ഖന്തക്ക്‌ യുദ്ധം

നബി(സ്വ) മദീനയിലെത്തിയ ഉടനെ ജൂതന്മാരുമായി സന്ധി ചെയ്‌തത്‌ നിങ്ങള്‍ പഠിച്ചുവല്ലോ. എന്നാല്‍ അവര്‍ ഇടക്കിടെ സന്ധി ലംഘിച്ചുകൊണ്ടിരുന്നു. തന്നിമിത്തം നബി(സ്വ) ബനൂ നളീര്‍ ഗോത്രക്കാരെ നാടുകടത്തി. ഈ സംഭവത്തില്‍ രോഷം പൂണ്ട മറ്റു ജൂതന്മാര്‍ ക്വുറൈശികളെയും മദീനക്കു പുറത്തുള്ള ജൂതഗോത്രമായ അത്‌ഫാന്‍കാരെയും നബി(സ്വ)ക്കെതിരെ യുദ്ധത്തിന്‌ തയ്യാറെടുപ്പിച്ചു. അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ 4000 പട്ടാളക്കാര്‍ മക്കയില്‍ നിന്ന്‌ പുറപ്പെട്ടു. അത്‌ഫാന്‍ ജൂതന്മാര്‍ ഹുനൈയ്‌നയുടെ നേതൃത്വത്തില്‍ 1000 കുതിരപ്പടയാളികളുമായി പുറപ്പെട്ടു. മറ്റു ഗോത്രങ്ങളില്‍ നിന്ന്‌ 5000 പേരും തയ്യാറെടുത്തു. ഒട്ടാകെ 10000 പേരടങ്ങിയ വന്‍ സൈന്യം മദീനയിലേക്ക്‌ നീങ്ങി.
വിവരമറിഞ്ഞ നബി(സ്വ) എന്തു ചെയ്യണമെന്ന്‌ സ്വഹാബാത്തിനോടന്വേഷിച്ചു. മദീനയുടെ ചുറ്റും കിടങ്ങുകള്‍ കുഴിച്ചുശത്രുവിനെ തടയാമെന്ന്‌ സല്‍മാനുല്‍ ഫാരിസ്‌ (റ) അഭിപ്രായപ്പെട്ടു. ദാരിദ്ര്യവും പട്ടിണിയും മൂലം ഞെരുങ്ങിക്കഴിയുന്ന ഒരവസരത്തിലാണ്‌ കൂനിന്മേല്‍ കുരുവെന്നപോലെ ഈ യുദ്ധത്തിനു പുറപ്പെടേണ്ടിവന്നത്‌. വിശപ്പും ദാഹവും സഹിച്ചു മുസ്‌ലിംകള്‍ കിടങ്ങുകുഴിച്ചു.
അതില്‍ നബി(സ്വ)യും പങ്കുകൊണ്ടു. 3000 സൈന്യത്തോടു കൂടി ശത്രുക്കളെ നേരിട്ടു. 15 ദിവസത്തോളം മുസ്‌ലിംകള്‍ വലയത്തിനുള്ളിലായി. ശത്രുക്കള്‍ കിടങ്ങുകണ്ട്‌ അമ്പരന്നു. ചെറിയ തോതിലുള്ള അമ്പെയ്‌ത്തുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഈ ഘട്ടത്തില്‍ നബി(സ്വ)യോട്‌ സഖ്യത്തിലേര്‍പ്പെട്ടിരുന്ന ബനൂഖരീള്‌ ഗോത്രം സന്ധിലംഘിച്ചു. അവരുടെ കുതന്ത്രങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ നബി(സ്വ) അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചു. അല്ലാഹു അത്‌ സ്വീകരിച്ചു.
രാത്രിയില്‍ ശത്രുപാളയത്തില്‍ ശക്തമായ ശീതക്കാറ്റടിച്ചു. താവളമുപേക്ഷിച്ച്‌ മടങ്ങിപ്പോകാന്‍ ശത്രുസേന നിര്‍ബ്ബന്ധിതരായി. നേരം പുലര്‍ന്നപ്പോഴേക്കും ശത്രുക്കള്‍ മുഴുവനും പോയിക്കഴിഞ്ഞിരുന്നു.
ഹിജ്‌റ 5 -ാം വര്‍ഷം നടന്ന ഈ യുദ്ധത്തില്‍ വിവിധ സംഘങ്ങള്‍ പങ്കെടുത്തതിനാല്‍ അഹ്‌സാബ്‌ (സഖ്യകക്ഷികള്‍) യുദ്ധമെന്നും കിടങ്ങ്‌ കുഴിച്ചതുകൊണ്ട്‌ ഹന്‍തക്ക്‌(കിടങ്ങ്‌) യുദ്ധമെന്നും ഈ യുദ്ധത്തിന്‌ പേരുണ്ട്‌. നബി(സ്വ)യുടെ മുഅ്‌ജിസാത്ത്‌ പ്രകടമായ ഒരു യുദ്ധമായിരുന്നു ഇത്‌.


No comments:

Post a Comment