സുബൈറുബ്‌നുല്‍ അവ്വാം (റ)

നബി(സ്വ)യുടെ പിതാമഹന്മാരില്‍പെട്ട ഖുസ്വയ്യുബ്‌നു കിലാബിന്റെ സന്താനപരമ്പരയിലെ ബനുഅസദ്‌ വംശത്തില്‍ ഹിജ്‌റയുടെ 28 വര്‍ഷം മുമ്പാണ്‌ സുബൈറുബ്‌നുല്‍ അവ്വാം (റ) ജനിച്ചത്‌. നബി(സ്വ)യുടെ അമ്മായി സഫിയ്യ (റ) ആണ്‌ അദ്ദേഹത്തിന്റെ മാതാവ്‌. ചെറുപ്പത്തില്‍തന്നെ പിതാവ്‌ അവ്വാം മരണപ്പെട്ടതിനാല്‍ മാതാവിന്റെ സംരക്ഷണത്തിലാണ്‌ വളര്‍ന്നത്‌. ജീവിതപരിശുദ്ധിയും ധീരതയും അദ്ദേഹത്തില്‍ വളര്‍ത്താന്‍ ആ നല്ല മാതാവ്‌ പ്രത്യേകം ശ്രദ്ധിച്ചു. 
ഇസ്‌ലാമിലെ ഏഴാമത്തെ അംഗമായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അന്ന്‌ പതിനാറ്‌ വയസ്സു മാത്രമാണ്‌ പ്രായം. സത്യത്തില്‍ തീവ്രത പുലര്‍ത്തിയും അല്ലാഹുവിന്റെ മതത്തെ വളരെ ഇഷ്‌ടപ്പെട്ടും, നബി(സ്വ)യുമായി നിത്യബന്ധം പുലര്‍ത്തിയും അദ്ദേഹം ജീവിച്ചു. യുവത്വവും ശക്തിയും, ചിന്തയും, ധനവുമെല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിച്ചു. എത്യോപ്യയിലേക്കും മദീനയിലേക്കും ഹിജ്‌റപോയി. അത്മീയ പരിശുദ്ധി പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ നബി(സ്വ) വളരെ സ്‌നേഹിച്ചു. നബി(സ്വ) പറഞ്ഞു: ``എല്ലാ പ്രവാചകന്‍മാര്‍ക്കും വളരെയടുത്ത സഹായികളുണ്ട്‌. എന്റെ അമ്മായിയുടെ മകന്‍ സുബൈറാകുന്നു എന്റെ സഹായി.'' അദ്ദേഹത്തിന്റെ ശ്രേഷ്‌ഠതയും മഹത്വവും വ്യക്തമാക്കുന്നതാണ്‌ നബി(സ്വ)യുടെ ഈ അംഗീകാരം. 
അദ്ദേഹത്തിന്റെ ധൈര്യവും പ്രവാചകന്റെ കല്‍പന നിറവേറ്റുന്നതിലുള്ള താല്‍പര്യവും പ്രകടമാക്കിയ നന്ദര്‍ഭമായിരുന്നു ഖന്തക്‌ യുദ്ധം. അന്ന്‌ രാത്രിയില്‍ ശത്രു പാളയത്തിലെ ശബ്‌ദ കോലാഹലം കേട്ടപ്പോള്‍ അതെന്താണെന്ന്‌ ആര്‌ അന്വേഷിച്ചുവരുമെന്ന്‌ നബി(സ്വ) മൂന്നു തവണ സഹാബികളോട്‌ ചോദിക്കുകയുണ്ടായി. ഓരോ തവണ ചോദിച്ചപ്പോഴും അദ്ദേഹം പറഞ്ഞു: ഞാന്‍ അന്വേഷിച്ചുവരാം. 
ബദര്‍ യുദ്ധത്തില്‍ അദ്ദേഹം തന്റെ വിശ്വാസവും നിഷ്‌കളങ്കതയും പ്രകടിപ്പിച്ചു. ശത്രുക്കളുടെ ശിരസ്സുകള്‍ അദ്ദേഹം അറുത്തെടുത്തു. അന്നു മുസ്‌ലിംകള്‍ക്ക്‌ രണ്ട്‌ കുതിരകളേ ഉണ്ടായിരുന്നുള്ളൂ. ഒരു കുതിരപ്പടയാളി സുബൈര്‍ (റ)വായിരുന്നു. ഉഹ്‌ദ്‌ യുദ്ധത്തില്‍ അദ്ദേഹം നബി(സ്വ)യുടെ കരം പിടിച്ച്‌ മരണം വരെ പോരാടാന്‍ തയ്യാറാണെന്ന്‌ പ്രതിജ്ഞ ചെയ്‌തു. മക്കാ വിജയത്തിനുപോയ സൈന്യത്തില്‍ മുഹജിറുകളുടെ ഒരു പതാക സുബൈര്‍ (റ)വിന്റെ വശമായിരുന്നു. അബൂബക്‌ര്‍ (റ)വിന്റെ കാലത്തുണ്ടായ യര്‍മൂക്ക്‌ യുദ്ധത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അന്ന്‌ വലിയ മുറിവുകള്‍ അദ്ദേഹത്തിനു പറ്റി. ഉമര്‍ (റ) അദ്ദേഹത്തെക്കുറിച്ച്‌ ഇപ്രകാരം അഭിപ്രായപ്പെട്ടു. `സുബൈര്‍ ഇസ്‌ലാമിന്റെ ഒരു തൂണാകുന്നു.''
നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: ``ത്വല്‍ഹത്തും സുബൈറും സ്വര്‍ഗ്ഗത്തില്‍ എന്റെ അയല്‍ക്കാരാണ്‌.'' ജിബ്‌രീല്‍ അദ്ദേഹത്തിന്‌ സലാം പറഞ്ഞിട്ടുണ്ടെന്ന്‌ ഒരിക്കല്‍ നബി(സ്വ)അദ്ദേഹത്തോട്‌ പറയുകയുണ്ടായി. 
അബൂബക്‌ര്‍ (റ) വിന്റെ മകള്‍ അസ്‌മാഅ്‌ (റ) യെയാണു സുബൈര്‍ (റ) വിവാഹം കഴിച്ചത്‌. അബ്ദുല്ല, ഉര്‍വത്ത്‌ എന്നീ രണ്ടുപ്രശസ്‌തരായ മക്കള്‍ അവര്‍ക്കുണ്ടായി. 
ജനസമ്മതനായിരുന്ന അദ്ദേഹത്തിന്റെ പക്കല്‍ ജനങ്ങള്‍ വസ്‌തുക്കള്‍ അമാനത്ത്‌ വെക്കാറുണ്ടായിരുന്നു. മരണസമയത്ത്‌ കട ബാദ്ധ്യതയുണ്ടായിരുന്ന അദ്ദേഹം മകന്‍ അബ്‌ദുല്ലയെ വിളിച്ചു പറഞ്ഞു: ``എന്റെ കടം നീ വീട്ടണം. നിനക്കതിനു കഴിയാതിരുന്നാല്‍ എന്റെ യജമാനനോട്‌ സഹായം തേടണം. ആരാണ്‌ അങ്ങയുടെ യജമാനന്‍? അബ്‌ദുല്ല ചോദിച്ചു. അല്ലാഹു; അദ്ദേഹം മറുപടി പറഞ്ഞു.''
ജമല്‍ യുദ്ധത്തില്‍ അദ്ദേഹം അലി (റ) വിന്നെതിരായിരുന്നുവല്ലോ. എങ്കിലും അലിയുടെ ഉപദേശം കേട്ടപ്പോള്‍ യുദ്ധത്തില്‍ നിന്നു പിന്മാറി മദീനയിലേക്കു മടങ്ങി. വഴി മദ്ധ്യേ അംറുബ്‌നു ജര്‍മൂസ്‌ അദ്ദേഹത്തെ ചതിയില്‍ കൊന്നു. ഈ സന്തോഷവാര്‍ത്തയുമായി അംറ്‌ സുബൈറിന്റെ വാളുമെടുത്ത്‌ അലിയുടെ അടുത്തെത്തി. മുഖം കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ അലി (റ) പറഞ്ഞു: ``സ്വഫിയ്യയുടെ പുത്രന്റെ ഘാതകന്‌ നരകമുണ്ടെന്നു സന്തോഷമറിയിക്കുക.'' സുബൈറിന്റെ വാളും കയ്യിലെടുത്ത്‌ ചുംബിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു: ``അല്ലാഹുവിന്റെ റസൂലിന്റെ വിഷമങ്ങള്‍ അകറ്റാന്‍ എത്രയോ തവണ പ്രയോഗിക്കപ്പെട്ട വാളാണിത്‌!''ഹിജ്‌റ 36ലാണ്‌ അദ്ദേഹം വധിക്കപ്പെട്ടത്‌.

No comments:

Post a Comment