സഅ്‌ദുബ്‌നു അബീവഖാസ്വ്‌ (റ)

ഖുറൈശ്‌ ഗോത്രത്തിലെ ബനൂസഹ്‌റ വംശത്തില്‍ സഅ്‌ദുബ്‌നു അബീവഖാസ്വ്‌ (റ) ജനിച്ചു. പതിനേഴാം വയസ്സില്‍ ഇസ്‌ലാം സ്വീകരിച്ചു. വിശ്വാസത്തിന്റെ പേരില്‍ കുടുംബക്കാര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അദ്ദേഹം ഇസ്‌ലാമില്‍ നിന്ന്‌ പിന്മാറുന്നത്‌ വരെ ഭക്ഷണം കഴിക്കുകയില്ലെന്ന്‌ മാതാവ്‌ ഹംന: ബിന്‍തു സുഫ്‌യാന്‍ ശപഥം ചെയ്‌തു. ഭക്ഷണം കഴിക്കാതെ ആ സ്‌ത്രീ തളര്‍ന്നു വീണു. പാറപോലെ ഉറച്ചുനിന്ന്‌ കൊണ്ട്‌ സഅദ്‌ (റ) ധീരനായി പ്രഖ്യാപിച്ചു. ``ഉമ്മാ, നിങ്ങള്‍ക്കു ഒരു നൂറു ആത്‌മാവുണ്ടായി ഓരോ ആത്മാവും നിങ്ങളോട്‌ വിടപറഞ്ഞാലും ഞാന്‍ എന്റെ മതം ഉപേക്ഷിക്കുകയില്ല. നിങ്ങള്‍ വേണമെങ്കില്‍ ഭക്ഷണം കഴിച്ചു കൊള്ളുക.''
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ആദ്യമായി അമ്പെയ്‌തവനെന്ന ബഹുമതി അദ്ദേഹത്തിനാണ്‌. ഉഹ്‌ദ്‌യുദ്ധത്തില്‍ നബി(സ്വ) പറഞ്ഞു: ``സഅ്‌ദേ, അമ്പെയ്യുക'' ``അല്ലാഹുവേ സഅ്‌ദിന്റെ അമ്പ്‌ ലക്ഷ്യത്തില്‍ കൊള്ളിക്കേണമേ.''
സമ്പന്നനായിരുന്ന സഅ്‌ദ്‌ (റ) രോഗശയ്യയില്‍ കിടക്കുമ്പോള്‍ നബി(സ്വ) അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ പോയി. അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എനിക്ക്‌ ധാരാളം ധനമുണ്ട്‌. ഒരു പുത്രിയേ ഉള്ളൂ. ഞാന്‍ എന്റെ സ്വത്തിന്റെ മൂന്നില്‍ രണ്ട്‌ ഭാഗം വസ്വിയ്യത്ത്‌ ചെയ്യട്ടെയോ. നബി(സ്വ) പറഞ്ഞു. പാടില്ല. അദ്ദേഹം വീണ്ടു ചോദിച്ചു: എന്നാല്‍ പകുതിയാവട്ടെ. നബി(സ്വ) പറഞ്ഞു വേണ്ട. എന്നാല്‍ മൂന്നിലൊരംശമായാലോ അദ്ദേഹം വീണ്ടും ചോദിച്ചു: നബി(സ്വ) പറഞ്ഞു. അതുതന്നെ ധാരാളമാണ്‌. ഈ രോഗശമനത്തിനുശേഷം അദ്ദേഹം ദീര്‍ഘകാലം ജീവിക്കുകയും വേറെയും സന്താനങ്ങള്‍ ഉണ്ടാവുകയുമുണ്ടായി.
സദാസമയവും ചിന്തിക്കുകയും അല്ലാഹുവിനെ ഓര്‍ക്കുകയും അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം നബി(സ്വ) സ്വഹാബികളുമായി ഇരിക്കുമ്പോള്‍ പറഞ്ഞു: ``ഇതാ, സ്വര്‍ഗ്ഗാവകാശിയായ ഒരാള്‍ ഇപ്പോള്‍ ഇവിടെ പ്രത്യക്ഷപ്പെടും.'' ആരായിരിക്കും അതെന്ന്‌ ആകാംക്ഷയോടെ ജനം ഓര്‍ത്തിരിക്കുമ്പോള്‍ സഅ്‌ദുബ്‌നു അബീവഖാസ്വ്‌ (റ) വാണ്‌ അവിടെ പ്രത്യക്ഷപ്പെട്ടത്‌. നബി(സ്വ) യോടൊപ്പം എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. 
ഉമര്‍ (റ)വിന്റെ ഖിലാഫത്ത്‌ കാലത്ത്‌ പേര്‍ഷ്യക്കാരുമായുണ്ടായ യുദ്ധങ്ങളില്‍ സൈനിക നേതൃത്വം സഅ്‌ദ്‌ (റ) വിനായിരുന്നു. ഖാദിസിയ്യാ, മദാഇന്‍ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ യുദ്ധങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ അദ്ദേഹമായിരുന്നു. ഉമര്‍ (റ) അദ്ദേഹത്തെ ഇറാഖിലെ ഗവര്‍ണറായി നിയമിച്ചു. കൂഫ പട്ടണത്തിന്റെ രൂപരേഖ തയ്യാറാക്കി അവിടെ പട്ടണം നിര്‍മ്മിച്ചു. അതൊരു മുസ്‌ലിം കേന്ദ്രമാക്കി മാറ്റിയെടുത്തത്‌ സഅ്‌ദ്‌ (റ)വായിരുന്നു. പിന്നീട്‌ അദ്ദേഹം ആ പദവിയില്‍ നിന്ന്‌ ഒഴിവായി മദീനയില്‍ താമസിച്ചു. ഉമര്‍ (റ) നിയമിച്ച ആറംഗ സമിതിയില്‍ സഅദ്‌ (റ)ഉം ഉള്‍പ്പെട്ടിരുന്നുവല്ലോ. ഉസ്‌മാന്‍ (റ)വും അദ്ദേഹത്തെ ഇറാഖില്‍ ഗവര്‍ണറായി നിയമിച്ചുവെങ്കിലും അധികകാലം ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നില്ല. ഹിജ്‌റ 54 ല്‍ 71-ാമെത്തെ വയസ്സില്‍ അഖീഖ്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ അദ്ദേഹം ദിവംഗതനായി.

No comments:

Post a Comment