ഉമറുബ്‌നുല്‍ ഖത്ത്വാബ്‌ (റ)

ഭരണകാലം: 13-23
ഖുറൈശ്‌ ഗോത്രത്തിലെ അദ്‌വി വംശത്തില്‍ ഖത്ത്വാബിന്റെയും ഹന്‍തമയുടെയും മകനായി ഉമര്‍ (റ) ജനിച്ചു. നബി(സ്വ)യെക്കാള്‍ പതിമൂന്ന്‌ വയസ്സ്‌ കുറവായിരുന്നു അദ്ദേഹത്തിന്‌. ചെറുപ്പത്തില്‍ ജാഹിലിയ്യാ കാലത്തെ എല്ലാ ദുര്‍ഗ്ഗുണങ്ങളും അദ്ദേഹത്തിന്നുണ്ടായിരുന്നു. ഉക്കാള എന്ന വ്യാപാര സ്ഥലത്ത്‌ എപ്പോഴും ജനങ്ങളോട്‌ അടിപിടി കൂടുന്ന ഒരു `പോക്കിരി'യായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ തുടക്കത്തില്‍ മുസ്‌ലിംകളെ അദ്ദേഹം കഠിനമായി ദ്രോഹിച്ചു. അദ്ദേഹത്തെ എല്ലാവര്‍ക്കും ഭയമായിരുന്നു. വിശ്വാസികള്‍ ഭയംകൊണ്ട്‌ അവരുടെ വിശ്വാസം പുറത്തുകാണിച്ചില്ല.
നബി
(സ്വ)യോടുള്ള അടക്കവയ്യാത്ത ശത്രുത നിമിത്തം ഒരിക്കല്‍ നബി(സ്വ)യെ വധിക്കണമെന്ന്‌ ഉദ്ദേശ്യത്തോടെ വീട്ടില്‍നിന്ന്‌ പുറപ്പെട്ടു. വഴിക്ക്‌ വെച്ചാണ്‌ സ്വന്തം സഹോദരി ഫാത്വിമ മുസ്‌ലിമായ വിവരമറിഞ്ഞത്‌. അതിവേഗത്തില്‍ അളിയന്‍ സഈദിന്റെ വീട്ടിലേക്ക്‌ ഓടി. അവിടെയെത്തിയപ്പോള്‍ ഖുര്‍ആന്‍ ഓതുന്നതാണ്‌ കേട്ടത്‌. വാതില്‍ തുറക്കാന്‍ പറഞ്ഞു. വീട്ടിനകത്ത്‌ ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുത്തിരുന്ന അധ്യാപകന്‍ ഖബ്ബാബ്‌ (റ) ഒരു മൂലയില്‍ ഒളിച്ചു. അളിയനുമായി ഒരു മല്‍പിടുത്തം നടന്നു. പെങ്ങള്‍ വന്നു തടുത്തു. അവളുടെ പക്കല്‍ നിന്ന്‌ ഖുര്‍ആന്‍ എഴുതിയത്‌ വാങ്ങി. ത്വാഹാ സൂറത്തിന്റെ ആദ്യവചനങ്ങള്‍ ആയിരുന്നു അത്‌. അദ്ദേഹം അത്‌ വായിച്ചു. അല്‌പ നേരം നിശബ്‌ദനായിരുന്നു. അദ്ദേഹത്തില്‍ ഒരു മാറ്റമുണ്ടായി. മുഹമ്മദ്‌ പറയുന്നത്‌ സത്യമാണെന്ന ബോധം വന്നു. അളിയനോടൊപ്പം നബി(സ്വ)യുടെ അടുത്തെത്തി ഇസ്‌ലാം മതം സ്വീകരിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നതിന്‌ കുറച്ച്‌ ദിവസം മുമ്പ്‌ നബി(സ്വ) ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു. ``നാഥാ, ഉമറൈനികളില്‍ - ഉമറും അബൂജഹ്‌ലും - ഒരാളെക്കൊണ്ട്‌ ഇസ്‌ലാമിന്‌ നീ കരുത്തേകണേ.'' ഹിജ്‌റയുടെ അഞ്ച്‌ വര്‍ഷം മുമ്പാണ്‌ അദ്ദേഹം ഇസ്‌ലാമിലേക്ക്‌ വന്നത്‌.
ഉമറിന്റെ ഇസ്‌ലാം സ്വീകരണത്തോടെ ഇസ്‌ലാമിന്‌ ശക്തിയും ചൈതന്യവുമുണ്ടായി. ജനങ്ങള്‍ ഭയംകൂടാതെ ഇസ്‌ലാം സ്വീകരിച്ചുതുടങ്ങി. എല്ലാവരും ആരുമറിയാതെ ഹിജ്‌റ: പോയപ്പോള്‍ അദ്ദേഹം പരസ്യമായിട്ടായിരുന്നു ഹിജ്‌റ: പോയത്‌. നബി
(സ്വ) യോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. അദ്ദേഹത്തോട്‌ പലകാര്യങ്ങളിലും നബി(സ്വ) കൂടിയാലോചന നടത്തിയിരുന്നു. ബുദ്ധിമാനും, സമര്‍ത്ഥനും, നീതിമാനും, ദീര്‍ഘദൃഷ്‌ടിയുള്ളവനും വിവേകമുള്ളവനുമായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ അബൂബക്‌ര്‍ (റ) വിനോട്‌ ആദ്യമായി ആവശ്യപ്പെട്ടത്‌ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റ അഭിലാഷങ്ങള്‍ക്കനുസൃതമായി ഖുര്‍ആനില്‍ നിയമങ്ങളവതരിപ്പിക്കുക പോലുമുണ്ടായിട്ടുണ്ട്‌. അക്രമകാരികളോട്‌ പരുഷമായി പെരുമാറി. സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ചവനെന്ന അര്‍ത്ഥമുള്ള ഫാറൂഖ്‌ എന്ന പേരില്‍ കീര്‍ത്തി നേടി.
രണ്ടാം ഖലീഫ
യര്‍മൂക്ക്‌ യുദ്ധസമയത്ത്‌ അബൂബക്‌ര്‍ (റ) രോഗബാധിതനായി. പ്രമുഖ സ്വഹാബിമാരോട്‌ കൂടിയാലോചിച്ച്‌ ഉമര്‍ (റ) വിനെ അടുത്ത ഖലീഫയായി അദ്ദേഹം വസ്വിയ്യത്ത്‌ എഴുതി. അബൂബക്‌ര്‍ (റ) മരണപ്പെട്ട ദിവസം തന്നെ ഉമര്‍ (റ) അധികാരമേറ്റെടുത്തു.
ഇസ്‌ലാമിന്റെ വികാസം
യര്‍മൂക്ക്‌ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സിറിയയിലേക്കു പോയ ഖാലിദുബ്‌നു വലീദ്‌, ഇറാഖില്‍ ഒരു ഭാഗം സൈന്യത്തിന്റെ പടനായകനായി മുസന്നബ്‌നുഹാരിസ (റ) വിനെ നിയമിച്ചിരുന്നു. ഉമര്‍ (റ) ഭരണമേറ്റപ്പോള്‍ ഇറാഖിലേക്ക്‌ മറ്റൊരു സൈന്യത്തെ അയക്കുകയും മുഴുവന്‍ സൈന്യത്തിന്റെയും നേതൃത്വം സഅ്‌ദുബ്‌നു അബീവഖാസ്വ്‌ (റ) വിനെ ഏല്‍പിക്കുകയും ചെയ്‌തു. സഅദു (റ) തന്റെ പ്രതിനിധികളെ പേര്‍സ്യന്‍ സൈനികനായകന്‍ റുസ്‌തമിന്റെ അടുത്തേക്കയച്ചു. മുസ്‌ലിംകളുടെ ആഗമന ലക്ഷ്യം അവര്‍ വിവരിച്ചു. ``ഇസ്‌ലാം സ്വീകരിക്കുക. എന്നാല്‍ നിങ്ങളുടെ സ്ഥാനവും അധികാരവും നിങ്ങളെത്തന്നെ ഏല്‍പ്പിക്കാം. ഇല്ലെങ്കില്‍ ഞങ്ങള്‍ക്കു കപ്പം തരിക. നിങ്ങളുടെ സംരക്ഷണം ഞങ്ങള്‍ ഏറ്റെടുക്കാം. അതിനും തയാറല്ലെങ്കില്‍ വിജയം അഥവാ സ്വര്‍ഗ്ഗം പ്രാപിക്കുംവരെ ഞങ്ങള്‍ യുദ്ധം ചെയ്യും.'' ഇതംഗീകരിക്കാന്‍ അവര്‍ തയ്യാറകാത്തതിനാല്‍ ഖാദിസിയ എന്ന സ്ഥലത്തുവെച്ച്‌ ശക്തമായ പോരാട്ടം നടന്നു. പേര്‍സ്യന്‍ പട്ടാളം പരാജയപ്പെട്ടു. പേര്‍സ്യക്കാരുടെ പടത്തലവന്‍ റുസ്‌തം കൊല്ലപ്പെട്ടു. ഉമര്‍ (റ) വിന്റെ കാലത്തുണ്ടായ ഏറ്റവും വലിയ ഈ യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെത്തന്നെ അതിപ്രധാന യുദ്ധമാണ്‌. ഹിജ്‌റ 15ലാണ്‌ ഈ സംഭവം. ഖാദിസിയായിലെ വിജയാനന്തരം സഅദ്‌ബ്‌നു അബീവഖാസ്വ്‌ മദാഇന്‍ എന്ന പ്രദേശത്തേക്ക്‌ പോയി. ആ പ്രദേശവും ഇസ്‌ലാമിന്നധീനമായി.
സിറിയയില്‍ വെച്ചുണ്ടായ യര്‍മൂക്ക്‌ യുദ്ധാനന്തരം സൈനിക നേതൃത്വം അബൂഉബൈദ (റ) വിന്‌ ഉമര്‍ (റ) ഏല്‍പിച്ചുകൊടുത്തു. ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ അധീനത്തിലുണ്ടായിരുന്ന ദിമശ്‌ഖ്‌, ഹിംസ്വ്‌, ഹുമാത്ത്‌, ഹലബ്‌ അന്താക്കിയാ എന്നീ സ്ഥലങ്ങള്‍ ഇസ്‌ലാമിന്നധീനമായി. കൂടാതെ ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ അധീനത്തിലുണ്ടായിരുന്ന ഫലസ്‌തീനും അയല്‍ പ്രദേശങ്ങളും മുസ്‌ലിംകള്‍ ജയിച്ചടക്കി. യസീദ്‌ബ്‌നു അബീസുഫ്‌യാന്‍, അംറുബ്‌നുല്‍ ആസ്വ്‌ എന്നിവരായിരുന്നു ആ പ്രദേശത്തേക്ക്‌ നിയോഗിക്കപ്പെട്ട പടനായകന്മാര്‍. ബൈത്തുല്‍ മുഖദ്ദസും മുസ്‌ലിംകള്‍ക്കധീനമായി.
അംറുബ്‌നുല്‍ ആസ്വ്‌ (റ) വിന്റെ നേതൃത്വത്തില്‍ ഒരു സംഘം പട്ടാളക്കാര്‍ ഉമര്‍ (റ) വിന്റെ അനുമതി പ്രകാരം ഈജിപ്‌തിലേക്ക്‌ പോയി. അവര്‍ അവിടെ ഇസ്‌ലാം പ്രചരിപ്പിച്ചു. ഇസ്‌ലാമിലെ സമത്വവും സാഹോദര്യവും കണ്ട ആ നാട്ടുകാര്‍ അതിവേഗത്തില്‍ ഇസ്‌ലാമിലേക്ക്‌ വന്നു. മുമ്പുകാലത്ത്‌ ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ മര്‍ദ്ദനത്തില്‍ കഴിയുകയായിരുന്നു അവര്‍.
ഭരണ പരിഷ്‌കാരങ്ങള്‍
രാജ്യത്തെ പല സംസ്ഥാനങ്ങളായി ഭാഗിച്ച്‌ സ്വന്തം കുടുംബത്തില്‍ പെടാത്തവരും ഭക്തരുമായവരെ അവിടങ്ങളില്‍ ഗവര്‍ണര്‍മാരായി നിയമിച്ചു. ഭരണകൂടത്തിന്‌ ക്രമവും വ്യവസ്ഥയുമുണ്ടാക്കി. ജഡ്‌ജിമാരെ നിയമിച്ചു. രാത്രിയില്‍ വേഷം മാറിനടന്ന്‌ പ്രജകളുടെ സ്ഥിതിഗതികള്‍ നേരിട്ടറിഞ്ഞു പരിഹാരം കണ്ടു. ഈജിപ്‌തിലെ ഫുസ്‌ത്വാത്ത്‌ പട്ടണവും ഇറാഖിലെ കൂഫ, ബസ്വറ എന്നീ പട്ടണങ്ങളും നിര്‍മ്മിക്കപ്പെട്ടു. ഭരണം കാര്യക്ഷമമാക്കാന്‍ വരവു ചെലവുകള്‍ എഴുതിസൂക്ഷിക്കുന്ന സമ്പ്രദായം തുടങ്ങി. ജനങ്ങളുടെ ഭയം നീക്കി നീതി ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തി. ജയിച്ചടക്കിയ പ്രദേശങ്ങളിലെ ജനങ്ങളോട്‌ സ്‌നേഹത്തോടും കാരുണ്യത്തോടും വര്‍ത്തിച്ചു. അവര്‍ക്ക്‌ നികുതി ഇളവ്‌ ചെയ്‌തുകൊടുത്തു. അദ്ദേഹത്തെ കാണാന്‍ വന്ന ഒരു ദൗത്യസംഘത്തോട്‌ പറഞ്ഞു: ``എന്റെ ഗവര്‍ണര്‍മാരെ ഞാന്‍ നിയോഗിച്ചിട്ടുള്ളത്‌ നിങ്ങളില്‍ നിന്ന്‌ നികുതി പിരിക്കാനല്ല; അല്ലാഹുവിന്റെ ഖുര്‍ആനും പ്രവാചകന്റെ ചര്യയും നിങ്ങളെ പഠിപ്പിക്കാനാണ്‌. അതിനു വിപരീതം പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അതെന്നെ അറിയിക്കുക.''
ഹിജ്‌റ: വര്‍ഷം കണക്കാക്കുന്ന സമ്പ്രദായം നടപ്പിലാക്കിയത്‌ അദ്ദേഹമാണ്‌. തപാല്‍ സമ്പ്രദായം നടപ്പിലാക്കുകയും നാണയങ്ങള്‍ അടിക്കുകയും ചെയ്‌തു. മദീനയിലെ മസ്‌ജിദുന്നബവി വിപുലീകരിച്ചു. ഖലീഫത്തുറസൂലില്ലാഹി എന്നതിനുപകരം അമീറുല്‍ മുഅ്‌മിനീന്‍ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചു.
അന്ത്യം
ഒരു ദിവസം സ്വുബ്‌ഹ്‌ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ അബൂലുഅ്‌ലുഅത്ത്‌ എന്ന ഒരു മജൂസി അദ്ദേഹത്തെ കുത്തി. മുഗീറത്തു (റ) വിന്റെ അടിമയായിരുന്നു ആ ദുഷ്‌ടന്‍. ആ മുറിവ്‌ നിമിത്തമാണ്‌ അദ്ദേഹം മരണമടഞ്ഞത്‌. 63 വയസ്സായിരുന്നു മരിക്കുമ്പോള്‍ പ്രായം. പത്തരവര്‍ഷം അദ്ദേഹം ഭരണം നടത്തി. നബി� യുടെയും അബൂബക്‌ര്‍ (റ)വിന്റേയും ഖബറുകള്‍ക്കു സമീപം മറമാടപ്പെട്ടു.
സവിശേഷതകള്‍
അതുല്യമായ നീതി നിര്‍വ്വഹണം, അനുപമമായ ധൈര്യം. സത്യത്തിന്റെ കാര്യത്തില്‍ ആരെയും കൂസാത്ത പ്രകൃതം, പ്രജകളോട്‌ അളവറ്റ സ്‌നേഹം, സഹിഷ്‌ണുത, സമഭാവന മുതലായ ഗുണങ്ങളില്‍ വിശ്രുതനാണ്‌ ഉമറുല്‍ ഫാറൂഖ്‌ (റ).
ഒരു ദിവസം ഒരു യാത്രാസംഘം വന്ന്‌ രാത്രിയില്‍ മസ്‌ജിദുന്നബവിയുടെ സമീപത്ത്‌ താവളമടിച്ചു. അവരറിയാതെ ഉമര്‍ (റ) അവര്‍ക്ക്‌ കാവലിരുന്നു. രാത്രിയില്‍ ആ സംഘത്തിലെ ഒരു കുട്ടി ഇടക്കിടെ കരഞ്ഞുകൊണ്ടിരുന്നു. ഉമര്‍ (റ) ചെന്ന്‌ ആ കുട്ടിയുടെ ഉമ്മയോട്‌ ചോദിച്ചു. എന്തിനാണ്‌ ഈ കുഞ്ഞ്‌ കരയുന്നത്‌, അതിന്‌ മുലകൊടുത്ത്‌ കരച്ചില്‍ മാറ്റിക്കൂടെ? ആ സ്‌ത്രീ പറഞ്ഞു: സഹോദരാ, മുലകുടി നിര്‍ത്തിയ കുഞ്ഞുങ്ങള്‍ക്കേ ഖലീഫ ഉമര്‍ റേഷന്‍ അനുവദിക്കുന്നുള്ളൂ. ഞാന്‍ എന്റെ കുഞ്ഞിന്റെ മുലകുടി നിര്‍ത്താന്‍ ശ്രമിക്കുകയാണ്‌. ഇതുകേട്ട്‌ ഉമര്‍ (റ) വിന്റെ മനസ്സ്‌ നൊമ്പരപ്പെട്ടു. അദ്ദേഹത്തിന്‌ കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അന്നു സ്വുബ്‌ഹ്‌ നമസ്‌കാരം കരഞ്ഞുകൊണ്ടാണ്‌ അദ്ദേഹം നിര്‍വ്വഹിച്ചത്‌. നമസ്‌കാരാനന്തരം അദ്ദേഹം ഉത്തരവിട്ടു. ഇസ്‌ലാമിക സാമ്രാജ്യത്തില്‍ പിറക്കുന്ന എല്ലാവര്‍ക്കും പ്രായവ്യത്യാസം കൂടാതെ റേഷന്‍ അനുവദിച്ചിരിക്കുന്നു.
കിസ്രാ ചക്രവര്‍ത്തിയുടെ, ഒരു ദൂതന്‍ ഉമര്‍ ഫാറൂഖ്‌ (റ) വിന്റെയും മുസ്‌ലിംകളുടെയും സ്ഥിതി അറിയാന്‍ മീദനയിലെത്തി. `ചക്രവര്‍ത്തി ഉമറെവിടെ'യെന്ന്‌, ആഗതന്‍ അന്വേഷിച്ചു. കുപ്പായം അഴിച്ചുവെച്ച്‌ ഒരു മരച്ചുവട്ടില്‍ സുഖമായി അദ്ദേഹം കിടന്നുറങ്ങുന്നതാണയാള്‍ കണ്ടത്‌. ഇതു കണ്ടപ്പോള്‍ ആ ദൂതന്‍ പറഞ്ഞു: ``ഇതാണോ രാജാക്കന്മാരൊക്കെ ഭയപ്പെടുന്ന ഉമര്‍! ഉമറേ, താങ്കള്‍ നീതി ചെയ്‌തു. അതുകൊണ്ട്‌ താങ്കള്‍ നിര്‍ഭയനായി സമാധാനത്തോടെ കിടന്നുറങ്ങുന്നു.''

No comments:

Post a Comment