച്ചവരോട്‌ സഹായം ആവശ്യപ്പെടലാണ്‌ തര്‍ക്കത്തിലിരിക്കുന്ന ഇസ്‌തിഗാസ. ഈ ആയത്തില്‍ അതില്ല. ചോദിക്കാന്‍ പറഞ്ഞത്‌ എപ്പോള്‍, ചോദിക്കാന്‍ പറഞ്ഞ കാര്യമെന്ത്‌, എന്നതെല്ലാം മൂടിവെച്ച്‌ `മുന്‍ പ്രവാചകന്‍മാരോടു ചോദിക്കൂ’ എന്നതുമാത്രം ഉദ്ധരിക്കുന്നത്‌ കുതന്ത്രമാണ്‌. ചോദിക്കാന്‍ പറഞ്ഞ കാര്യം അല്ലാഹുവിന്നു പുറമെ അവര്‍ക്ക്‌ ആരാധ്യന്‍മാരായി വല്ലവരെയും നിശ്ചയിച്ചുകൊടുത്തിരുന്നുവോ എന്നാണ്‌. മിഅ്‌റാജ്‌ വേളയില്‍ മുന്‍ പ്രവാചകന്‍മാരെ നബിക്കു മുമ്പില്‍ ഹാജരാക്കുക എന്ന അത്ഭുതസംഭവത്തിനിടയിലാണ്‌ ചോദിച്ചു നോക്കാന്‍ പറഞ്ഞത്‌ എന്നാണ്‌ മുഫസ്സിറുകളിലൊരു വിഭാഗം പറഞ്ഞത്‌.
ഇവര്‍ മടവൂര്‍ മഖാമിലേക്കും അജ്‌മീറിലേക്കും പുത്തന്‍പള്ളി ജാറത്തിലേക്കും പോകുന്നത്‌ ആ ക്വബ്‌റില്‍ മറമാടപ്പെട്ടവരോട്‌ `അല്ലാഹുവിന്നു പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളുമുണ്ടോ’ എന്ന സംശയം ചോദിക്കാനല്ലല്ലോ. ചോദ്യം ഇതായാല്‍ തന്നെ ആ ക്വബ്‌റാളികള്‍ ഇല്ല എന്നോ ഉണ്ട്‌ എന്നോ പറയില്ലതാനും. മിഅ്‌റാജിന്നു ശേഷം നബി (സ്വ) പതിനൊന്നുവര്‍ഷം ജീവിച്ചിരുന്നിട്ടും അതിന്നിടക്ക്‌ മേല്‍പറഞ്ഞ ആയത്തിന്റെയടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക്‌ ബദ്‌റിലും ഉഹ്‌ദിലും രക്തസാക്ഷികളായ ഞങ്ങളുടെ സഹോദരന്‍മാരോട്‌ സഹായം തേടിക്കൂടേ എന്ന്‌ ഒരു സ്വഹാബിയും അദ്ദേഹത്തോട്‌ ചോദിച്ചില്ല. ഇങ്ങനെ പല നിലക്കുനോക്കിയാലും ഇത്‌ തര്‍ക്കത്തിലിരിക്കുന്ന ഇസ്‌തിഗാസക്കു തെളിവല്ല എന്ന്‌ തെളിയും. അല്ലാഹു നമ്മോട്‌ ഇങ്ങനെയാണ്‌ പറയുന്നത്‌.
“നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നതാരോ അവര്‍ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച (40:60)
നിന്നോട്‌ എന്റെ അടിമകള്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ഏറ്റവും അടുത്തവനാണ്‌ (എന്ന്‌ പറയുക). പ്രാര്‍ഥിക്കുന്നവന്‍ (ദാഈ) എന്നോട്‌ പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്‌. (2:186)
ഇതുള്‍ക്കൊണ്ട്‌, കാര്യകാരണ ബന്ധത്തില്‍പെടാത്ത എല്ലാ സഹായാഭ്യര്‍ഥനകളും അല്ലാഹുവോട്‌ മാത്രമാക്കുക.

കടപ്പാട്‌: വിചിന്തനം വാരിക, 2013 മെയ്‌ 3, പുസ്‌തകം 12, ലക്കം 35

No comments:

Post a Comment