ഖദീജ (റ)

മുഹമ്മദ്‌ നബി(സ്വ)ടെ ആദ്യ വിവാഹം നടന്നത്‌ 25-ാമത്തെ വയസ്സിലാണെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. ഖദീജ (റ)യായിരുന്നു ആദ്യ ഭാര്യ. പന്നീട്‌ 63-ാം വയസ്സില്‍ വഫാത്താവുന്നതിന്‌ മുമ്പായി വേറെയും വിവാഹം കഴിച്ചിട്ടുണ്ട്‌. സൗദാ ബിന്‍തുസംഅത്ത്‌, ആഇശാ ബിന്‍തു അബീബക്‌ര്‍, ഹഫ്‌സ്വബിന്‍തു ഉമര്‍, സൈനബ്‌ ബിന്‍തു ഖുസൈമത്ത്‌, ഉമ്മുസലമ ബിന്‍തു അബീഉമയ്യ, ഉമ്മു ഹബീബ ബിന്‍തു അബീസുഫ്‌യാന്‍, സൈനബ്‌ ബിന്‍തു ജഹ്‌ശ്‌, ജുവൈരിയ്യാ ബിന്‍തു ഹാരിസ്‌, സ്വഫിയ്യ ബിന്‍തു ഹുയയ്യ്‌, മൈമൂന ബിന്‍തു ഹാരിസ്‌ (റ) എന്നിവരാണ്‌ നബി(സ്വ)യുടെ മറ്റു പത്‌നിമാര്‍. സത്യ വിശ്വാസികളുടെ മാതാക്കള്‍ എന്നാണ്‌ ഇവര്‍ അറിയപ്പെടുന്നത്‌. ഒരു മുസ്‌ലിമിന്‌ നാല്‌ ഭാര്യമാരില്‍ കൂടുതല്‍ ഒരേ സമയത്ത്‌ ഉണ്ടാവാന്‍ പാടില്ല. മതസംബന്ധമായ ചില പ്രത്യേക കാരണങ്ങളാല്‍ നാലില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ നബി (സ്വ)ക്ക്‌ അല്ലാഹു പ്രത്യേകം അനുവാദം കൊടുത്തതിനാലാണ്‌ ഇത്രയും വിവാഹം കഴിച്ചത്‌. ഖദീജ, സൈനബ്‌ ബിന്‍തു ഖുസൈമത്ത്‌ എന്നിവര്‍ നബിയുടെ കാലത്ത്‌ തന്നെ മരണപ്പെട്ടിരുന്നു. പ്രവാചക പത്‌നിമാരില്‍ ഖദീജ, ആഇശ (റ)എന്നിവരെക്കുറിച്ച്‌ ചില കാര്യങ്ങള്‍ നമുക്ക്‌ പഠിക്കാം. 
ഖുറൈശ്‌ കുടുംബത്തില്‍ പിറന്ന ഖദീജ (റ) വളരെ മാന്യതയും പ്രതാപവും, പാണ്ഡിത്യവും ഉള്ളവരായിരുന്നു. സമ്പത്ത്‌ ധാരാളം ഉണ്ടായിരുന്ന അവര്‍ വ്യാപാരങ്ങള്‍ നടത്തിയിരുന്നു. നബി(സ്വ) വിവാഹം ചെയ്യുന്നതിന്‌ മുമ്പ്‌ വേറെയും വിവാഹങ്ങള്‍ നടക്കുകയും അതില്‍ അവര്‍ക്ക്‌ മക്കളുണ്ടാവുകയും ചെയ്‌തിട്ടുണ്ട്‌. ഖദീജ (റ) കച്ചവടത്തിന്‌ വിശ്വസ്‌തരായ കച്ചവടക്കാരെയും കൂലിക്കാരെയും നിശ്ചയിക്കാറുണ്ടായിരുന്നു. അല്‍ അമീന്‍ എന്ന്‌ ശ്രുതിപ്പെട്ട നബി(സ്വ)യെ അവരുടെ കച്ചവട ചരക്കുകളുമായി സിറിയയിലേക്ക്‌ പോകുവാന്‍ ക്ഷണിച്ചു. നബി(സ്വ) ആ ക്ഷണം സ്വീകരിച്ചു. നബി(സ്വ)ക്ക്‌ സഹായത്തിന്‌ ഖദീജ (റ) അവരുടെ ഭൃത്യന്‍ മൈസറത്തിനെയും കൂടെ അയച്ചു. ഈ കച്ചവടത്തില്‍ വമ്പിച്ച ലാഭം കിട്ടുകയും ഖദീജ (റ) നബി(സ്വ)ക്ക്‌ കൂടുതല്‍ പ്രതിഫലം നല്‍കുകയും ചെയ്‌തു.
കച്ചവട യാത്രയിലുണ്ടായ പല അത്ഭുത സംഭവങ്ങളും മൈസറത്ത്‌ കദീജയെ അറിയിച്ചു. നബി(സ്വ)യുടെ സവിശേഷതകളും നബി(സ്വ)യില്‍ വെളിപ്പെട്ട ചില അത്ഭുതങ്ങളും കച്ചവടത്തില്‍ കാണിച്ച വിശ്വസ്‌തതയും അവരില്‍ മതിപ്പ്‌ ഉളവാക്കി. അതിനാല്‍ അല്‍അമീനായ മുഹമ്മദിനെ ഭര്‍ത്താവായി ലഭിച്ചെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചു. ഖദീജയുടെ ആഗ്രഹം അറിഞ്ഞപ്പോള്‍ നബി(സ്വ)യുടെ പിതൃവ്യന്‍മാര്‍ക്കും നബി(സ്വ)ക്കും ഈ വിവാഹാലോചന ഇഷ്‌ടപ്പെട്ടു. രണ്ട്‌ കൂട്ടരുടെയും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വളരെ ലളിതമായി വിവാഹം നടന്നു. ഖദീജയുടെ പിതൃവ്യന്‍ അംറുബ്‌നു അസദാണ്‌ വിവാഹം ചെയ്‌തുകൊടുത്തത്‌. വിവാഹ സമയത്ത്‌ ഖദീജ (റ)ക്ക്‌ 40 വയസ്സായിരുന്നു പ്രായം. 
നബി(സ്വ)യോടോപ്പം ഇരുപത്തിയഞ്ച്‌ വര്‍ഷം ജീവിച്ചു. അവരുടെ ജീവിതകാലത്ത്‌ നബി(സ്വ) വേറെ വിവാഹം കഴിച്ചിട്ടില്ല. അവര്‍ പരസ്‌പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിച്ചു. നാല്‍പതു വയസ്സോടടുത്ത കാലത്ത്‌ നബി(സ്വ) ഹിറാഗുഹയില്‍ ധ്യാനത്തിനു പോകുമ്പോള്‍ അവര്‍ നബി(സ്വ)ക്ക്‌ ഭക്ഷണം ഒരുക്കിക്കൊടുത്തു. ആദ്യമായി വഹ്‌യ്‌ ലഭിച്ച്‌ പേടിച്ച്‌ വിറച്ച്‌ വന്നപ്പോള്‍ നബി(സ്വ)യെ സാന്ത്വനപ്പെടുത്തി. അല്ലാഹു താങ്കളെ കൈവെടിയില്ല അങ്ങ്‌ അതിഥികളെ സല്‍ക്കരിക്കുന്നു, ജനങ്ങളുടെ വിഷമതകള്‍ അകറ്റുന്നു, നിര്‍ധനര്‍ക്ക്‌ ധനം സമ്പാദിച്ചുകൊടുക്കുന്നു എന്നൊക്കെ പറഞ്ഞു നബി(സ്വ)യെ ആശ്വസിപ്പിച്ചത്‌ അവരാണ്‌. എത്ര നല്ല മനസ്സാണവരുടേതെന്ന്‌ ഓര്‍ത്തു നോക്കുക. വെപ്രാളപ്പെട്ട്‌ വിഷമത വര്‍ദ്ധിപ്പിക്കാനല്ലല്ലോ അവര്‍ ശ്രമിച്ചത്‌!
ശത്രുക്കളില്‍ നിന്ന്‌ നുബുവ്വത്തിനു ശേഷം ഏല്‍ക്കേണ്ടിവന്ന കഠിന മര്‍ദ്ദനങ്ങളിലെല്ലാം നബി(സ്വ)ക്ക്‌ സഹായിയായി വര്‍ത്തിച്ചത്‌ ഖദീജ (റ) ആയിരുന്നു. സാമ്പത്തിക വിഷമങ്ങളുണ്ടായപ്പോള്‍ പണം നല്‍കി സഹായിച്ചു. നബി(സ്വ)യില്‍ ആദ്യമായി വിശ്വസിച്ചത്‌ അവരായിരുന്നു.
നബി(സ്വ)യുടെ എല്ലാ മക്കളും-ഇബറാഹീം ഒഴികെ-ഖദീജയിലാണ്‌ പിറന്നത്‌. സ്വര്‍ഗ്ഗസ്‌ത്രീകളില്‍ ഉത്തമയാണവര്‍ എന്ന്‌ നബി(സ്വ)പറയുകയുണ്ടായി. വളരെ ഭക്തിയോടും സദാചാര ബോധത്തോടെയും അവര്‍ ജീവിച്ചു. നുബുവ്വത്തിന്റെ പത്താം വര്‍ഷം അവര്‍ ഇഹലോകവാസം വെടിഞ്ഞു. ആ വര്‍ഷം തന്നെയാണ്‌ നബി(സ്വ)ക്ക്‌ ആശ്രയം നല്‍കിയിരുന്ന മൂത്താപ്പ അബുത്വാലിബും മരിച്ചത്‌. ഈ രണ്ടു മരണങ്ങളും നബി (സ്വ)യെ വളരെയെറെ ദുഃഖിപ്പിച്ചു.
ഖദീജ (റ)യുടെ മരണശേഷം നബി(സ്വ) അവരെ സ്‌മരിക്കുകയും അവരുടെ ഗുണഗണങ്ങള്‍ പറയുകയും ചെയ്യാറുണ്ടായിരുന്നു. വീട്ടില്‍ ആടിനെ അറുത്താല്‍ മാംസം ഖദീജ (റ) യുടെ സ്‌നേഹിതകള്‍ക്ക്‌ എത്തിച്ചുകൊടുക്കാറുണ്ടായിരുന്നു. 
അവെരപ്പോലെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഭാര്യയെ ലഭിച്ചിട്ടില്ലെന്ന്‌ നബി(സ്വ) പറയാറുണ്ടായിരുന്നു. ഹിജ്‌റക്ക്‌ മൂന്ന്‌ വര്‍ഷം മുന്‍പ്‌ മരണപ്പെട്ട അവരുടെ ഖബര്‍ മക്കയിലെ മുഅല്ലായിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

No comments:

Post a Comment