ഉഹുദ്‌ യുദ്ധം

ബദ്‌റിലെ പരാജയം ക്വുറൈശികളെ അപമാനിതരാക്കി. പകരം വീട്ടാന്‍ അബൂസുഫ്‌യാന്‍ ഒരു വന്‍സൈന്യം തയ്യാറാക്കി. 3000 പട്ടാളക്കാര്‍ എല്ലാവിധ തയ്യാറെടുപ്പുകളുമായി മദീനയിലേക്ക്‌ പുറപ്പെട്ടു. വിവരമറിഞ്ഞ നബി(സ്വ)എന്തുചെയ്യണമെന്നാലോചിച്ചു. ശത്രുക്കള്‍ക്ക്‌ മദീനയില്‍ പ്രവേശിക്കാന്‍ അവസരം കൊടുക്കരുതെന്നും മദീനക്കു പുറത്തുവച്ച്‌ അവരോട്‌ ഏറ്റുമുട്ടണമെന്നും അഭിപ്രായമുണ്ടായി. അതനുസരിച്ച്‌ ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ 15 ന്‌ ശനിയാഴ്‌ച ആയിരത്തോളം വരുന്ന സ്വഹാബികളുമായി നബി(സ്വ) ശത്രുസേനയ്‌ക്കു നേരെ പുറപ്പെട്ടു. വഴിമദ്ധ്യേ 300 കപടവിശ്വാസികള്‍ പിന്മാറി. യഥാര്‍ഥ വിശ്വാസമില്ലാതെ മുസ്‌ലിംകളാണെന്ന്‌ നടിച്ച്‌ മുസ്‌ലിംകളോടൊപ്പം ജീവിച്ചിരുന്നവരാണ്‌ ഇവര്‍. ഉഹുദ്‌ പര്‍വ്വതത്തിന്റെ താഴ്‌വരയില്‍ നബി(സ്വ) സൈന്യത്തെ നിര്‍ത്തി.
അമ്പെയ്‌ത്തുകാരായ 50 പേരെ അബ്‌ദുല്ലാഹിബ്‌നു ജബീര്‍ (റ)വിന്റെ നേതൃത്വത്തില്‍ മലമുകളില്‍ നിര്‍ത്തി. യുദ്ധക്കളത്തില്‍ എന്തുസംഭവിച്ചാലും അവിടെ നിന്ന്‌ ഇറങ്ങരുതെന്ന്‌ പ്രത്യേകം അവരെ ഉണര്‍ത്തിയിരുന്നു. യുദ്ധം തുടങ്ങി. ഉഗ്രമായ പോരാട്ടം നടന്നു. മുസ്‌ലിം പക്ഷത്തിന്‌ വിജയം കണ്ടപ്പോള്‍ ശത്രുസേന പരിഭ്രാന്തരായി ആയുധങ്ങളും മറ്റു സ്വത്തുക്കളും ഉപേക്ഷിച്ച്‌ ഓടിപ്പോയി. മുസ്‌ലിം സേനാംഗങ്ങള്‍ ശത്രുക്കള്‍ ഉപേക്ഷിച്ച സ്വത്തും ആയുധങ്ങളും ശേഖരിക്കാന്‍ തുടങ്ങി. മലമുകളില്‍ നില്‍ക്കുന്നവര്‍ ഈ രംഗം കണ്ടു. അവരുടെ നേതാവ്‌ വിലക്കിയിട്ടും കുറഞ്ഞ പേരൊഴികെ എല്ലാവരും താഴേക്കിറങ്ങി. മലമുകളില്‍ ആളൊഴിഞ്ഞ തക്കത്തില്‍ ഖാലിദ്‌ബ്‌നു വലീദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കുതിരപ്പടയാളികള്‍ മലയിടുക്കിലൂടെ യുദ്ധക്കളത്തിലേക്ക്‌ വന്നിറങ്ങി മുസ്‌ലിംകളുടെ നേരെ കടന്നാക്രമണം നടത്തി. മുസ്‌ലിം സൈന്യം പരിഭ്രാന്തരായി നാലുപാടും ഓടി. നബി(സ്വ)യും കുറച്ചു സ്വഹാബികളും മാത്രം യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു. ശത്രുക്കള്‍ കുഴിച്ചിരുന്ന ഒരു ചതിക്കുഴിയില്‍ നബി(സ്വ) വീണു. ഒരമ്പ്‌ വന്ന്‌ നബിയുടെ പടത്തൊപ്പിയില്‍ തറച്ചു. പടത്തൊപ്പിയുടെ ആണി നബി(സ്വ)യുടെ കവിളില്‍ തറച്ചു. നബി(സ്വ)യെ സ്വഹാബത്ത്‌ വലയം ചെയ്‌തുരക്ഷപ്പെടുത്തി. നിരവധി നാശനഷ്‌ടങ്ങളുണ്ടായി. എഴുപത്‌ പേര്‍ രക്തസാക്ഷികളായി. ഹംസ(റ), മുസ്‌ഹബ്‌ ബ്‌നു ഉമര്‍(റ), ഹളലത്തുബ്‌നു ആമിര്‍ (റ)മുതലായ പ്രമുഖ സ്വഹാബത്ത്‌ രക്തസാക്ഷികളായി. ശത്രുപക്ഷത്തുനിന്ന്‌ 23 പേരാണ്‌ കൊല്ലപ്പെട്ടത്‌. ബദ്‌റിന്‌ പകരം വീട്ടിയ അഭിമാനത്തോടെ ശത്രുക്കള്‍ തിരിച്ചുപോയി. ഹംസ(റ)നബി(സ്വ)യുടെ പിതൃവ്യനാണ്‌ എന്നകാര്യം ഓര്‍ക്കുമല്ലോ.
നേതൃത്വത്തെ ധിക്കരിക്കുന്നത്‌ ആപത്തുണ്ടാക്കുമെന്ന്‌ ഈ യുദ്ധം പഠിപ്പിക്കുന്നു.





No comments:

Post a Comment