മര്‍യം (റ)

സകരിയ്യാനബി (അ) ന്റെ കാലത്ത്‌ ഇസ്‌റാഈല്‍ വംശത്തില്‍ ജീവിച്ചിരുന്ന മഹാനായ വ്യക്തിയായിരുന്നു ഇംറാന്‍. അദ്ദേഹത്തിന്റെ ഭാര്യ ഹന്നക്ക്‌ നീണ്ട ദാമ്പത്യ ജീവിതത്തില്‍ സന്തതി പിറക്കാതിരുന്നപ്പോള്‍ കടുത്ത ദുഃഖം അനുഭവപ്പെട്ടു. എങ്കിലും അവര്‍ നിരാശരായില്ല. നിരന്തര പ്രാര്‍ത്ഥനയുമായി അവര്‍ കഴിഞ്ഞു. അല്ലാഹു അവരെ അനുഗ്രഹിച്ചു. അവര്‍ ഗര്‍ഭിണിയായി. സന്തോഷാധിക്യത്താല്‍ ഗര്‍ഭത്തിലുള്ള കുട്ടിയെ അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച്‌ ബൈത്തുല്‍ മുഖദ്ദസിന്റെ സംരക്ഷണത്തിനും ശുശ്രൂഷക്കും വേണ്ടി നല്‍കാമെന്ന്‌ അവര്‍ നേര്‍ച്ച നേര്‍ന്നു. സാധാരണ ആണ്‍കുട്ടികളെയാണ്‌ ഇപ്രകാരം നല്‍കാറുണ്ടായിരുന്നത്‌. എന്നാല്‍ ഹന്ന പ്രസവിച്ചതാവട്ടെ പെണ്‍കുഞ്ഞായിരുന്നു. ഹന്ന അവള്‍ക്ക്‌ മര്‍യം എന്ന്‌ നാമകരണം ചെയ്‌തു. അവര്‍ നേര്‍ച്ച നിറവേറ്റുകയും കുട്ടിയെ ബൈത്തുല്‍ മുഖദ്ദസിന്റെ കൈകാര്യ കര്‍ത്താവായ സകരിയ്യാ നബി (അ)യെ ഏല്‍പ്പിക്കുകയും ചെയ്‌തു. സകരിയ്യാ നബി മര്‍യമിന്റെ മാതൃസഹോദരീ ഭര്‍ത്താവായിരുന്നു. അദ്ദേഹം കുഞ്ഞിന്റെ സംരക്ഷണവും ശിക്ഷണവും ഏറ്റെടുത്തു. ഈ കുഞ്ഞത്രെ മഹാനായ ഈസാനബി (അ)മിന്റെ മാതാവായി തീര്‍ന്ന മര്‍യം (റ).
സകരിയ്യാ നബി (അ) മിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന മര്‍യം ഏറ്റവും നല്ല മഹതിയായി തീര്‍ന്നു. മതനിഷ്‌ഠയിലും, ഭക്തിയിലും സത്യസന്ധതയിലും, ചാരിത്ര്യ ശുദ്ധിയിലും അവര്‍കിടയറ്റവരായി. ലോകത്തുള്ള ഇതര സ്‌ത്രീകളെക്കാള്‍ അല്ലാഹു അവരെ ശ്രേഷ്‌ഠയാക്കുകയും പരിശുദ്ധയാക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ മലക്കുകള്‍ അവരെ സന്തോഷവാര്‍ത്ത അറിയിക്കുകയുണ്ടായി. അവരെയും സന്തതിയെയും പൈശാചിക ബാധയില്‍ നിന്ന്‌ അല്ലാഹു രക്ഷിച്ചിട്ടുണ്ട്‌. 
അവരുടെ നല്ല ജീവിതം നിമിത്തം ഈ ലോകത്ത്‌ വെച്ച്‌ തന്നെ അല്ലാഹു അവരെ ആദരിച്ചു. സകരിയ്യാ നബി (അ) ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അവരുടെ അടുക്കല്‍ കണ്ടപ്പോള്‍ ഇതെവിടെനിന്ന്‌ ലഭിച്ചുവെന്ന്‌ അന്വേഷിച്ചു. ''അല്ലാഹുവിന്റെ അടുക്കല്‍ നിന്നാണ്‌''. എന്നായിരുന്നു അവരുടെ മറുപടി. 
അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണല്ലോ. മതാവോ പിതാവോ ഇല്ലാതെ ആദം നബി (അ) മിനെ സൃഷ്‌ടിച്ചു. നമ്മളൊക്കെ മാതാപിതാക്കളില്‍ നിന്ന്‌ ജനിച്ചു. അല്ലാഹുവിന്റെ ശക്തി നിഷേധിക്കുന്നവര്‍ക്ക്‌ അവന്‍ അവന്റെ ശക്തി നേരിട്ട്‌ കാണിച്ചുകൊടുത്തു. 
വിവാഹിതയായിട്ടില്ലാത്ത മര്‍യം ഗര്‍ഭിണിയായി. അല്ലാഹു അവന്റെ ആത്മാവ്‌ അവരില്‍ ഊതുകയാണ്‌ ചെയ്‌തത്‌. പ്രസവം നടക്കേണ്ട സമയം അവര്‍ അകലെയുള്ള ഒരു ഈത്തപ്പന ചുവട്ടിലെത്തി. ഭര്‍ത്താവ്‌ ഇല്ലാത്ത അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നതില്‍ അവര്‍ കഠിന വ്യസനത്തിലായി. അല്ലാഹുവിന്റെ അറിയിപ്പുണ്ടായി. ``നീ ദുഃഖിക്കരുത്‌. താഴെ അരുവിയുണ്ട്‌. അതില്‍ നിന്ന്‌ വെള്ളം കുടിക്കുക. ഈത്തപ്പന പിടിച്ച്‌ കുലുക്കുക. പഴം വീഴും അത്‌ തിന്നുക. ജനങ്ങളോട്‌ ഒന്നും പറയേണ്ട, ജനങ്ങളെ കണ്ടാല്‍ ഞാന്‍ അല്ലാഹുവിന്‌ നോമ്പ്‌ നേര്‍ന്നിരിക്കുകയാണ്‌, ഞാന്‍ ആരോടും ഒന്നും സംസാരിക്കുകയില്ല എന്ന്‌ പറയുക. 
പ്രസവാനന്തരം കുട്ടിയുമായി അവര്‍ വീട്ടിലെത്തിയപ്പോള്‍ ജനങ്ങള്‍ ആക്ഷേപിച്ചു. അവര്‍ ഒന്നും ഉരിയാടാതെ കുട്ടിയുടെ നേര്‍ക്ക്‌ ചൂണ്ടി. തൊട്ടിലില്‍ കിടന്നുകൊണ്ട്‌ കുട്ടി പറഞ്ഞു: ``ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്‌. എനിക്ക്‌ അവന്‍ ഗ്രന്ഥം നല്‍കിയിരിക്കുന്നു. എന്നെ നബിയായി നിശ്ചയിച്ചിരിക്കുന്നു...... എന്റെ മാതാവിന്‌ ഗുണം ചെയ്യാനും എന്നോട്‌ കല്‍പിച്ചിരിക്കുന്നു.'' 
മര്‍യം പരിശുദ്ധയാണെന്നും പതിവ്രതയാണെന്നും ഖുര്‍ആന്‍ പ്രസ്‌താവിച്ചു. അവരെയും അല്ലാഹു സത്യവിശ്വാസികള്‍ക്ക്‌ മാതൃകയാക്കിയിട്ടുണ്ടെന്ന്‌ നിങ്ങള്‍ പഠിച്ചുവല്ലോ. വളരെ പുരാതന കാലത്ത്‌ ജീവിച്ച ആ മഹതിയുടെ നല്ല ശീലങ്ങളും പെരുമാറ്റ ഗുണങ്ങളും നമുക്ക്‌ മാതൃകയാക്കാം.

No comments:

Post a Comment